രാകേഷ് റോഷന്‍റെ മുറിക്ക് പുറത്ത് സൽമാൻ ഖാനും ഷാരൂഖ് ഖാനും പടക്കം പൊട്ടിച്ചു, രണ്ടുപേരും നന്നായി ആസ്വദിച്ചിരുന്നു -'കരൺ അർജുൻ' ഷൂട്ടിങ് ഓർമകളുമായി അശോക് സർഫ്
text_fieldsരാകേഷ് റോഷൻ സംവിധാനം ചെയ്ത് 1995ൽ പുറത്തിറങ്ങിയ ബോളിവുഡ് ആക്ഷൻ-ഡ്രാമയാണ് 'കരൺ അർജുൻ'. സിനിമയുടെ സെറ്റിൽ പല രസകരമായ സംഭവങ്ങളും അരങ്ങേറിയിരുന്നു. ഇപ്പോഴിതാ കരൺ അർജുൻ ചിത്രീകരണത്തിനിടെ സൽമാൻ ഖാനും ഷാരൂഖ് ഖാനും ജോണി ലിവറും എങ്ങനെ ആസ്വദിച്ചിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് മുതിർന്ന നടൻ അശോക് സറഫ്.
സൽമാൻ ഖാനും ഷാരൂഖും എപ്പോഴും അവരുടെ സമയം ആസ്വദിച്ചിരുന്നു. നടൻ ജോണി ലിവറും അവരുടെ തമാശകളിൽ പങ്കുചേരുമായിരുന്നുവെന്നും അശോക് കൂട്ടിച്ചേർത്തു. ഷാരൂഖും സൽമാനും രാകേഷ് റോഷന്‍റെ മുറിക്ക് പുറത്ത് പടക്കം പൊട്ടിക്കുകയും ആളുകളെ കളിയാക്കാൻ വ്യാജ തോക്കുകൾ ഉപയോഗിച്ച് വെടിവെക്കുകയും ചെയ്യാറുണ്ട്. ഇത് സംഭവിക്കുന്നിടത്തൊന്നും ഞാൻ പോകാറില്ല. പ്രധാന വാതിൽ തുറക്കാൻ പറ്റില്ല. പക്ഷേ രണ്ടുപേരും നന്നായി ആസ്വദിച്ചിരുന്നു. അശോക് പറഞ്ഞു.
രാത്രിയിൽ തന്റെ മുറിക്ക് സമീപം തോക്കുകൾ പൊട്ടുന്നതും, കുപ്പികൾ പറക്കുന്നതും കേട്ട് ഉണർന്നതിനെ കുറിച്ച് രാകേഷ് റോഷനും ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ഇക്കാര്യം ഡോക്യുമെന്ററി പരമ്പരയായ ദി റോഷൻസിൽ ഷാരൂഖും സമ്മതിച്ചിട്ടുണ്ട്. സൽമാനും ഞാനും തമ്മിലുള്ള പെരുമാറ്റത്തിൽ, ഞാൻ അൽപ്പം മെച്ചപ്പെട്ടതായിരുന്നു. കുറഞ്ഞത് മുഖത്ത് നോക്കിയെങ്കിലും. 'ഞാൻ ഒന്നും ചെയ്തില്ല. ഇതെല്ലാം അദ്ദേഹം (സൽമാൻ) ചെയ്തതാണ്' എന്ന മട്ടിലായിരുന്നു ഞാൻ. ഞങ്ങൾ രണ്ട് ചെറിയ കുട്ടികളായിരുന്നു. സത്യം പറഞ്ഞാൽ ഒരു പിതാവിനെ ശല്യപ്പെടുത്തുന്ന ചെറിയ കുട്ടികളായിരുന്നു അന്ന് ഞങ്ങളെന്ന് ഷാരൂഖ് പറഞ്ഞിട്ടുണ്ട്.
പിതാവിന്റെ സ്വത്ത് അവകാശമായി ലഭിച്ചതിന് കരൺ, അർജുൻ എന്നീ രണ്ട് സഹോദരന്മാരെ അത്യാഗ്രഹിയായ അമ്മാവൻ ദുർജൻ സിങ് ക്രൂരമായി കൊലപ്പെടുത്തുന്നതിന്റെ കഥയാണിത്. അവരുടെ അമ്മ ദുർഗ നീതിക്കായി കാളി ദേവിയോട് പ്രാർത്ഥിച്ച് വർഷങ്ങൾക്ക് ശേഷം, അവരുടെ മക്കൾ വ്യത്യസ്ത കുടുംബങ്ങളിൽ അജയ്, വിജയ് എന്നീ പേരുകളിൽ പുനർജനിക്കുന്നതിനെ കുറിച്ചാണ് കരൺ അർജുൻ പറയുന്നത്. കരൺ അർജുനിൽ കജോൾ, രാഖി ഗുൽസാർ, അമരീഷ് പുരി എന്നിവരും അഭിനയിക്കുന്നുണ്ട്. റിലീസ് ചെയ്ത് 30 വർഷം പൂർത്തിയാക്കിയതിനെത്തുടർന്ന് അടുത്തിടെയാണ് ചിത്രം വീണ്ടും റീ റിലീസ് ചെയ്തത്.