ഒരു ഇന്ത്യൻ പ്രണയകഥ
text_fields1975ലാണ് ജി.പി സിപ്പിയുടെ ഇതിഹാസ ചലച്ചിത്രം ‘ഷോലെ’ പുറത്തുവരുന്നത്. വെള്ളിത്തിരകളെ അക്ഷരാർഥത്തിൽ പ്രകമ്പനം കൊള്ളിച്ച ‘ഷോലെ’യുടെ അത്ഭുത വിജയത്തിന്റെ യഥാർഥ അവകാശിയായിരുന്നു ധർമേന്ദ്ര എന്ന ഇതിഹാസതാരം. ഒന്നര ലക്ഷം രൂപയായിരുന്നു ധർമേന്ദ്രക്ക് ഈ ചിത്രത്തിന്റെ പ്രതിഫലം. അമിതാഭ് ബച്ചന് ഒരു ലക്ഷവും. അദ്ദേഹം അവതരിപ്പിച്ച ‘വീരു’ എന്ന കഥാപാത്രം ഇന്നും ജനകോടികളുടെ മനസ്സിൽനിന്ന് മാഞ്ഞുപോയിട്ടില്ല.
ചിത്രത്തിന്റെ കഥയുമായി ജി.പി. സിപ്പി ആദ്യം സമീപിച്ചപ്പോൾ സഞ്ജീവ് കുമാർ അവതരിപ്പിച്ച ഠാക്കൂർ സാബ് എന്ന കഥാപാത്രം തനിക്ക് വേണമെന്നായിരുന്നു ധർമേന്ദ്രയുടെ ആവശ്യം. പക്ഷേ, വീരുവിനെ അന്നത്തെ സാഹചര്യത്തിൽ ധർമേന്ദ്രക്ക് മാത്രമേ നന്നായി അവതരിപ്പിക്കാൻ കഴിയൂവെന്ന് ജി.പി സിപ്പി മനസ്സിൽ ഉറപ്പിച്ചിരുന്നു. എന്നാൽ, ധർമേന്ദ്ര തന്റെ നിലപാടിൽ ഉറച്ചുനിന്നു. ഒരു വഴിക്കും ധർമേന്ദ്ര വഴങ്ങുന്നില്ലെന്ന് കണ്ടപ്പോൾ സിപ്പി പതിനെട്ടാമത്തെ അടവ് പ്രയോഗിച്ചു.
ധരംജീ, താങ്കൾ ഈ ചിത്രത്തിൽ ഠാക്കൂർ സാബിനെ അവതരിപ്പിക്കണമെന്ന് വാശി പിടിച്ചാൽ ഹേമമാലിനി താങ്കളുടെ നായികയാവില്ല. ബസന്തി വീരുവിന്റെ കാമുകിയാണ്. ഹേമ മാലിനിയോടൊപ്പം സഞ്ജീവ് കുമാർ പ്രേമരംഗങ്ങൾ അഭിനയിക്കുമ്പോൾ താങ്കൾ നോക്കി നിൽക്കേണ്ടിവരും. ഇനി പറയൂ ! ഒരു വർഷത്തോളം ഹേമമാലിനിയോടൊപ്പം അഭിനയിക്കാൻ കഴിയുന്ന വീരുവിന്റെ വേഷം വേണമോ, അതോ ഠാക്കൂർ സാബിന്റെ വേഷം വേണമോ. . ആ ചൂണ്ടയിൽ ധർമേന്ദ്ര വീണു.
ഇന്ത്യൻ സിനിമയിലെ എക്കാലത്തേയും സുന്ദരപുരുഷന്റെ മനസ്സിൽ ഹേമമാലിനി എന്ന സ്വപ്ന സുന്ദരി കൂടുകൂട്ടിയ കാലമായിരുന്നു അത്. സൂപ്പർ താരം പിന്നെ അനുസരണയുള്ള പൂച്ചക്കുട്ടിയായി മാറി. താരരാജാവായിരുന്ന ധർമേന്ദ്രയുടേയും ഹേമമാലിനിയുടേയും പ്രണയം പൂത്തുതളിർക്കുന്നത് ‘ഷോല’ യുടെ ഷൂട്ടിങ് സെറ്റിൽവെച്ചായിരുന്നുവത്രെ!.
അതിനു മുമ്പ് തന്നെ രണ്ടുപേരെക്കുറിച്ചും ബോളിവുഡിൽ ഇഷ്ടം പോലെ പ്രണയകഥകൾ പ്രചരിച്ചിരുന്നു. 1980ൽ ഇന്ത്യൻ ചലച്ചിത്ര വേദിയെ അക്ഷരാർഥത്തിൽ ഞെട്ടിച് ധർമേന്ദ്രയും ഹേമമാലിനിയും വിവാഹിതരായി. വിവാഹത്തോടെ ഏറ്റവുമധികം വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നത് ഹേമമാലിനിക്കായിരുന്നു.
വിവാഹിതനും നാലു കുട്ടികളുടെ പിതാവുമായ ഒരാളെ താങ്കളെപ്പോലെ സുന്ദരിയായ സ്ത്രീ എന്തിനാണ് വിവാഹം ചെയ്തതെന്നുള്ള പപ്പരാസിയുടെ ചോദ്യത്തിന് ഹേമമാലിനിയുടെ മറുപടി ഇങ്ങനെയായിരുന്നു. "ഞാൻ കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും സുന്ദരനായ പുരുഷനാണ് ധർമേന്ദ്ര. ഷൂട്ടിങ്ങിനിടയിൽ പലപ്പോഴും ഒളികണ്ണിട്ട് അദ്ദേഹത്തിന്റെ സൗന്ദര്യം ഞാൻ ആസ്വദിക്കാറുണ്ടായിരുന്നു. ധർമേന്ദ്രയെപോലെ സുന്ദരപുരുഷന്റെ പ്രണയം എനിക്ക് നിരാകരിക്കാൻ കഴിഞ്ഞില്ല". ശരിയാണ്. ഇന്ത്യൻ സിനിമയുടെ അനന്ത ചക്രവാളത്തിൽ ഇത്രയും സുന്ദരനായ പുരുഷൻ ധർമേന്ദ്രക്ക് മുമ്പോ പിമ്പോ ഉണ്ടായിട്ടില്ലെന്നതാണ് സത്യം.


