കൈനീട്ടവും ഈത്തപ്പഴവും
text_fieldsശ്രീകുമാരൻ തമ്പി
മലയാളത്തിന്റെ എക്കാലത്തെയും അഭിമാനം ശ്രീകുമാരൻ തമ്പിക്ക് വിഷുവെന്നാൽ ഓർമകളുടെ വേലിയേറ്റമാണ്. കൈനീട്ടവും ഈത്തപ്പഴവും ചേർന്നുകിടക്കുന്ന മധുരിക്കുന്ന ഓർമകളുടേതുകൂടിയാണ്. പറയാനേറെയുള്ള മനുഷ്യൻ. ഓരോവാക്കിലും താൻ കടന്നുവന്നവഴികൾ. എല്ലാ വിഷുക്കാലവും അദ്ദേഹത്തിന്റെ ഓർമയിൽ തെളിഞ്ഞുനിൽക്കുന്നുണ്ട്...
മേടമാസത്തിലെ ചൂട്. കാറ്റുപോലും നിലച്ച പോലെ. എല്ലാ പ്രതിസന്ധിയേയും അതിജീവിച്ച് സ്വർണപ്പൂക്കൾ നിറഞ്ഞിരിക്കുന്നു. അതെ, വിഷുക്കാലമല്ലേ. കണിക്കൊന്നയല്ലേ. പൂക്കാതിരിക്കുന്നതെങ്ങനെ... കണിക്കൊന്ന ഓർമപ്പെടുത്തലാണ്. മണ്ണിന്റെ മണമുള്ള വിളവെടുപ്പിന്റെ കാലമാണ്. നീക്കിയിരിപ്പിന്റെ കാലംകൂടിയാണ്. മലയാളത്തിന്റെ എക്കാലത്തെയും അഭിമാനമായ ശ്രീകുമാരൻ തമ്പിക്ക് വിഷുവെന്നാൽ ഓർമകളുടെ വേലിയേറ്റമാണ്. കൈനീട്ടവും ഈത്തപ്പഴവും ചേർന്നുകിടക്കുന്ന മധുരിക്കുന്ന ഓർമകളുടേതുകൂടിയാണ്. ജീവിതത്തിന്റെ കയ്പുകളോടൊപ്പം ആ കാലത്തെ ഓർത്തെടുക്കുകയാണ് ശ്രീകുമാരൻ തമ്പി. പറയാനേറെയുള്ള മനുഷ്യൻ. ഓരോവാക്കിലും താൻ കടന്നുവന്നവഴികൾ. തന്നെ ഞാനാക്കിയ അനുഭവങ്ങളുടെ പൊള്ളിച്ചകൾ. എല്ലാ വിഷുക്കാലവും ഈ ഓർമകളിലുണ്ട്... ഓർമകളുടെ കെട്ടഴിച്ച് വിടുംപോലെ... തമ്പി സാർ മനസ്സ് തുറക്കുന്നു...
