ലാൽ സാഹേബ്
text_fieldsദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം രാഷ്്ട്രപതി ദ്രൗപതി മുർമുവിൽനിന്ന് മോഹൻലാൽ സ്വീകരിക്കുന്നു
ലാസ്യവും ഹാസ്യവും ശൗര്യവുമെല്ലാം നിമിഷാർഥംകൊണ്ട് വേഷപ്പകർച്ച നടത്തുന്ന അഭിനയത്തിന്റെ മായാജാലക്കാരൻ, മലയാളത്തിന്റെ ഒരേയൊരു മോഹൻലാൽ... മഞ്ഞിൽ വിരിഞ്ഞ പൂവായി വിടർന്ന് നാലരപതിറ്റാണ്ടിലേറെ നക്ഷത്രതിളക്കമായി നിറഞ്ഞുനിൽക്കുന്ന, മോഹൻലാലിനെ തേടി ചലചിത്ര രംഗത്തെ പരമോന്നത ബഹുമതിയും എത്തിയിരിക്കുന്നു. മലയാളികളുടെ സ്വന്തം ലാലേട്ടന്റെ അഭിനയ ജീവിതത്തിലൂടെ ഒരു തിരനോട്ടം
മോഹൻലാലിനൊരു ശീലമുണ്ട്. തിരുവനന്തപുരത്തും എറണാകുളത്തും ചെന്നൈയിലും ഊട്ടിയിലും ദുബൈയിലുമെല്ലാം സ്വന്തം വീടുകളുണ്ടെങ്കിലും ഹോട്ടൽമുറികളിൽനിന്ന് ഹോട്ടൽ മുറികളിലേക്കുള്ള യാത്രയാണല്ലോ ലാലിന്റെ ജീവിതം. ഒന്നും രണ്ടും മാസം തുടർച്ചയായി ഹോട്ടൽമുറിയിൽ കഴിയുക എന്നത് ബോറടിയായി മാറും. ഇത് മറികടക്കാൻ ലാൽ ഒരു പൊടിക്കൈ ചെയ്യും.
താമസിക്കുന്ന ഹോട്ടൽ മുറികൾ ഏറ്റവും മനോഹരമായി അലങ്കരിക്കും. മറ്റൊരർഥത്തിൽ പറഞ്ഞാൽ ലാലിന്റെ വീട്ടിലെ മുറിയും സ്വകാര്യ ലോകവും ആ ഹോട്ടൽ റൂമുകളിലേക്ക് പരകായപ്രവേശം നടത്തും. ഓരോ ദിവസവും ഓരോ അലങ്കാരങ്ങൾ. ഒരേ മുറിതന്നെ. പക്ഷേ, എല്ലാ ദിവസവും പുതിയ മുറിയായി ഫീൽ ചെയ്യും.
ശൗര്യമേറിയ കാളക്കൂറ്റനായും ലാസ്യഭാവമുള്ള മാൻകിടാവായും നിമിഷാർഥംകൊണ്ട് വേഷപ്പകർച്ച സാധ്യമാകുന്ന അഭിനയത്തിന്റെ ഈ ഒടിവിദ്യക്കാരന്റെ കഥാപാത്രങ്ങൾ കാണിക്കുന്ന മായാജാലവും അതുതന്നെയാണ്... നമ്മൾ കാണുന്നത് ഒരേ ലാലിനെ... ആകാരം, മാനറിസം, സംഭാഷണശൈലി... മുടി ചീകുന്നതുപോലും ഒരേപോലെ... പക്ഷേ, വിരൽത്തുമ്പിന്റെയോ കണ്ണിന്റെയോ പുരികക്കൊടിയുടെയോ ചെറുചലങ്ങൾകൊണ്ട് അയാളത് അലങ്കരിക്കുമ്പോൾ അതിലെല്ലാം വേറെ വേറെ ലാൽ! ഒരേ ചിരിയും ഒരേ തോൾചരിവും ഒരേ മീശപിരിയും കൊണ്ടയാൾ പ്രണയിക്കുമ്പോഴും ക്ഷോഭിക്കുമ്പോഴും ചിരിപ്പിക്കുമ്പോഴും കരയിക്കുമ്പോഴുമെല്ലാം നമ്മൾ ഇതുവരെ അനുഭവിച്ചറിഞ്ഞത് മുന്നൂറിലേറെ മനുഷ്യരെ!
‘രംഗ’ത്തിലെ അപ്പുണ്ണി എന്ന കഥകളി കലാകാരന്റെ കൂടുവിട്ട് ‘വാനപ്രസ്ഥ’ത്തിലെ കുഞ്ഞിക്കുട്ടനിലേക്ക് കൂടുമാറിയപ്പോഴുള്ള ഭാവമാറ്റം തനതായ കഥാപാത്ര വ്യാഖ്യാനത്തിന്റെ അപൂർവ സൗന്ദര്യമാണ് നമുക്ക് സമ്മാനിച്ചത്. എന്നാൽ, ഈ നർത്തകരെ പോലെയേ അല്ല ‘കമലദള’ത്തിലെ നന്ദഗോപൻ. ‘കിഴക്കുണരും പക്ഷി’യിലെ അനന്തുവും ‘ദേവദൂതനി’ലെ വിശാൽ കൃഷ്ണമൂർത്തിയും സംഗീതജ്ഞരാണ്. ഓർക്കസ്ട്രയെ നയിക്കുമ്പോഴുള്ള വിരലിന്റെ ചെറുചലനംകൊണ്ട് ഒരേ ലാൽ ഇവരെ രണ്ട് മനുഷ്യരാക്കി. ‘ഭരത’ത്തിലെ ഗോപിയോ ‘ഹിസ് ഹൈനസ് അബ്ദുല്ല’യിലെ അബ്ദുല്ലയോ (അനന്തൻ നമ്പൂതിരി) ‘ചിത്ര’ത്തിലെ വിഷ്ണുവോ പാടുന്നത് ഈ രണ്ട് മനുഷ്യരെപ്പോലെയേ അല്ല.
