മരിച്ചു കിടക്കുന്നത് സ്വന്തം ജീവൻ തന്നെയാകുമ്പോൾ മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ വന്ന് നിന്നാലും അറിഞ്ഞുകൊള്ളണമെന്നില്ല... -ഫേസ്ബുക്ക് കുറിപ്പ്
text_fieldsകോഴിക്കോട്: നടൻ ശ്രീനിവാസന് അന്തിമോപചാരമര്‍പ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയപ്പോൾ ധ്യാൻ ശ്രീനിവാസൻ എഴുന്നേറ്റ് ആദരവ് പ്രകടിപ്പിച്ചില്ലെന്ന സമൂഹമാധ്യമങ്ങളിലെ വിമർശനത്തിൽ പ്രതികരണവുമായി നടി ഷൈലജ പി. അംബു. മുന്നിൽ മരിച്ചു കിടക്കുന്നത് സ്വന്തം ജീവൻ തന്നെയാകുമ്പോൾ മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ വന്ന് നിന്നാലും അറിഞ്ഞുകൊള്ളണമെന്നില്ലെന്ന് നടി ഫേസ്ബുക്കിൽ കുറിച്ചു.
മലയാള സിനിമ ലോകത്തെ ഞെട്ടിച്ചുള്ള ശ്രീനിവാസന്‍റെ മരണവും അദ്ദേഹത്തിന്‍റെ സംഭാവനകളുമെല്ലാമായിരുന്നു കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്നത്. അന്തിമോപചരാമർപ്പിക്കാൻ എത്തിയ പ്രമുഖരുടെയും സാധാരണക്കാരുടെയും നീണ്ട നിരയുടെ ദൃശ്യങ്ങൾ ഏറെ പേർ യുട്യൂബിലും ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമായി കണ്ടു. ഇതിനിടയിലാണ് മുഖ്യമന്ത്രി അന്തിമോപചാരമര്‍പ്പിക്കാൻ എത്തിയപ്പോൾ ശ്രീനിവാസന്‍റെ മകനും നടനുമായ ധ്യാൻ ശ്രീനിവാസൻ എഴുന്നേറ്റ് ബഹുമാനിച്ചില്ലെന്ന വാദവുമായ ഏതാനും പേർ രംഗത്തെത്തിയത്.
ധ്യാൻ ചെയ്തത് ശരിയല്ലെന്ന് ഒരു വിഭാഗം വിമർശിച്ചപ്പോൾ, അച്ഛന്‍റെ വിയോഗത്തിലുള്ള ദുഃഖത്തിലായിരിക്കെ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് പോലും ശരിയല്ലെന്ന വിമർശനമാണ് ഭൂരിഭാഗം പേരും ഉയർത്തിയത്. ഈ സാഹചര്യത്തിലാണ് ഷൈലജ പി. അംബുവിന്‍റെ ഫേസ്ബുക്ക് കുറിപ്പ് വന്നിരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പ്
മുന്നിൽ മരിച്ചു കിടക്കുന്നത് സ്വന്തം ജീവൻ തന്നെയാകുമ്പോൾ
മുഖ്യമന്ത്രിയോ,
പ്രധാനമന്ത്രിയോ,
അമേരിക്കൻ പ്രസിഡൻ്റ് തന്നെയോ
മുന്നിൽ വന്ന് നിന്നാലും
അവരത് അറിഞ്ഞുകൊള്ളണമെന്ന് പോലുമില്ല.
ഇത്തരം സന്ദർഭങ്ങളിൽ
ജീവിതത്തോട് ചേർന്നു നിന്ന മനുഷ്യരെ
അവർ കെട്ടിപ്പിടിക്കും പൊട്ടിക്കരയും.
അതാണ് അവർ സത്യൻ അന്തിക്കാടിനോടൊപ്പം നിൽക്കുമ്പോൾ കണ്ടത്.
പുരുഷത്വത്തിന്റെ
കൊട്ടിഘോഷിക്കപ്പെടുന്ന ഒരു വെച്ച് കെട്ടലുകളും ഇല്ലാതെ
രണ്ട് സെലിബ്രിറ്റി ആണുങ്ങൾ
സ്വന്തം അച്ഛനു മുന്നിൽ നിന്ന് പൊട്ടികരയുന്നു.
അയ്യേ ആണുങ്ങൾ കരയുമോ ?
ആണുങ്ങൾ കരയും.
മനുഷ്യർ ഇങ്ങനെയാണ്.
ഇങ്ങനെ തന്നെ മനുഷ്യരായിരിക്കാനാണ് ശ്രീനിവാസൻ അവരെ വളർത്തിയത്.
ശ്രീനിവാസന്‍റെ വിയോഗം ധ്യാനിന്‍റെ ജന്മദിനത്തിൽ
ധ്യാൻ ശ്രീനിവാസന്‍റെ 37ാം ജന്മദിനത്തിലാണ് പിതാവ് ശ്രീനിവാസന്‍റെ വിയോഗമുണ്ടായത്. ശ്രീനിവാസനെ ഡയാസിസിന് കൊണ്ടുപോകുമ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയിൽ വെച്ച് അന്ത്യം സംഭവിക്കുകയുമായിരുന്നു. പിറന്നാൾ ദിനത്തിൽ പിതാവിന്‍റെ മൃതദേഹത്തിനരികിലിരുന്ന് ധ്യാൻ പൊട്ടിക്കരഞ്ഞ ദൃശ്യങ്ങൾ നൊമ്പരപ്പെടുത്തുന്നതായിരുന്നു.