എന്റെ കുട്ടിക്കാലത്ത് വിഷുക്കൈനീട്ടം മാത്രമായിരുന്നു വരുമാനം. അക്കാലത്ത് പണം ലഭിക്കുന്ന ഏക മാർഗം. ശരിക്കും ഞങ്ങൾ ചിറക്കൽ കോവിലകത്തുനിന്നു വന്ന ക്ഷത്രിയരാണ്. തിരുവനന്തപുരത്തെത്തി നായൻമാരായതാണ്. തികച്ചും ക്ഷത്രിയ പാരമ്പര്യമാണ് കുടുംബത്തിനുള്ളത്. മരുമക്കത്തായത്തിന്റെയും കൂട്ടുകുടുംബ വ്യവസ്ഥയുടെയും അവസാനകാലം. അതാണ്, എന്റെ കുട്ടിക്കാലം. അമ്മാവനാണ് കുടുംബത്തിന്റെ എല്ലാം. അന്നത്തെ, ഞങ്ങളുടെ കുടുംബനാഥൻ. ശരിക്കും പറഞ്ഞാൽ സ്വന്തം അമ്മാവനല്ല. അമ്മയുടെ കസിനായിരുന്നു അത്. പക്ഷേ, മരുമക്കത്തായത്തിൽ കസിൻസില്ല. അച്ഛന് ഒരു പ്രാധാന്യവും കുടുംബത്തിലില്ല. പുതിയ കാലത്തിന് അത്, സങ്കൽപിക്കാൻ പറ്റില്ല. ആ കാലഘട്ടത്തിൽ അമ്മയുടെ കസിനായ കുമാരൻ തമ്പിയാണ് കാരണവർ. അദ്ദേഹം മന്ത്രവാദിയും വൈദ്യരുമായിരുന്നു. അദ്ദേഹത്തിന്റെ പേരാണ് എനിക്ക് ലഭിച്ചത്. അന്ന് ക്ഷത്രിയർക്ക് ഭ്രഷ്ട് വന്ന വേളയിൽ തിരുവിതാംകൂർ മഹാരാജാവ് തന്നത് തമ്പിസ്ഥാനമാണ്. നാടുവിട്ട് വന്നാൽ അന്ന് ഭ്രഷ്ട് വരും. നദി കടന്നാൽ ഭ്രഷ്ട്. ഓരോ ദേശത്തിന്റെയും അതിർത്തി കടന്നാൽ ഭ്രഷ്ടാണ് അന്ന്. പിന്നീട് നായർ സമുദായവുമായി ചേർന്നു. എന്റെ അപ്പൂപ്പനാണ് കുടുംബത്തിലെ ആദ്യത്തെ നായർ. 200വർഷം മുമ്പാണത്.
കൈനീട്ടവും ഈത്തപ്പഴവും
എനിക്ക് വിഷുക്കാലം കൈനീട്ടത്തിന്റെയും ഈത്തപ്പഴത്തിന്റെയും കാലമാണെന്ന് പറഞ്ഞല്ലോ, അതിലേക്ക് വരാം. കുമാരൻ തമ്പിക്ക് സ്വന്തം സഹോദരിയും മക്കളും മരുമക്കളുമൊക്കൊ ഉണ്ടല്ലോ. അവർക്ക് കൊടുക്കുന്ന അത്രയും വിഷുക്കൈനീട്ടം ഞങ്ങൾക്ക് തരില്ല. ഉദാഹരണത്തിന് അവർക്ക് ഒരു രൂപ കൊടുക്കുകയാണെങ്കിൽ എനിക്ക് അര രൂപയേ തരൂ. എന്നെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ചത് അതാണ്. അമ്മക്കും വലിയ പ്രയാസമായിരുന്നു. പക്ഷേ, അങ്ങേരെ ചോദ്യം ചെയ്യാനൊന്നും പറ്റില്ല. സ്വന്തമെന്ന വാക്കിനെന്തർഥം എന്ന് എഴുതാൻ കാരണം അതാണ്. ആറു വയസ്സിൽ തന്നെ ഈ ചിന്ത കടന്നുകൂടി. അന്ന് എനിക്ക് ഏറ്റവും ഇഷ്ടം ഈത്തപ്പഴമായിരുന്നു.
അക്കാലത്ത് ഇന്നത്തെപ്പോലെ ചോക്ലറ്റുകളൊന്നും ഉണ്ടായിരുന്നില്ല. വെറും നാടൻ മിഠായികളാണുള്ളത്. ചർക്കര മിഠായി, നാരങ്ങാമിഠായി എന്നിങ്ങനെ ചുരുക്കം. ഈത്തപ്പഴം ഇന്നത്തെപ്പോലെ എല്ലാ കടയിലും കിട്ടില്ല. ഹരിപ്പാട് ഞങ്ങളുടെ സുബ്രഹ്മണ്യക്ഷേത്രമുണ്ട്. അതിന്റെ നിഴലിലാണ് എന്റെ വീട്. അതുകൊണ്ടാണ് അമ്പലത്തെ കുറിച്ചൊക്കെയുള്ള ഒരു പാട് ഇമേജുകൾ മനസ്സിൽ കയറിക്കൂടിയത്. അക്കാലത്ത് ടൈംടേബിൾ അമ്പലവുമായി ബന്ധപ്പെട്ടാണ്. ഇന്ന പൂജ കഴിയുന്നതുവരെ പഠിക്കണം. ആഹാരം കഴിക്കണം എന്നൊക്കെയാണ്. ആ അമ്പലത്തിൽ ഉത്സവം മേടമാസത്തിലാണ്. വിഷുവിന് കൊടിയേറി. പത്ത് ദിവസത്തെ ഗംഭീര ഉത്സവം.