‘ടി.പി. ബാലഗോപാലൻ എം.എ’യിലെയും ‘സന്മനസ്സുള്ളവർക്ക് സമാധാന’ത്തിലെയും ‘വരവേൽപി’ലെയും ‘വെള്ളാനകളുടെ നാടി’ലെയും നായകന്മാരുടെ പ്രാരബ്ധങ്ങളും നിസ്സഹായതയും നിഷ്കളങ്കതയുമെല്ലാം ഒരേ മാനറിസത്തോടെയാണെങ്കിലും അംഗപ്രത്യംഗം നടിച്ച് ലാൽ വേറെ വേറെ മനുഷ്യരാക്കി നമ്മെ വിസ്മയിപ്പിക്കുന്നത് അഭിനയകലയുടെ ഏത് തിയറിയിൽ ഒതുക്കും? നാച്ചുറലും ബിഹേവിങ്ങും ഡ്രമാറ്റിക്കും എല്ലാം ചേർന്നൊരുക്കുന്ന അഭിനയത്തിന്റെ ജുഗൽബന്ദിയെന്നോ!
‘‘പതിനേഴാം വയസ്സിൽ അഭിനയരംഗത്തു വന്നു. വേഷങ്ങളിൽനിന്ന് വേഷങ്ങളിലേക്ക് യാത്ര തുടരുന്നു. ഇപ്പോഴും എനിക്ക് പൂർണമായി ഉറപ്പില്ലാത്ത ഒരു കാര്യമുണ്ട്. ഒരു ചോദ്യം. ഇത് ശരിയായി ചെയ്യുന്നതിൽ ഞാൻ വിജയിച്ചിട്ടുണ്ടോ? ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല. കഥാപാത്രങ്ങളുടെ തന്മയീഭാവത്തെപ്പറ്റി പലരും ചോദിക്കാറുണ്ട്. അതിന് കൃത്യമായൊരു മറുപടി എനിക്കില്ല. ഒരു കഥാപാത്രത്തെ ഏറ്റെടുക്കുമ്പോൾ ജീവിതത്തെയും വ്യക്തികളെയും നിരീക്ഷിക്കാറുണ്ട് എന്ന് പല നടന്മാരും പറഞ്ഞുകേട്ടിട്ടുണ്ട്.
എനിക്ക് അത്തരം ഹോംവർക്ക് ചെയ്ത് അഭിനയിക്കാൻ സാധിക്കില്ല. അങ്ങനെ സാങ്കേതികമായി പഠിച്ചുറപ്പിച്ച് അഭിനയിക്കാൻ എനിക്കിന്നേവരെ സാധിച്ചിട്ടില്ല. എന്റെയുള്ളിൽ കഥാപാത്രത്തിന്റെ അപ്പോഴത്തെ മൂഡും അയാളുടെ പശ്ചാത്തലവും മാത്രമേ ഉണ്ടാവാറുള്ളൂ. പിന്നെയെല്ലാം എന്തോ ഭാഗ്യത്തിനങ്ങ് സംഭവിക്കുന്നു എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. ഏതൊക്കെയോ സുകൃതങ്ങൾകൊണ്ട് എല്ലാം നടന്നുപോകുന്നു’’ -ഇന്ത്യയിൽ ഒരു ചലച്ചിത്ര പ്രവർത്തകന് ലഭിക്കാവുന്ന പരമോന്നത പുരസ്കാരമായ ദാദാ സാഹെബ് ഫാൽക്കെ അവാർഡിന്റെ നിറവിൽ നിൽക്കുമ്പോഴും മലയാളികൾ നെഞ്ചിലേറ്റിയ ആണത്തവും ലാളിത്യവുമുള്ള വിസ്മയാഭിനയത്തിന്റെ ഉടമയുടെ വാക്കുകളിൽ ‘ലാലിത്യം’.
