'സെറ്റിൽ അവർ രണ്ടുപേരും അങ്ങനെയായിരുന്നു...': മണി സാറുടെ സെറ്റ് സ്കൂൾ പോലെയായിരുന്നെന്ന് നിത്യ
text_fieldsഉസ്താദ് ഹോട്ടൽ, ഓകെ കൺമണി, 100 ഡെയ്‌സ് ഓഫ് ലവ് തുടങ്ങിയ ചിത്രങ്ങളിലെ അനായാസമായ ഓൺസ്ക്രീൻ കെമിസ്ട്രിയിലൂടെ പ്രേക്ഷകർ ഏറ്റെടുത്ത താരജോഡികളാണ് ദുൽഖർ സൽമാനും നിത്യ മേനോനും. മണിരത്നം സംവിധാനം ചെയ്ത ഓകെ കൺമണിയാണ് ഈ താരജോഡിക്ക് ഏറെ ജനശ്രദ്ധ നൽകിയത്. ഇപ്പോഴിതാ ഇവരെ കുറിച്ച് സുഹാസിനി പറയുന്ന വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. നിത്യയുമായുള്ള അഭിമുഖത്തിലാണ് താരം ഇരുവരെയും കുറിച്ച് സംസാരിച്ചത്.
മണിരത്നത്തിന്‍റെ റൊമാന്‍റിക് ഹിറ്റ് ചിത്രമായ 'ഓകെ കൺമണി'യുടെ ചിത്രീകരണത്തിനിടെ രണ്ട് അഭിനേതാക്കളും എങ്ങനെയായിരുന്നു സുഹാസിനി പറഞ്ഞു. സെറ്റിൽ നിങ്ങൾ രണ്ടുപേരും പൂച്ചയും എലിയും പോലെയായിരുന്നു. പരസ്പരം മത്സരിക്കുന്ന സഹപാഠികളെപ്പോലെയായിരുന്നെന്ന് സുഹാസിനി പറഞ്ഞു. 'മലർഗൾ കേട്ടേൻ' എന്ന ഗാനത്തിലെ നിത്യയുടെ പ്രകടനം മണിരത്നത്തിന് ഇഷ്ടപ്പെട്ടിരുന്നു. നിത്യ മികച്ച നടിയാണെന്ന് മണിരത്നം എപ്പോഴും എന്നോട് പറയാറുണ്ടായിരുന്നു സുഹാസിനി കൂട്ടിച്ചേർത്തു.
ഓകെ കൺമണിയിലെ ഓർമകൾ നിത്യയും പങ്കുവെച്ചു. ഞാനും ദുൽഖറും ബഡീസ് പോലെയായിരുന്നു. ഞങ്ങളുടെ റിലേഷൻഷിപ്പ് അങ്ങനെയായിരുന്നു. ഡ്യൂഡ് എന്നാണ് എന്നെ വിളിച്ചിരുന്നത്. മണി സാറുടെ സെറ്റ് സ്കൂൾ പോലെയായിരുന്നെന്നും നിത്യ മേനോൻ പറഞ്ഞു. ഏറെക്കാലമായി ദുൽഖറും നിത്യയും ഒരുമിച്ച് സിനിമകൾ ചെയ്തിട്ട്. 2012ൽ പുറത്തു വന്ന ഉസ്താദ് ഹോട്ടലിലാണ് ദുൽഖർ സൽമാനും നിത്യമേനോനും ആദ്യമായി ഒന്നിച്ചത്. പിന്നീട് ബാംഗ്ലൂർ ഡെയ്സിൽ ദുൽഖറും നിത്യയും അഭിനയിച്ചിരുന്നുവെങ്കിലും നിത്യ ഫഹദിന്റെ നായികയായിരുന്നു. നിത്യയും ദുൽഖറും ഇന്ന് പല ഭാഷകളിൽ അഭിനയിക്കുന്നുണ്ട്. എന്നാൽ ഇവർ ഒരുമിച്ചുള്ള പ്രൊജക്ടുകൾക്കായി ആരാധകരും കാത്തിരിക്കുകയാണ്.