ആ ഉത്സവം വരാൻ ഞാൻ കാത്തിരിക്കും. കാരണം ആ ഉത്സവ ചന്തയിൽ ഈത്തപ്പഴം വരും. വിഷുകൈനീട്ടം കിട്ടുേമ്പാൾ തന്നെ ഉത്സവം തുടങ്ങും. അപ്പോൾ ഉത്സവത്തിന്റെ പ്രധാന ആഘോഷം എനിക്ക് ഈത്തപ്പഴം തീറ്റയാണ്. കൈനീട്ടം കിട്ടിയ പൈസക്ക് ആരും കണക്ക് ചോദിക്കില്ല. സ്വതന്ത്രമായി ഉപയോഗിക്കാം. ഞാനും എന്റെ സഹോദരങ്ങളും ഇങ്ങനെ തന്നെയായിരുന്നു. ഇന്നെനിക്ക് ഇൗത്തപ്പഴം വേണ്ട. ഏത് കടയിലും കിട്ടും. പലതരം കിട്ടും. അന്ന്, ഈച്ചയടിച്ച ഈത്തപ്പഴമാണ് വാങ്ങുന്നത്. ചന്തയിൽ ചുമ്മാ ഒരു പലകപ്പുറത്ത് വെച്ചിരിക്കും. ഇന്ന് യഥേഷ്ടം കിട്ടുമെങ്കിലും അന്നത്തെ ഈത്തപ്പഴത്തിനാണ് മധുരം. വിഷുവിനെ കുറിച്ചുള്ള എന്റെ ആദ്യത്തെ ഓർമ ഈ വിഷുക്കൈനീട്ടവും ഈത്തപ്പഴവും തന്നെയാണ്.
വിഷുവും എഴുത്തും
വിഷുക്കാലത്തെ കുറിച്ച് ഏറെയൊന്നും എഴുതിയിട്ടില്ല. ‘വിഷുക്കൈനീട്ടം’ എന്ന കവിതയുണ്ട്.
‘‘വിഷുക്കൈനീട്ടത്തിനായി നീ ഇളം കൈനീട്ടവെ, വിറകൊള്ളുന്നു ചിത്തം...’’ എന്ന് കവിതയിൽ എഴുതി. അത്, എന്റെ അനുഭവമല്ല. സാങ്കൽപികമാണ്. കൈനീട്ടം കൊടുക്കാനില്ലാത്ത സഹോദരന്റെ ദുഃഖം. ഇന്നിപ്പോൾ ആരും ആർക്കും വിഷുക്കൈനീട്ടം കൊടുക്കും. പക്ഷേ, പഴയകാലം ഇങ്ങനെയല്ല. മുതിർന്നവർ ഇളയവർക്കാണ് കൊടുക്കുക. ഒരിക്കലും മകൻ അമ്മക്ക് വിഷുക്കൈനീട്ടം അന്ന് കൊടുക്കുകയില്ല.