47 ലാൽക്കാലം
നാലര പതിറ്റാണ്ടിലേറെയായി മലയാള സിനിമയിൽ രണ്ട് ഋതുഭേദങ്ങളേയുള്ളൂ- ലാൽക്കാലവും മമ്മൂട്ടിക്കാലവും. പ്രദര്ശനദിനങ്ങളുടെ എണ്ണമെടുത്ത് സിനിമ ഹിറ്റാണോയെന്ന് നിർണയിച്ച കാലം മുതൽ ഒ.ടി.ടി തുകയും ഇൻഡസ്ട്രി ഹിറ്റിന്റെ പെരുമയും വാഴുന്ന ഇക്കാലത്തും വിജയത്തിന്റെ ‘ഇരട്ടപ്പേരുകൾ’ മമ്മൂട്ടിയും ലാലും തന്നെയാണ്. കോടികളുടെ കണക്കെടുത്ത് ആഗോള ഹിറ്റുകൾ ചരിത്രം സൃഷ്ടിച്ചപ്പോഴും അവക്കൊപ്പം ലാലിന്റെ പേര് ചേർത്തുവെക്കപ്പെട്ടു. ‘ദൃശ്യ’ങ്ങളും ‘പുലിമുരുകൻ’, ‘ലൂസിഫർ’, ‘എമ്പുരാൻ’, ‘തുടരും’ എന്നിവയുമൊക്കെയായി ആഗോള മാർക്കറ്റിലേക്കും ആ തോൾ ചരിച്ചുള്ള നടത്തമെത്തി.
മലയാള സിനിമയുടെയും 47 വർഷത്തെ മോഹൻലാലിന്റെ കരിയറിന്റെയും വളർച്ച വിലയിരുത്തിയാൽ ഒരു സമാന്തരത ദൃശ്യമാകും. വില്ലൻ വേഷങ്ങളിൽനിന്നും സഹനായകനിലേക്കും തുടർന്ന് നായകസ്ഥാനത്തേക്കും അവിടെനിന്ന് സൂപ്പർതാര പദവിയിലേക്കുമുള്ള ലാലിന്റെ ജൈത്രയാത്ര മലയാള സിനിമയുടെ ചരിത്ര വളർച്ചയുടെ സുവർണഘട്ടം കൂടിയായിരുന്നു.
‘‘ഈ നേട്ടം എന്റേതു മാത്രമല്ല, ഇത് മുഴുവൻ മലയാള സിനിമക്കുകൂടി അവകാശപ്പെട്ടതാണ്. മലയാള സിനിമാ വ്യവസായത്തിന്റെ പാരമ്പര്യത്തിനും ക്രിയാത്മകതക്കും പ്രതിരോധത്തിനും ലഭിക്കുന്ന ആദരവാണ് ഈ പുരസ്കാരം. ദാർശനികമായ കാഴ്ചപ്പാടും കലാപരമായ പാരമ്പര്യവുംകൊണ്ട് മലയാള സിനിമയെ പരുവപ്പെടുത്തിയ എല്ലാവർക്കും വേണ്ടിയാണ് ഞാനിത് സ്വീകരിച്ചത്. വർധിച്ച ആത്മവീര്യത്തോടെ സിനിമക്കൊപ്പമുള്ള യാത്ര തുടരാനുള്ള കരുത്താണ് എനിക്ക് ലഭിച്ചിരിക്കുന്നത്’’ - ലാൽ പറയുന്നു.
ഒരേസമയം കലാമൂല്യമുള്ള സിനിമകളുടെ ഭാഗമായും ഏറ്റവും വാണിജ്യമൂല്യമുള്ള താരമായും നിലനിൽക്കുന്ന ലാലിനെ വെള്ളവുമായി ഉപമിക്കുന്നവരുണ്ട്. ഒഴിക്കുന്ന പാത്രത്തിന്റെ ആകൃതിക്കൊത്ത് മാറാൻ കഴിയുമെന്നതുകൊണ്ടാണത്. പ്രായത്തിൽ മുതിർന്നവർക്ക് പോലും അദ്ദേഹം ലാലേട്ടനാകുന്നത് തിരശ്ശീലയില് പകര്ന്നാടിയ കഥാപാത്രങ്ങളുടെ അഭിനയ പൂർണതകൊണ്ടു മാത്രമല്ല, ചിരിയിലും സംസാരത്തിലും എന്തിന് ഒരു നോട്ടം കൊണ്ടുപോലും ഹൃദയത്തോട് അടുത്തുനിൽക്കുന്നയാൾ എന്ന വിശ്വാസമുണ്ടാക്കി നേടിയെടുത്തതാണ് ആ വിളിപ്പേര്.
എത്രയോ താരോദയങ്ങൾക്കും അസ്തമയങ്ങൾക്കും ശേഷവും ഈ നടൻ ഇന്ത്യൻ സിനിമയിലെ നിത്യവിസ്മയമായി നിലനിൽക്കുന്നത് അഭിനയത്തോട് പുലർത്തുന്ന ആത്മാർഥമായ നിത്യോപാസന കൊണ്ടുമാത്രമാണ്. ഒരു കഥാപാത്രത്തെയോ കഥാസന്ദർഭത്തെയോ സർഗാത്മകമായ പൂർണതയോടെ അഭിനയിച്ച് പ്രതിഫലിപ്പിക്കാൻ കഴിയുന്നതും അതുകൊണ്ട് തന്നെ. ധ്യാനപൂർണമായ സമർപ്പണത്തിലൂടെ കഥാപാത്രത്തിലേക്ക് സന്നിവേശിച്ച് തൻമയത്വത്തോടെ അഭിനയിച്ചനുഭവിപ്പിക്കുകയാണ് ലാൽ ചെയ്യുന്നത്.
അഭിനയത്തിന്റെ അനായാസതയും സ്വാഭാവികതയും തങ്ങളുടെ ജീവിതത്തോട് ചേർന്ന് നിൽക്കുന്ന കഥാപാത്രസൃഷ്ടിയുമാണ് ലാലിനെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവനാക്കിയത്. മലയാളി നിത്യജീവിതത്തിൽ നേരിടുന്ന നിസ്സഹായതയുടെയും ഇഷ്ടപ്പെടുന്ന നിഷ്കളങ്കതയുടെയും സ്വപ്നം കാണുന്ന വീരസ്യത്തിന്റെയുമൊക്കെ അനേകം അവസ്ഥാന്തരങ്ങളെ അഭിനയിച്ച് ഫലിപ്പിച്ചതും അദ്ദേഹത്തിന്റെ ജനപ്രീതി വർധിപ്പിച്ചു.
മോഹൻലാലിന്റെ ഒരു കഥാപാത്രമെങ്കിലും മനസ്സിൽ കുടിയേറിയിട്ടില്ലാത്ത ഒരു സിനിമാപ്രേമിയും കേരളത്തിലുണ്ടാകില്ല. വൈവിധ്യപൂർണമായ കഥാപാത്രങ്ങളെ അനായാസമായും സ്വാഭാവികമായും അഭിനയിച്ച് ഫലിപ്പിച്ച് നേടിയ കുടിയേറ്റമാണത്. തൂക്കുകയറിന്റെ മരണവൃത്തത്തിൽ ദയ കാത്തുകഴിയുന്ന സത്യനാഥനായും (സദയം) പൊലീസ് തൊപ്പിക്ക് പകരം തെരുവുഗുണ്ടയുടെ മുൾക്കിരീടം അണിയേണ്ടി വന്ന സേതുമാധവനായും (കിരീടം) പ്രണയിനിയുടെ പിതാവിന്റെ ദുരഭിമാനപ്പകയിൽ കോമ അവസ്ഥയിലേക്ക് പോകേണ്ടിവരുന്ന വിനോദായും (താളവട്ടം) കരയിപ്പിക്കുമ്പോൾ തന്നെ, ‘ഒരാളുടെ തന്തയ്ക്ക് വിളിച്ചപ്പോൾ എന്തൊരു സുഖം’ എന്നുപറഞ്ഞ് (അധിപൻ) ചിരിപ്പിച്ചും അതികായ മല്ലന്റെ കരുത്തുകാട്ടി (മലൈക്കോട്ടൈ വാലിബൻ) വിസ്മയിപ്പിച്ചും മുണ്ട് മടക്കിക്കുത്തി മംഗലശ്ശേരി നീലകണ്ഠന്റെ പൗരുഷം കാട്ടി (ദേവാസുരം)ആവേശപ്പെടുത്തിയുമൊക്കെ പ്രേക്ഷക മനസ്സിൽ മോഹനാഭിനയത്തിന്റെ ലാൽ സ്പർശമേകാൻ കഴിഞ്ഞിടത്താണ് ഈ നടന്റെ വിജയവും.
കൊമ്പന്റെ കരുത്തോടെ എതിരാളികളെ നിഷ്പ്രഭമാക്കിയ ‘തുടരും’ സിനിമയിലെ ബെൻസിന്റെ വീരഭാവത്തിൽനിന്ന് ജ്വല്ലറി പരസ്യത്തിൽ സ്ത്രൈണ ഭാവത്തിലേക്ക് കൂടുമാറി അഭിനയം മോഹനമായൊരു അനുഭവമാക്കുന്ന ലാൽ ഭാവങ്ങൾക്ക് എന്നും നിത്യയൗവനമാണ്. ‘നരനി’ലെയും ‘ആറാം തമ്പുരാനി’ലെയും കഥാപാത്രങ്ങളുടെ വീരസ്യം മാത്രമല്ല, ജീവിതയാഥാർഥ്യങ്ങൾക്ക് മുന്നിലെ അവരുടെ നിസ്സഹായതയുടെ വ്യസനവും പ്രേക്ഷകരെക്കൊണ്ട് ഏറ്റെടുപ്പിക്കുന്നതിലും ലാൽ വിജയിച്ചിട്ടുണ്ട്.
മൂന്നു തലമുറയെ കണ്ട ‘തിരനോട്ടം’
‘കൂട്ടുകുടുംബ’ത്തിൽനിന്ന് പിറവിയെടുത്ത മോഹൻലാലിന്റെ ആദ്യ സിനിമ ‘തിരനോട്ടം’ തിരശ്ശീലയിലെത്തിയില്ല. പക്ഷേ, പ്രേക്ഷക സമൂഹത്തിന്റെ മൂന്ന് തലമുറയെ തിരശ്ശീലയിലൂടെ കണ്ടുകൊണ്ടേ ഇരിക്കുകയാണ് ലാൽ. പ്രേക്ഷകരുടെ മാത്രമല്ല മലയാളത്തിലെ എണ്ണംപറഞ്ഞ അഭിനേതാക്കളുടെയും തിരക്കഥാകൃത്തുക്കളുടെയും സംവിധായകരുടെയും മൂന്ന് തലമുറക്കൊപ്പം ലാൽ സ്വച്ഛന്ദം ഒഴുകുന്നു. ഫാസിൽ, ഭരതൻ, പത്മരാജൻ, ഐ.വി. ശശി എന്നിവരിൽനിന്ന് സത്യൻ അന്തിക്കാട്, പ്രിയദർശൻ, സിബി മലയിൽ, ഭദ്രൻ, ഷാജി കൈലാസ്, ബ്ലസി എന്നിവരിലേക്കും അവിടെനിന്ന് ജിത്തു ജോസഫ്, വൈശാഖ്, വി.എ. ശ്രീകുമാർ, തരുൺ മൂർത്തി എന്നിവരിലേക്കുമൊക്കെ ലാൽ അനായസം ഒഴുകി.
