ചിരിച്ചൊഴിഞ്ഞ വിദൂഷകൻ
text_fieldsവേഷംകെട്ടി നിൽക്കുന്ന വിദൂഷകന് ആരെയും കളിയാക്കാമായിരുന്നു. കൂത്തുപറയുന്ന ചാക്യാർക്കും വേഷക്കൂടിനുള്ളിൽ ആ പദവിയുണ്ടായിരുന്നു. നമ്മുടെ പൊള്ളത്തരങ്ങളെ നോക്കി പൊട്ടിച്ചിരിക്കാനും ആക്ഷേപിക്കാനും ശ്രീനിവാസനോളം ലൈസൻസ് കിട്ടിയ മറ്റൊരു സിനിമക്കാരനും മലയാളത്തിലുണ്ടായിട്ടില്ല
എന്‍റെ തല, എന്‍റെ ഫുൾഫിഗർ എന്ന് ബലംപിടിച്ചുനിന്ന താരാധിപന്മാർക്കിടയിലാണ്, സകല നായകസങ്കൽപങ്ങളുടെയും തലമണ്ടക്കടിച്ച് ഒരു മുഴങ്ങുന്ന ചിരിയുമായി നാല് പതിറ്റാണ്ടിലേറെ മലയാളസിനിമയിൽ ശ്രീനിവാസൻ നിറഞ്ഞാടിയത്. മലയാള സിനിമക്കൊരു വിദൂഷകനുണ്ടായിരുന്നെങ്കിൽ അത് ശ്രീനിവാസനായിരുന്നു. രാജാവിനെ മുന്നിലിരുത്തി ചുട്ടെടുത്ത തമാശകളിലൂടെ പരിഹസിച്ചിരുന്ന വിദൂഷകനെക്കണക്ക് താരശരീരങ്ങളുടെ അളവുകോലുകളെ ഹാസ്യത്തിന്‍റെ അരച്ചുരികയാൽ അയാൾ അരിഞ്ഞുവീഴ്ത്തി.
തന്നെത്തന്നെ കെട്ടിപ്പുണർന്നു നിൽക്കുന്ന നാർസിസിസ്റ്റായി നായകൻ വെള്ളിത്തിര വാഴുമ്പോൾ അയാളുടെ മറുവശമെന്നപോലെ പരിഹാസത്തിന്‍റെ ഭാണ്ഡക്കെട്ടുകളെല്ലാം സ്വന്തം ചുമലിലേക്കെടുത്തുവെക്കുന്ന മറ്റൊരു കഥാപാത്രംകൂടി ഒട്ടുമിക്ക ശ്രീനിവാസൻ സിനിമകളിലുമുണ്ടാവും. അയാൾ പോളണ്ടിനെക്കുറിച്ച് മിണ്ടരുതെന്ന് കാർക്കശ്യപ്പെടും. ചന്തിയിൽ വെടികൊണ്ട മരുതായി പിന്നാമ്പുറത്ത് ചോരയൊലിപ്പിച്ച് നിൽക്കും.
നായകന്‍റെ വേഷപ്രച്ഛന്നം പൊളിക്കാൻ ജനാലയിലൂടെ ഒളിഞ്ഞുനോക്കി ചെകിട്ടത്ത് അടികൊണ്ട് ഓടും. ജ്യേഷ്ഠാനുജന്മാരെ പോലെ കഴിഞ്ഞവർക്ക് ‘ചെറിയ ബുദ്ധി’ ഉപദേശിച്ച് തമ്മിൽ തെറ്റിക്കും. സൂപ്പർ താരം ബാല്യകാലമോർത്ത് വിതുമ്പുന്ന വേദിക്കപ്പുറത്തിരുന്ന് പൊട്ടിക്കരയുന്ന ഒരു ക്ഷുരകനായി അയാളുണ്ടാവും.
ഇപ്പോൾ നായകന്മാർ വില്ലൻ വേഷം കെട്ടാൻ മടിക്കാത്തതുപോലെയല്ലാതിരുന്നൊരു കാലത്ത്, കോലംകെട്ട വേഷങ്ങളെ എഴുതിയുണ്ടാക്കി അതിനകത്തിരുന്ന് ആക്ഷേപഹാസ്യത്തിന്‍റെ വെടിക്കെട്ടുകൾ ഉതിർത്തു ശ്രീനിവാസൻ. മുന്നണി ഭേദമില്ലാതെ രാഷ്ട്രീയത്തിലെ പുഴുക്കുത്തുകളെ ഏറുപടക്കം കണക്കെ എറിഞ്ഞുപൊട്ടിച്ചു ചിരിച്ചു.