എത്ര ഉയർന്ന മകനാണെങ്കിലും അങ്ങനെയാണ്. പുതുതലമുറയിലേക്ക് സമ്പത്ത് കൈമാറുകയെന്ന വിശാലമായ അർഥം ഇതിനുള്ളിൽ ഒളിച്ചിരിപ്പുണ്ട്. ‘‘വിഷുക്കണി കാണാൻ ഉണരൂ’’ എന്ന് തുടങ്ങുന്ന പാട്ടെഴുതി. കവിതകൾ ഏറെയുണ്ട്. നമ്മുടെ ഓരോ ആഘോഷവും പ്രകൃതിയുമായി അടുപ്പിച്ച് നിർത്തുന്നവയാണ്. വന്നുവന്ന് നാം ആഘോഷം മാത്രം സ്വന്തമാക്കി. പ്രകൃതിയെ അകറ്റി.
േബ്ലക്ക് ബേഡ് എന്ന പേന
എട്ടാം ക്ലാസിൽ പഠിക്കുേമ്പാഴാണ് പൂക്കുല എന്ന കൈയെഴുത്ത് മാസിക ഞാൻ തയാറാക്കുന്നത്. അതിന്റെ കവർ മുതൽ എല്ലാം ഒരുക്കിയത് ഞാനാണ്. കൂടെ പഠിച്ച ചിലർ ടീച്ചർമാരോട് പരാതി പറയും. അധ്യാപിക ജാനമ്മയുടെ മുന്നിൽ പരാതിയെത്തി. എവിടെ ‘പൂക്കുല’ കാണട്ടെയെന്ന് ചോദിച്ചു. ഞാൻ പുസ്തകങ്ങൾക്കടിയിൽനിന്നും ‘പൂക്കുല’ എടുത്തു. പഠിക്കാതെ ‘പൂക്കുല’കൊണ്ട് നടക്കുകയാണോയെന്നായി ചോദ്യം. ഞാനൊന്നും മിണ്ടിയില്ല. പഠനകാര്യത്തിൽ എന്നെക്കുറിച്ച് പരാതി പറയാൻ കഴിയില്ല. ഞാൻ നന്നായി പഠിക്കുന്ന കുട്ടിയാണ്. ഒരു ദിവസം കൂടെ പഠിക്കുന്ന ശ്യാമള വന്ന് പറഞ്ഞു, തമ്പിയുടെ ‘പൂക്കുല’ ടീച്ചേഴ്സിന്റെ മേശപ്പുറത്തുണ്ട്, തല്ല് ഉറപ്പാണ്.
എന്റെ പ്രധാനാധ്യാപകൻ ചന്ദ്രശേഖരൻ നായരാണ്. ഒരു ദിവസം പ്രധാനാധ്യാപകൻ എന്നെ വിളിപ്പിച്ചു. അദ്ദേഹത്തിന്റെ മേശപ്പുറത്ത് ചൂരൽവടിയുമുണ്ട്. ‘പൂക്കുല’ മാസികയുമുണ്ട്. അടി ഉറപ്പിച്ചു. എന്നോട് ചോദിച്ചു. മുഴുവൻ തമ്പി എഴുതിയതാണോ? ഈ പടമൊക്കെ തമ്പി വരച്ചതാണോ? ഞാൻ പറഞ്ഞു, അതെയെന്ന്. പെട്ടെന്ന് അദ്ദേഹം തമ്പിയെ സ്കൂൾ സാഹിത്യസമാജം സെക്രട്ടറിയായി നോമിനേറ്റ് ചെയ്തിരിക്കുന്നുവെന്ന് പറഞ്ഞു. എന്നിട്ട് േബ്ലക്ക് ബേഡ് എന്ന് അറിയപ്പെടുന്ന മഷിപ്പേന സമ്മാനിച്ചു. ഇനി പേനവെച്ച് എഴുതണമെന്ന് ഉപദേശിച്ചു. പിന്നീട് മുതിർന്നപ്പോൾ ഞാൻ അദ്ദേഹത്തെ കുറിച്ച് അന്വേഷിച്ചെങ്കിലും കാണാൻ കഴിഞ്ഞില്ല. എന്റെ ജീവിതത്തിലെ ആദ്യത്തെ അവാർഡാണ് ആ പേന.
ബന്ധുവാര്, ശത്രുവാര്...
