രാഷ്ട്രീയത്തെയും രാഷ്ട്രീയക്കാരെയും പൊള്ളിച്ച ശ്രീനി
text_fieldsരാഷ്ട്രീയത്തെയും രാഷ്ട്രീയക്കാരെയും രൂക്ഷമായി വിമർശിച്ച തിരക്കഥകൃത്തായിരുന്നു ശ്രീനിവാസൻ. ശ്രീനിവാസന്‍റെ പേനയുടെ ചൂടറിയാത്ത ഇടത്, വലത് രാഷ്ട്രീയ പാർട്ടികളോ നേതാക്കളോ കേരളത്തിലില്ല. രാഷ്ട്രീയത്തിലെ പൊള്ളത്തരങ്ങളും കള്ളത്തരങ്ങളും ആക്ഷേപഹാസ്യത്തിലൂടെയും സരസമായ വാക്കുകളിലൂടെയും അദ്ദേഹം പൊതുജനങ്ങളിൽ എത്തിച്ചു.
ശ്രീനി തിരക്കഥ എഴുതി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'സന്ദേശം' എന്ന സിനിമ പൊളിറ്റിക്കൽ ക്ലാസിക് എന്നാണ് അറിയപ്പെടുന്നത്. അതിലെ ഓരോ കഥാപാത്രങ്ങളും സമകാലിക രാഷ്ട്രീയവുമായി ഏറെ ഇഴയടുപ്പമുള്ളതാണ്. ഇടത്, വലത് രാഷ്ട്രീയ പാർട്ടികളെയും അവരുടെ ദേശീയ, സംസ്ഥാന നേതാക്കളെയും ഹിന്ദി ഭാഷ അറിയാത്തത് കൊണ്ട് ദേശീയ നേതാവിന്‍റെ ആവശ്യത്തെ തെറ്റായി വ്യാഖ്യാനിക്കുന്ന പ്രാദേശിക നേതാക്കളെയും സിനിമയിൽ അദ്ദേഹം വരച്ചുവെച്ചു.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറയിൽ വോട്ട് രേഖപ്പെടുത്തിയ ശ്രീനിവാസൻ ജനാധിപത്യത്തയും സമകാലിക രാഷ്ട്രീയത്തെയും കുറിച്ച് മാധ്യമങ്ങൾക്ക് മുമ്പാകെ പരസ്യ വിമർശനമാണ് നടത്തിയത്. ജനാധിപത്യത്തിൽ രക്ഷപ്പെടാൻ എല്ലാ കള്ളന്മാർക്കും ഇഷ്ടം പോലെ പഴുതുണ്ടെന്ന് ശ്രീനി പറഞ്ഞു. ജനവിധി ജനങ്ങൾക്ക് തന്നെ എതിരാണ്. ആരു ജയിച്ചാലും അവർ ജനത്തിന് എതിരാണ്. സോക്രട്ടീസ് ഇന്ന് ജീവിച്ചിരുന്നെങ്കിൽ ജനാധിപത്യം കണ്ടുപിടിച്ചവരെ തേടിപിടിച്ച് ചവിട്ടികൊന്നിട്ട് വില കുറഞ്ഞ വിഷം കഴിച്ച് മരിച്ചേനെ എന്നും ശ്രീനിവാസൻ പറഞ്ഞു.
'ആരു ജയിച്ചാലും അവർ നമുക്ക് എതിരല്ലേ? ഞാൻ അടിസ്ഥാനപരമായി ജനാധിപത്യത്തിന് എതിരാണ്. ജനാധിപത്യത്തിൽ എല്ലാ കള്ളൻമാർക്കും രക്ഷപ്പെടാൻ ഇഷ്ടം പോലെ പഴുതുണ്ട്. അതുകൊണ്ടാണ് താൽപര്യമില്ലാത്തത്. ജനാധിപത്യത്തിന്റെ ആദ്യ മോഡൽ ഉണ്ടായത് ഗ്രീസിലാണ്. നമ്മളേക്കാൾ ബുദ്ധിയുണ്ടെന്ന് കരുതുന്ന സോക്രട്ടീസ് അന്നു പറഞ്ഞത്, കഴിവുള്ളവരെ ജനങ്ങൾ വോട്ട് ചെയ്ത് തെരഞ്ഞെടുക്കുന്നു എന്നാണ്.
പക്ഷേ, ഈ വോട്ട് ചെയ്യുന്നവർക്ക് കഴിവുള്ളവരെ തെരഞ്ഞെടുക്കാനുള്ള കഴിവുണ്ടോ എന്നാണ്. ഇന്ന് സോക്രട്ടീസ് ജീവിച്ചിരുന്നെങ്കിൽ ജനാധിപത്യം കണ്ടുപിടിച്ചവനെ തേടിപ്പിടിച്ച് ചവിട്ടിക്കൊന്നിട്ട്, വിലകുറഞ്ഞ വിഷം കഴിച്ച് മരിച്ചേനെ. വില കൂടിയ വിഷം കഴിക്കുന്നത് ആർഭാടമാണ്. വില കുറഞ്ഞ വിഷം കഴിച്ച് മരിക്കുന്നതാണ് നല്ലത്. ഇന്ത്യ അടുത്തൊന്നും കരകയറുന്ന യാതൊരു ലക്ഷണവുമില്ല' -ശ്രീനിവാസൻ ചൂണ്ടിക്കാട്ടി.
ഞാൻ നമ്മുടെ ജനാധിപത്യത്തെ കുറിച്ച് ഇങ്ങനെ മോശമായിട്ട് പറഞ്ഞപ്പോൾ, ദുബൈയിൽ നിന്ന് അവധിക്ക് വന്ന ഒരാൾ ചോദിച്ചു, എന്തെങ്കിലും ഒരു വ്യവസ്ഥിതിയില്ലാതെ എങ്ങനെ ശരിയാകുമെന്ന്. ദുബൈയിൽ നിന്ന് വന്ന ഒരാൾ ഇങ്ങനെ ചോദിക്കരുതെന്ന് താൻ മറുപടി നൽകി. ദുബൈയിലുള്ള ഭരണാധികാരി ജനാധിപത്യ വിശ്വാസിയാണോ? ഏതെങ്കിലും പാർട്ടിയുടെ ആളാണോ? ഒന്നുമല്ലല്ലോ. നാടിനോടും ജനങ്ങളോടും അൽപം സ്നേഹം വേണമെന്നും ശ്രീനിവാസൻ മറുപടി നൽകി.