അതിനിടെ, അരവിന്ദൻ (വാസ്തുഹാര), ആർ. സുകുമാരൻ (പാദമുദ്ര), ഷാജി എൻ. കരുൺ (വാനപ്രസ്ഥം) തുടങ്ങിയവർക്കൊപ്പം സമാന്തരമായും നടന്നു. അഭിനയത്തിന്റെ ഈ സൂക്ഷ്മദർശിനിയെ മറുനാടിനും പ്രിയങ്കരനാക്കിയത് മറ്റൊന്നല്ല. എം.ജി.ആറിൽനിന്ന് പ്രചോദനം കൊണ്ട് സൃഷ്ടിച്ച ആനന്ദ് ആയി ആര് വേണമെന്ന് (ഇരുവർ) മണിരത്നവും മുംബൈ അധോലോകത്തെ പിടിച്ചുകെട്ടാനെത്തുന്ന കമീഷണർ (കമ്പനി) ആരാകണമെന്ന് റാം ഗോപാൽ വർമയും രണ്ടാമതൊന്ന് ആലോചിക്കാഞ്ഞതും അതുകൊണ്ടുതന്നെ.
നടനെന്ന നിലയിൽ സിനിമയിൽ മാത്രമല്ല, നാടകത്തിലും ലാൽ മലയാളത്തെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. കർണനായി ‘കർണഭാരം’ എന്ന സംസ്കൃതനാടകത്തിലും മലയാള നോവലുകളിലെ പത്തുകഥാപാത്രങ്ങളായി ‘കഥയാട്ട’ത്തിലും അദ്ദേഹം അഭിനയത്തിന്റെ പുതിയ മാനങ്ങൾ കാട്ടി. ഗായകനായും (കൈതപ്പൂവിൻ, നാത്തൂനേ നാത്തൂനേ, ആറ്റുമണൽ പായയിൽ തുടങ്ങിയവ) ആസ്വാദക മനസ്സിൽ ഇടം കണ്ടെത്തി. ‘ബറോസി’ലൂടെ സംവിധായകന്റെ കുപ്പായവുമണിഞ്ഞു. ഇതെല്ലാം കണക്കിലെടുത്താണ് ഇന്ത്യ അഭിമാനത്തോടെ ലോകത്തോട് വിളിച്ചുപറഞ്ഞത്- ‘ഇതാ ഞങ്ങളുടെ കംപ്ലീറ്റ് ആക്ടർ. അല്ല, കംപ്ലീറ്റ് ആർട്ടിസ്റ്റ്’ എന്ന്.
‘സുവിശേഷങ്ങളേക്കാൾ ഞാൻ ദുഷിപ്പുകൾ ഇഷ്ടപ്പെടുന്നു’
‘വാനപ്രസ്ഥം’ നിർമിച്ചതുവഴി ലാലിന് വൻ സാമ്പത്തിക ബാധ്യതയുണ്ടായി. അതിൽ ഖേദമറിയിച്ചവരോട് ‘‘കാൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ പതാക പാറാൻ ‘വാനപ്രസ്ഥം’ കാരണമായി. അതിനുവേണ്ടി എനിക്ക് നഷ്ടപ്പെട്ട പണത്തിന്റെ കണക്കിന് പ്രസക്തിയില്ല’’ എന്നായിരുന്നു ലാലിന്റെ പ്രതികരണം. അതിസമ്പന്നനാണെന്നും ധൂർത്തനാണെന്നും പണത്തിന് ആർത്തിയുള്ളവനാണെന്നുമൊക്കെയുള്ള ആരോപണങ്ങളെ ചിരിച്ചുതള്ളാൻ ലാലിന് കഴിയുന്നതും ഈ പ്രതിബദ്ധത സിനിമയോട് ഉള്ളതുകൊണ്ടാണ്.
‘‘എന്റെ സമ്പാദ്യത്തിന്റെ മുഖ്യഭാഗവും സിനിമയിൽത്തന്നെയാണ് നിക്ഷേപിച്ചിരിക്കുന്നത്. ലാഭത്തിലധികം നഷ്ടമുണ്ടായിട്ടുമുണ്ട്. പണ്ട് ഒരു ട്രാഫിക് ബോധവത്കരണ കാമ്പയിനിൽ ഞാൻ പറഞ്ഞിരുന്നു ‘ജീവിതത്തിൽ റീ ടേക്കുകൾ ഇല്ലെന്ന്’. അതുപോലെതന്നെ സിനിമയിൽ പണം നഷ്ടപ്പെട്ടാൽ പിന്നെ തിരിച്ചെടുക്കലുകളില്ല. പണത്തെ എനിക്ക് ബഹുമാനമാണ്. അച്ഛൻ അതിഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കിടന്നപ്പോൾ വിലപിടിപ്പുള്ള മരുന്നുകൾ കൊണ്ടുവന്ന് കുറെ നാളത്തേക്കെങ്കിലും അദ്ദേഹത്തിന്റെ ജീവിതം നീട്ടിക്കൊണ്ടുപോകാൻ കഴിഞ്ഞപ്പോൾ ഞാൻ പണത്തിന് നന്ദി പറഞ്ഞു.
ഒപ്പം പണമില്ലാത്തതുകൊണ്ടുമാത്രം ജീവിതം ഗതികെട്ട്, സ്തംഭിച്ചുനിൽക്കുന്ന പാവങ്ങളെ ഓർത്ത് ദുഃഖിക്കുകയും ചെയ്യുന്നു. ഈ അടുത്തകാലത്താണ് ഞാൻ പണം കൃത്യമായി സ്വരൂപിക്കാൻ തുടങ്ങിയത്. പെരുപ്പിച്ചു പറയുന്നത്ര വലിയ സമ്പത്തൊന്നുമില്ല. എങ്കിലും ഇത്രയും കാലത്തെ എന്റെ അധ്വാനത്തിന്റെ സമ്പാദ്യമുണ്ട്. പക്ഷേ, ആയിരം രൂപ ചില്ലറയാക്കി തന്നാൽ കൃത്യമായി എണ്ണാൻ എനിക്ക് കഴിയില്ല. സ്വന്തമായി ഒരു പേഴ്സുപോലും ഞാൻ കൊണ്ടുനടക്കാറില്ല. അത് എവിടെയെങ്കിലും വെച്ച് മറന്നുപോകുമോ എന്ന പേടിയാണ്. പണത്തിനോട് അടുത്തുനിൽക്കുന്നത്ര അകൽച്ചയും ഞാൻ കാണിക്കാറുണ്ട്.’’ - അഭിനയത്തിന്റെ രസതന്ത്രക്കാരന്റെ സാമ്പത്തികശാസ്ത്രം ഇത്ര സിംപിളാണ്.
മലയാളികളാൽ ഏറെ സ്നേഹിക്കപ്പെടുമ്പോഴും പല കാര്യങ്ങളിലും അതിതീവ്രമായി വിമർശിക്കപ്പെടാറുമുണ്ട് ലാൽ. കാമ്പുള്ള വിമർശനങ്ങളെ തിരിച്ചറിയുകയും അംഗീകരിക്കുകയും സ്വയം തിരുത്തുകയും ചെയ്യാറുണ്ടെന്ന് ലാലും സമ്മതിക്കുന്നു. എന്നാൽ, തനിക്കുനേരേ വരുന്ന വിമർശനങ്ങളിൽ മുഖ്യപങ്കും സർഗാത്മകമല്ലെന്ന തിരിച്ചറിവുമുണ്ട്.
നല്ല ചിന്തയിൽനിന്നല്ലാതെയുണ്ടാകുന്ന വിമർശനങ്ങളെ അവഗണിക്കാൻ ഓഷോ രജനീഷിനെയാണ് ലാൽ കൂട്ടുപിടിക്കുന്നത്. ‘സുവിശേഷങ്ങളേക്കാൾ ഞാൻ ദുഷിപ്പുകൾ ഇഷ്ടപ്പെടുന്നു’ (‘I like gossips more than the gospels.’) എന്ന പ്രസിദ്ധമായ ഓഷോ വാക്യമാണ് ലാലിന് ആ കരുത്തു നൽകുന്നത്.
‘‘മദ്യത്തിന്റെയും ജ്വല്ലറിയുടെയും പരസ്യങ്ങളിൽ അഭിനയിച്ചപ്പോഴാണ് എനിക്കെതിരെ വിമർശനശരങ്ങളുയർന്നത്. ഞാൻ ‘വൈകിട്ടെന്താ പരിപാടി?’ എന്ന് ചോദിക്കുന്നതിനു മുമ്പ് കേരളത്തിൽ കുടിയന്മാരില്ലായിരുന്നുവെന്ന് തോന്നിപ്പോകും അതൊക്കെ കേൾക്കുമ്പോൾ. മദ്യം എന്ന വാക്കുപോലും ഉപയോഗിക്കാത്ത ക്രിയേറ്റിവ് ആയ പരസ്യമായിരുന്നു അത്. അങ്ങനെയെങ്കിൽ എന്റെ സിനിമകളിലെ മദ്യപാനരംഗം കണ്ടല്ലേ ഏറ്റവുമധികം ജനങ്ങൾ മദ്യപാനത്തിലേക്ക് വരേണ്ടത്? സ്വർണം തീർച്ചയായും നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. സമ്പാദ്യം നമ്മൾ സ്വർണത്തിൽ നിക്ഷേപിക്കുക എന്നത് അത്രയും സാധാരണമാണ്. പക്ഷേ, ഏതൊരു കാര്യവും അമിതമായാൽ അപകടമാണ്. മദ്യമായാലും സ്വർണമായാലും മതമായാലും രാഷ്ട്രീയമായാലും ആത്മനിയന്ത്രണമുള്ള മനുഷ്യനെ ഇല്ലാതാക്കാൻ ഒരു ബാഹ്യശക്തിക്കും ആവില്ല’’ - വിമർശനങ്ങളോടുള്ള ലാൽ തിയറി ഇങ്ങനെ പോകുന്നു.
ചില പ്രത്യയശാസ്ത്രങ്ങളെ പരിപോഷിപ്പിക്കുന്നു എന്ന ആരോപണത്തിനും ലാലിന് മറുപടിയുണ്ട്. ‘‘ഒരു ‘സവർണ ഫാഷിസ്റ്റ്’ ആയി മുദ്രകുത്തപ്പെട്ടപ്പോഴെല്ലാം ഞാൻ അതിനെയെല്ലാം അവഗണിച്ചിട്ടേയുള്ളൂ. ചിലപ്പോൾ മറുപടി പറയണമെന്ന് തോന്നും. അപ്പോഴെല്ലാം എന്റെയുള്ളിൽ ചിരിപൊട്ടും. കാരണം, എന്റെ കുറെ സിനിമകളിലെ പേരും അതിന്റെ അന്തരീക്ഷവും വെച്ചിട്ടാണല്ലോ ഈ ആരോപണങ്ങൾ ഉയരുന്നത്.
ആ സിനിമകളെല്ലാം യാതൊരു ഹിഡൻ അജണ്ടയുമില്ലാതെ വ്യവസായ വിജയം മാത്രം മുന്നിൽക്കണ്ട് ഉണ്ടാക്കിയതാണെന്ന് എനിക്ക് ബോധ്യമുള്ളതുകൊണ്ടാണ് ചിരിവരുന്നത്. ഇസ്ലാമിക പശ്ചാത്തലമുള്ള, ഇന്ത്യൻ മാനമുള്ള സിനിമയായ ‘പരദേശി’യിൽ വലിയകത്ത് മൂസയായി അഭിനയിച്ച ആളാണ് ഞാൻ. ‘അലിഭായ്’ ആകാനും എനിക്ക് വിഷമമുണ്ടായില്ല. ആരോപണക്കാർ ഇതിനെപ്പറ്റിയൊന്നും പറയില്ല. ചന്ദനക്കുറി കാണുമ്പോൾ ഹിന്ദുവിരോധവും നിസ്കാരത്തഴമ്പ് കാണുമ്പോൾ ഇസ്ലാം വിരോധവും ഉണരുന്നത് ഒരു മനോരോഗമാണ്. അതിനു മരുന്നില്ല’’ -അതെ, വിമർശകരോട് ‘പോ മോനെ ദിനേശാ’ എന്ന് പറയാനും ലാലിനറിയാം.
രാഷ്ട്രീയ നിലപാടിലുമുണ്ട് ‘ലാലിസം’
ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരലബ്ധിക്കു ശേഷം ലാൽ നേരിട്ട ചോദ്യങ്ങളിലൊന്ന് രാഷ്ട്രീയ പ്രവേശത്തെക്കുറിച്ചാണ്. അതിനും കൃത്യമായ മറുപടി നൽകുകയാണ് ലാൽ. ‘‘എനിക്കങ്ങനെ പ്രത്യേകിച്ച് ഒരു രാഷ്ട്രീയമില്ല. ഇതിനർഥം പ്രത്യേകമായ ഒരു കൊടിയുടെ കീഴിലും ഞാനില്ല എന്നാണ്. ഉന്നതശീർഷരായ നേതാക്കന്മാർ ഉണ്ടാകുമ്പോഴാണ് രാഷ്ട്രീയത്തോട് നമുക്ക് താൽപര്യം തോന്നുന്നത്. അങ്ങനെയാരും ഇപ്പോഴില്ല. നമ്മുടെ രാഷ്ട്രീയബോധം രൂപപ്പെടുത്തിയെടുക്കുന്ന കോളജ് പഠനകാലത്തും അത്തരം നേതാക്കളുള്ളതായി എനിക്ക് തോന്നിയിട്ടില്ല. ഗാന്ധിജി, നെഹ്രു, നേതാജി സുഭാഷ്ചന്ദ്ര ബോസ്, രാജേന്ദ്രപ്രസാദ് തുടങ്ങിയവരൊക്കെയാണ് നമ്മുടെ മനസ്സിൽ ഇന്നും യശസ്വികളായ നേതാക്കളായി ഉയർന്നുനിൽക്കുന്നത്.
ഇവരാരും ഏതെങ്കിലും കൊടിയുടെ കീഴെനിന്ന് മുദ്രാവാക്യം വിളിക്കുന്ന നേതാക്കളായിരുന്നില്ല. ഓരോരുത്തരും ഓരോ ഇതിഹാസങ്ങളായിരുന്നു. രാവണനെപ്പോലെയാവണം ഒരു രാജ്യാധിപൻ എന്ന് തോന്നിയിട്ടുണ്ട്. ലോകത്തെ എല്ലാ വിശിഷ്ടവസ്തുക്കളും ലങ്കയിൽ വേണം, എല്ലാ ഐശ്വര്യവും എന്റെ രാജ്യത്തിനു വേണം എന്നായിരുന്നു രാവണന്റെ പ്രതിജ്ഞയും വാശിയും. അത്തരം ഒരാളെയാണ് എന്റെ മനസ്സ് പ്രതീക്ഷിക്കുന്നത്. ഒരിക്കൽ ദുബൈയിൽ ഒരു ഹോട്ടലിൽ വെച്ച് അവിടത്തെ ഭരണാധികാരിയും യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മഖ്തൂം നടന്നുപോകുന്നത് കണ്ടു. അദ്ദേഹത്തിന്റെ കണ്ണുകളാണ് ഞാൻ ശ്രദ്ധിച്ചത്. തിളക്കത്തോടെ അവ പറയുന്നുണ്ടായിരുന്നു -‘I Want to make my country’. അത്തരം നേതാക്കന്മാർ വരുമ്പോൾ ഞാൻ രാഷ്ട്രീയത്തിന്റെ മുൻപന്തിയിലുണ്ടാവും.’’ - രാഷ്ട്രീയ നിലപാടുകളിലെ ‘ലാലിസം’ ഇതാണ്.
ഉള്ളിൽ പുതിയൊരു ലോകം വിടർത്തിയ ഓഷോ
അംഗീകാരങ്ങളെ തലക്കനമില്ലാതെയും വിമർശനങ്ങളെ വൈരാഗ്യമില്ലാതെയും സ്വീകരിക്കാൻ ലാലിനെ പ്രാപ്തനാക്കുന്നത് ഓഷോയുടെ ദർശനങ്ങളാണ്. അതിനും വ്യാപകമായ പരിഹാസവും വിമർശനങ്ങളുമുണ്ടായി. പക്ഷേ, അതേക്കുറിച്ചും വ്യക്തമായ ബോധ്യങ്ങൾ ഉള്ളതുകൊണ്ട് ലാൽ പതറിയില്ല.
‘‘ഒരിക്കൽ കോയമ്പത്തൂർ ആര്യവൈദ്യശാലയിൽ നടുവേദനക്കു ചികിത്സയിൽ കഴിയുമ്പോഴാണ് ഞാൻ ആദ്യം ഓഷോയെ കേൾക്കുന്നത്. ചികിത്സക്കിടെ പുസ്തകം വായിക്കാനോ ടി.വി കാണാനോ ആരെങ്കിലുമായി സംസാരിക്കാനോ കഴിയുമായിരുന്നില്ല. അവിടത്തെ ഡോക്ടറാണ് ഓഷോയുടെ സെലിബ്രേഷൻ എന്ന പ്രഭാഷണത്തിന്റെ കാസറ്റ് തരുന്നത്. കണ്ണടച്ച് അതുകേട്ടു കിടന്നപ്പോഴാണ് എനിക്കുള്ളിൽ പുതിയൊരു ലോകം വിടർന്നത്. അതുവരെ അനുഭവിക്കാത്ത എന്തോ ഒന്ന്. അതിനുശേഷം ഓഷോയുടെ നിരവധി പുസ്തകങ്ങൾ വായിച്ചു.
പുണെയിൽ അദ്ദേഹത്തിന്റെ ആശ്രമത്തിൽ പോയി. ‘ഞാൻ പറഞ്ഞതൊന്നും നിങ്ങൾ വിശ്വസിക്കണം എന്നില്ല. രാവിലെ ഒരു പക്ഷിയുടെ പാട്ട് നിങ്ങൾ കേൾക്കുന്നത് അത് വിശ്വസിച്ചിട്ടല്ല. ഇഷ്ടപ്പെട്ടിട്ടാണ്. അതുപോലെ നിങ്ങളും എന്നെ കേൾക്കുക’ എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഈയൊരു സ്വാതന്ത്ര്യമാണ് എന്നെ വശീകരിച്ചത്.
ഇപ്പോഴും ഞാൻ ഓഷോയെ വായിക്കുന്നു, ആദരിക്കുന്നു. എന്റെ അഭിപ്രായത്തിൽ ലോകത്തിന് ഇന്ത്യ സംഭാവനചെയ്ത ഏറ്റവും പ്രതിഭാശാലിയായ വ്യക്തികളിലൊരാളാണ് അദ്ദേഹം. ഏറ്റവും മനോഹരവും സ്നേഹഭരിതവും അഹങ്കാരശൂന്യവുമായ ജീവിതദർശനം ഞാൻ വായിച്ചത് ഓഷോയുടെ ശവകുടീരത്തിലാണ്. Osho- Never Born, Never Died.Only visited this Planet Earth between December 11, 1931 and January 19, 1990
(ഓഷോ - ജനിച്ചതുമില്ല, മരിച്ചിട്ടുമില്ല. 1931 ഡിസംബർ 11നും 1990 ജനുവരി 19നുമിടയിൽ ഈ ഭൂമി സന്ദർശിച്ചെന്നു മാത്രം). എവിടെനിന്നോ വന്ന് എങ്ങോട്ടോ പറന്നുപോകുന്ന കാറ്റുപോലെ ജീവിതത്തിലൂടെ കടന്നുപോവാൻ ഈ വരികളാണ് എന്നെ പ്രചോദിപ്പിക്കുന്നത്.’’