അഹന്തയുടെ പൂമുഖത്ത് ചാരുകസേരയിട്ടിരിക്കുന്ന തമ്പുരാക്കന്മർക്കിടയിൽ അമർത്തിപ്പിടിച്ച് ചിരിക്കുന്ന ശ്രീനിവാസനെ സിനിമയിലും പുറത്തും കാണാമായിരുന്നു. തന്‍റെത്തന്നെ തലക്കടിച്ച് അപഹസിക്കുമ്പോഴുണ്ടാകുന്ന ചിരിയൊച്ചയിൽ ആണഹങ്കാരത്തിന്‍റെ ഗോപുരങ്ങളിലേക്ക് കല്ലെറിയുകയായിരുന്നു ഒട്ടേറെ ശ്രീനിവാസൻ കഥാപാത്രങ്ങൾ ചെയ്തത്. മലയാളി നാട്യങ്ങളുടെ നടുമ്പുറത്ത് കിട്ടിയ പ്രഹരങ്ങളായി ആ ചിരികൾ മാറി.
പാട്യം ടു കോടമ്പാക്കം
നടനാണോ, എഴുത്തുകാരനാണോ, സംവിധായകനാണോ ശ്രീനിവാസൻ എന്നു ചോദിച്ചാൽ നടനായി എഴുത്തുകാരനായി സംവിധായകനായ ഒരാളാണെന്ന് പറയേണ്ടിവരും. 70കളുടെ പകുതിയിൽ സിനിമ സ്വപ്നംകണ്ട് കോടമ്പാക്കത്തേക്ക് വണ്ടികയറിയ അനേകം മലയാളികളിൽ ഒരാളായിരുന്നു ശ്രീനിവാസനും.
കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിനടുത്ത് പാട്യത്ത് 1956 ഏപ്രിൽ നാലിനായിരുന്നു ശ്രീനിവാസന്‍റെ ജനനം. പിതാവ് കമ്യൂണിസ്റ്റുകാരനായ ഉണ്ണി, മാതാവ് ലക്ഷ്മി. കതിരൂർ ഗവ. സ്കൂൾ, പഴശ്ശിരാജ എൻ.എസ്.എസ് കോളജ് എന്നിവിടങ്ങളിൽനിന്ന് പഠനം കഴിഞ്ഞായിരുന്നു അദ്ദേഹം മദ്രാസിലെ ഫിലിം ചേംബർ ഇൻസ്റ്റിറ്റ്യൂട്ടിൽ സിനിമ അഭിനയത്തിൽ ഡിപ്ലോമ എടുത്തത്. സൂപ്പർ സ്റ്റാറായി മാറിയ രജനീകാന്ത് സഹപാഠിയായിരുന്നു. ചിരഞ്ജീവി ജൂനിയറും.
1977ൽ പി.എ ബക്കറിന്‍റെ മണിമുഴക്കത്തിൽ അഭിനയിച്ചുകൊണ്ടായിരുന്നു തുടക്കം. ഇൻസ്റ്റിറ്റ്യൂട്ടിലെ സ്ഥിരം സന്ദർശകനായിരുന്ന ബക്കറുമായുള്ള സൗഹൃദമായിരുന്നു അതിനു വഴിതുറന്നത്. പിന്നീട് സലാം കാരശ്ശേരി നിർമിച്ച് ബക്കർ സംവിധാനം ചെയ്ത ‘സംഘഗാന’ത്തിൽ നായകനായി. ബക്കറുടെ സ്ഥിരം നായകനായിരുന്ന നടന് ദാരിദ്യ്ര ലുക്കില്ലാത്തതിനാലാണ് തന്നെ തെരഞ്ഞെടുത്തതെന്ന് പിൽക്കാലത്ത് ശ്രീനിവാസൻ തമാശയായി പറയുമായിരുന്നു.
കെ.ജി. ജോർജുമായുള്ള കൂട്ടുകെട്ട് ശ്രീനിവാസനിലെ പ്രതിഭക്ക് തെളിയാൻ അവസരമായി. മേള, യവനിക, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്, പഞ്ചവടിപ്പാലം തുടങ്ങിയ കെ.ജി. ജോർജ് സിനിമകളിലൂടെ നടനെന്ന മേൽവിലാസം സ്വന്തമാക്കി. 1984ൽ പ്രിയദർശന്‍റെ രണ്ടാമത്തെ ചിത്രമായ ‘ഓടരുതമ്മാവാ ആളറിയാം’ എന്ന സിനിമക്ക് എഴുതിക്കൊണ്ടായിരുന്നു ശ്രീനിവാസൻ തിരക്കഥാകൃത്തിന്‍റെ വേഷമിട്ടുതുടങ്ങിയത്. അത് ഒരു തുടക്കം മാത്രമായിരുന്നു.
പ്രിയദർശൻ-ശ്രീനിവാസൻ കൂട്ടുകെട്ടിൽ പിന്നെ ഹിറ്റുകളുടെ പരമ്പരയായിരുന്നു. ആ ഹിറ്റുകളാണ് മോഹൽലാൽ എന്ന നടനെ മലയാളികളുടെ ഏറ്റവും ജനപ്രിയ താരമാക്കി മാറ്റിയതും. പുന്നാരം ചൊല്ലിച്ചൊല്ലി, ബോയിങ് ബോയിങ് (സംഭാഷണം), അരം+അരം= കിന്നരം, മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു, ഹലോ മൈഡിയർ റോങ് നമ്പർ, വെള്ളാനകളുടെ നാട്, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, അക്കരെയക്കരെയക്കരെ, മിഥുനം, ചന്ദ്രലേഖ, കിളിച്ചുണ്ടൻ മാമ്പഴം (കഥ) എന്നീ ചിത്രങ്ങൾ പ്രിയൻ-ശ്രീനി കൂട്ടുകെട്ടിൽ പിറന്നവയാണ്.
അന്തിക്കാടൻ കൂട്ടുകെട്ട്
മോഹൻലാലിന്‍റെ താരപദവി ഉറപ്പിച്ച ഒരുപിടി ചിത്രങ്ങൾ പിറന്നത് സത്യൻ അന്തിക്കാട്-ശ്രീനിവാസൻ കൂട്ടുകെട്ടിലായിരുന്നു. ഒരുപക്ഷേ, ഇത്രയും ഹിറ്റുകൾ സൃഷ്ടിച്ച മറ്റൊരു കൂട്ടുകെട്ടും മലയാളത്തിലുണ്ടായിട്ടില്ല.
ടി.പി. ബാലഗോപാലൻ എം.എയിൽ തുടങ്ങിയ ആ ഐക്യമുന്നണി ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, സന്മനസ്സുള്ളവർക്ക് സമാധാനം, ശ്രീധരന്‍റെ ഒന്നാം തിരുമുറിവ്, നാടോടിക്കാറ്റ്, പട്ടണപ്രവേശം, വരവേൽപ്, തലയണമന്ത്രം, സന്ദേശം, ഗോളാന്തര വാർത്ത, ഇരട്ടക്കുട്ടികളുടെ അച്ഛൻ, നരേന്ദ്രൻ മകൻ ജയകാന്തൻ വക, യാത്രക്കാരുടെ ശ്രദ്ധക്ക് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയുടെ ഹിറ്റ് ചാർട്ട് കീഴടക്കി.
16 വർഷത്തെ ഇടവേളക്കു ശേഷം ഫഹദ് ഫാസിൽ നായകനായ ‘ഞാൻ പ്രകാശൻ’ ആയിരുന്നു ഈ കൂട്ടുകെട്ടിലെ ഒടുവിലത്തെ ചിത്രം. കമൽ, ലാൽജോസ്, റോഷൻ ആൻഡ്രൂസ് തുടങ്ങിയവർക്കൊപ്പവും ഹിറ്റ് സിനിമകൾ ചെയ്തു.
ശ്രീനിവാസനടനം
ഒരിക്കലും ഒരു സ്വാഭാവിക നടനായിരുന്നില്ല ശ്രീനിവാസൻ. അതിഭാവുകത്വത്തിന്‍റെ അംശം അൽപം കൂടുതലായി കലർത്തിയ നടനമായിരുന്നു അദ്ദേഹത്തിന്‍റെ ശൈലി. പക്ഷേ, മറ്റാര് ചെയ്താലും അരോചകമാകുമായിരുന്ന ആ വേഷങ്ങൾ ശ്രീനിവാസനിൽ ഭദ്രമായിരുന്നു. ഒരിട അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ പിടിവിട്ടുപോകുന്ന നൂൽപാലമായിരുന്നു ശ്രീനിവാസന്‍റെ അഭിനയം.
താനെഴുതിയ കഥകളിലെല്ലാം അപഹസിക്കപ്പെടുന്ന, ആക്ഷേപത്തിന് നിരന്തരം ഇരയാകുന്ന ഒരു കഥാപാത്രമുണ്ടെങ്കിൽ അത് മറ്റാർക്കും കൊടുക്കാതെ സ്വയമെടുത്തണിയുക, മറ്റാർക്കും കഴിയാത്തവിധം അഭിനയിച്ച് ഫലിപ്പിക്കുക എന്നത് ശ്രീനിവാസനാൽ മാത്രം കഴിയുന്ന തന്ത്രമായിരുന്നു.