സിനിമയിൽ വന്നിട്ട് 58 വർഷമായി. 85 വയസ്സായി. സെൽഫ് ഡിസിപ്ലിനാണ് പ്രധാനം. മദ്യപിച്ചിട്ടില്ല. പുകവലിച്ചിട്ടില്ല. അതാണെന്റെ വിജയം. വലിയ ജന്മി തറവാട്ടിൽ ജനിച്ചിട്ട് ഫീസ് കൊടുക്കാൻ കഴിവില്ലാത്തവനായിരുന്നു. എന്റെ അമ്മ ആരുടെയും സഹായം സ്വീകരിക്കാറില്ല. ഏതെങ്കിലും ബന്ധുവീട്ടിൽ പോകേണ്ടി വന്നാൽ എന്നെ പഠിപ്പിക്കുന്നത് എന്താണെന്നോ അവിടന്ന് ആഹാരം കഴിക്കരുതെന്നാണ്. എന്റെ അഭിമാനം ദുരഭിമാനമായി മാറിയോ എന്ന് സംശയമുണ്ട്. അമ്മയുടെ മൂത്ത സഹോദരന് 43 വയസ്സാണ്. ഭാഗംവെക്കുന്ന സമയത്ത് അമ്മക്ക് 11 വയസ്സാണ്. നല്ല വസ്തുവൊക്കൊ മൂത്തവർ സ്വന്തമാക്കി.
അമ്മക്ക് ലഭിച്ചതാകട്ടെ കേസുള്ള ഭൂമിയാണ്. കേസിൽ ആ ഭൂമി നഷ്ടമായി. പിന്നെ, അമ്മ വിവാഹം കഴിച്ചു. അച്ഛനുമായി വലിയ അടുപ്പമുണ്ടായിരുന്നില്ല. അച്ഛന്റെ ഭൂമി ഞങ്ങൾക്ക് തന്നില്ല. അത്, മരുമക്കൾക്ക് കൊടുത്തു. അച്ഛന്റെ സ്വത്തുക്കൾ കേസുകൊടുത്ത് വാങ്ങേണ്ടതല്ല. അച്ഛൻ ഇഷ്ടപ്രകാരം നൽകേണ്ടതാണെന്നായിരുന്നു അമ്മ പറഞ്ഞത്. ആ അമ്മയുടെ വാക്കുകളാണ് ഇന്നത്തെ ശ്രീകുമാരൻ തമ്പിയെ സൃഷ്ടിച്ചത്. അച്ഛന് വലിയ മദ്യപാനിയും ജന്മിയുമായിരുന്നു. അച്ഛന്റെ വഴിയെ പോയെങ്കിൽ ഞാൻ മദ്യപാനിയും ജന്മിയുമാകുമായിരുന്നു. അമ്മ പകർന്നുനൽകിയ ജീവിതപാഠങ്ങളാണ് എന്നെ വളർത്തിയത്.
അഞ്ച് മക്കളെയും നോക്കാത്ത അച്ഛനെ അവസാനകാലത്ത് പരിചരിച്ചത് അമ്മതന്നെയാണ്. എന്റെ ആറു വയസ്സിൽ നീ നിന്റെ മക്കളെ കുളത്തിലെറിയൂ. നീയും ചത്തോ എന്ന് അമ്മയോട് അമ്മാവൻ പറയുന്നത് കേട്ടാണ് വളർന്നത്. പിന്നെ ഞാനെങ്ങനെ എഴുതാതിരിക്കും. ബന്ധുവാര് ശത്രുവാര് എന്നൊ? എങ്ങനെ എഴുതാതിരിക്കും. എഴുതിയതിലും പറഞ്ഞതിലും ഏറെയും കുടുംബജീവിതത്തിനിടയിലെ കയ്പുകളാണ്. എന്തൊെക്കയായാലും വിഷുവല്ലേ. കണിക്കൊന്ന പൂത്തു നിൽക്കുകയല്ലേ... ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ....