"പുകയില കമ്പനി പരസ്യത്തിലഭിനയിക്കാൻ 40 കോടി വാഗ്ദാനം ചെയ്തു, താൻ വേണ്ടെന്നു വെച്ചു"; വെളിപ്പെടുത്തലുമായി സുനിൽ ഷെട്ടി
text_fieldsസുനിൽ ഷെട്ടി
ന്യൂഡൽഹി: 30 വർഷമായി അഭിനയരംഗത്ത് അരങ്ങ് വാഴുന്ന സുനിൽ ഷെട്ടി അഭിനയ മികവ് കൊണ്ട് മാത്രമല്ല, ഉറച്ച ആദർശ ബോധം കൊണ്ടും ആരാധകരുടെ ഹൃദയം കീഴടക്കിയ വ്യക്തിത്വമാണ്. തന്‍റെ മക്കൾക്ക് മാതൃകയാകുന്നതിനു വേണ്ടി പുകയില കമ്പനി പരസ്യത്തിനായി വാഗ്ദാനം ചെയ്ത 40 കോടി വേണ്ടെന്ന് വെച്ചുവെന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് അദ്ദേഹം. ഇതിനൊപ്പം തന്‍റെ വിശ്വാസങ്ങളും മൂല്യങ്ങളും കരിയറിനെ എങ്ങനെ സ്വാധീനിച്ചുവെന്നും സുനിൽ ഷെട്ടി വിശദീകരിക്കുന്നു.
പുകയില ഉൽപ്പന്നങ്ങളെ താൻ ഒരിക്കലും പിന്തുണക്കില്ലെന്നാണ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടൻ പറഞ്ഞത്. "ഞാൻ പണത്തിൽ വീഴുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? എനിക്ക് പണം ആവശ്യമായിരുന്നു. പക്ഷേ ഞാനത് ചെയ്യില്ല" സുനിൽ പറഞ്ഞു. തന്‍റെ നിലപാട് കാരണം അത്തരം ഓഫറുകളുമായി ആരും വരാൻ ധൈര്യപ്പെടാറില്ലെന്നും കൂട്ടിച്ചേർത്തു.
അഭിമുഖത്തിൽ സുനിൽ ഷെട്ടി തന്‍റെ പിതാവിന്‍റെ മരണത്തെക്കുറിച്ചും അതിനുശേഷമുള്ള തന്‍റെ സിനിമയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ചും സംസാരിച്ചു. കരിയറിൽ തിളങ്ങി നിൽക്കുന്ന കാലത്ത് അച്ഛനുവേണ്ടി സിനിമയിൽ നിന്നും ഇടവേളയെടുത്ത വ്യക്തിയാണ് സുനിൽ ഷെട്ടി. 2014 കാലഘട്ടമായിരുന്നു അത്. ഓടി നടന്ന് വർഷത്തിൽ അഞ്ചും ആറും സിനിമകൾ ചെയ്യുന്ന സമയത്താണ് സുനിൽ ഷെട്ടിയുടെ പിതാവ് വീരപ്പ ഷെട്ടിക്ക് സ്ട്രോക്ക് വരുന്നത്. തലച്ചോറിലേക്കുള്ള രക്തത്തിന്റെ പ്രവർത്തനം നിലച്ചതോടെ വീരപ്പ ഷെട്ടിയുടെ പാതിശരീരം തളർന്നുപോയി. അതോടെ സുനില്‍ ഷെട്ടി സിനിമ മതിയാക്കി അച്ഛനെ ശുശ്രൂഷിക്കാനായി വീട്ടിലിരുന്നു.
പിതാവിന്റെ മരണശേഷം വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമാണ് സുനിൽ ഷെട്ടി അഭിനയിച്ചത്. മലയാളത്തിൽ മരക്കാർ, തമിഴിൽ ദർബാർ എന്നീ ചിത്രങ്ങളിലും സുനിൽ ഷെട്ടി വേഷമിട്ടിരുന്നു