ഒരു മറവത്തൂർ കനവിലെ മരുതും, തേന്മാവിൻ കൊമ്പത്തിലെ അപ്പക്കാളയും ഉദയനാണ് താരത്തിലെ സരോജ്കുമാറും ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റിലെ സേതുവിന്‍റെ സുഹൃത്തും ചന്ദ്രലേഖയിലെ നൂറും, അരം+അരം=കിന്നരത്തിലെ ഗോപീകൃഷ്ണനും സന്മനസുള്ളവർക്ക് സമാധാനത്തിലെ കാക്കിക്കുള്ളിലെ കലാകാരനായ എസ്.ഐയും പൊന്മുട്ടയിടുന്ന താറാവിലെ തട്ടാനും തലയണമന്ത്രത്തിലെ സുകുമാരനും പോലുള്ള കഥാപാത്രങ്ങൾ ശ്രീനിവാസനു മാത്രമായി ശ്രീനിവാസൻ സൃഷ്ടിച്ചതായിരുന്നു.
കറുത്ത ഹാസ്യത്തിൽ പൊതിഞ്ഞ വടക്കുനോക്കി യന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നീ സിനിമകൾ സംവിധാനം ചെയ്യാനെടുത്ത തീരുമാനത്തെക്കുറിച്ച് ശ്രീനിവാസൻ പറഞ്ഞത്, അത് മറ്റാരും ചെയ്താൽ ശരിയാകില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് എന്നായിരുന്നു. അരവിന്ദന്‍റെ ‘ചിദംബരം’, അവിര റബേക്കയുടെ തകരച്ചെണ്ട, ലാൽ ജോസിന്‍റെ ‘അറബിക്കഥ’, പാസഞ്ചറിലെ സത്യനാഥൻ, ട്രാഫിക്കിലെ കോൺസ്റ്റബ്ൾ സുദേവൻ, ഷട്ടറിലെ മനോഹരൻ, പത്തേമാരിയിലെ മൊയ്തീൻ തുടങ്ങിയ കഥാപാത്രങ്ങൾ ശ്രീനിവാസനിലെ നടനെ വെളിപ്പെടുത്തിയ വേഷങ്ങളാണ്.
വിവാദനായകൻ
മലയാളത്തിലെ സൂപ്പർ താരങ്ങളുടെ ശൈലികളും രീതികളും സിനിമക്കകത്തുനിന്നുകൊണ്ടുതന്നെ ആക്ഷേപഹാസ്യത്തിന് വിധേയനാക്കിയ മറ്റൊരാൾ ശ്രീനിവാസനെപോലുണ്ടാകില്ല. മോഹൻലാലും മമ്മൂട്ടിയും ആ വിമർശനത്തിന് ഇരയായിട്ടുണ്ട്. അവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയ സിനിമകളിൽ പോലും കളിയാക്കാൻ പറ്റിയ സന്ദർഭങ്ങൾ ശ്രീനിവാസൻ കൂട്ടിച്ചേർത്തിട്ടുണ്ട്. അപ്പോഴും പിണക്കങ്ങളില്ലാതെ അവരുമായി അവസാനം വരെ സൗഹൃദം നിലനിർത്താനും അദ്ദേഹത്തിനായി.
പക്ഷേ, ആ ആക്ഷേപഹാസ്യങ്ങളുടെ പേരിൽ താരരാജാക്കന്മാരുടെ ഫാൻസിന്‍റെ ആക്രമണവും നേരിടേണ്ടിവന്നു. ഫാൻസ് കൃഷി നശിപ്പിക്കുന്ന വെട്ടുകിളിക്കൂട്ടമാണെന്ന് പച്ചാളം ഭാസിയെക്കൊണ്ട് മറുപടി പറയിച്ചായിരുന്നു (ഉദയനാണ് താരം) ശ്രീനിവാസൻ തിരിച്ചടിച്ചത്.
സമകാലിക രാഷ്ട്രീയത്തെ അതിനിശിതമായി വിമർശിച്ച സിനിമകളിലൂടെ രാഷ്ട്രീയക്കാരുടെയും വിവാദപ്പട്ടികയിൽ ശ്രീനിവാസന്‍റെ പേരുണ്ടായിരുന്നു. സന്ദേശം, വരവേൽപ്, വെള്ളാനകളുടെ നാട് തുടങ്ങിയ സിനിമകളിലൂടെ ശ്രീനിവാസൻ ഉന്നയിച്ച രാഷ്ട്രീയം ഒരേസമയം സ്വീകാര്യതയും എതിർപ്പും നേടി.
വേഷംകെട്ടി നിൽക്കുന്ന വിദൂഷകന് ആരെയും കളിയാക്കാമായിരുന്നു. കൂത്തുപറയുന്ന ചാക്യാർക്കും വേഷക്കൂടിനുള്ളിൽ ആ പദവിയുണ്ടായിരുന്നു. നമ്മുടെ പൊള്ളത്തരങ്ങളെ നോക്കി പൊട്ടിച്ചിരിക്കാൻ ശ്രീനിവാസനോളം ലൈസൻസ് കിട്ടിയ മറ്റൊരു സിനിമക്കാരനും മലയാളത്തിലുണ്ടായിട്ടില്ല.


