‘ആ ഏകാന്തത നിറഞ്ഞ രാത്രി എന്റെ ജീവിതത്തിൽ സംഭവിച്ചത്..’ -റീന ദത്തയുമായുള്ള വിവാഹമോചനത്തെക്കുറിച്ച് മനസ്സുതുറന്ന് ആമിർ ഖാൻ
text_fieldsനടൻ ആമിർ ഖാൻ
മുംബൈ: ജീവിതത്തിലെ ഏറ്റവും വേദനനിറഞ്ഞ അധ്യായത്തെ കുറിച്ച് തുറന്നുപറഞ്ഞ് വെള്ളിത്തിരയിലെ പകരക്കാരനില്ലാത്ത നടൻ ആമിർ ഖാൻ. ആദ്യ ഭാര്യ റീന ദത്തയുമായുള്ള വേർപിരിയൽ മാനസിക സമ്മർദത്തിലേക്ക് തള്ളിവിട്ടെന്നും കടുത്ത മദ്യപാനിയാക്കി മാറ്റിയിരുന്നതായി താരം വെളിപ്പെടുത്തി. ബാരുൺ ദാസുമായി നടത്തിയ 'ഡയലോഗ്' എന്ന അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു. അച്ചടക്കമുള്ള ജീവിതശൈലിയിൽനിന്ന് മദ്യലഹരിയയുടെ ആഴങ്ങളിലേക്ക് വീണുപോയ ആ ഒന്നര വർഷം വേദനയോടെ ഓർത്തെടുക്കുകയായിരുന്നു.
ഒരിക്കലും മദ്യപിക്കാത്ത ആളായിരുന്നു ഞാൻ. എന്നാൽ, റീന ദത്തയും മക്കളും വീടുവിട്ടിറങ്ങിയ ആ ദിവസം തനിക്ക് താങ്ങാനായില്ലെന്നും ആമിർ പറയുന്നു.
"റീന മക്കളുമായി എന്നെ വിട്ടുപോയ ആ ആദ്യ ദിവസം എനിക്ക് എന്റെ വികാരങ്ങളെ നിയന്ത്രിക്കാനായില്ല. അതുവരെ ഞാൻ മദ്യപിച്ചിരുന്നില്ല. ചില സിനിമകളിലെ രംഗങ്ങൾക്കുവേണ്ടി മാത്രം ഒന്നോ രണ്ടോ തവണ കുടിച്ചിട്ടുണ്ടെന്നല്ലാതെ മദ്യത്തോട് എനിക്ക് താൽപര്യമില്ലായിരുന്നു. എന്നാൽ ആ രാത്രി വീട്ടിലുണ്ടായിരുന്ന മദ്യം ഞാൻ എടുത്തു. പിന്നീടുള്ള ഒന്നര വർഷം ഓരോ രാത്രിയും ഓരോ കുപ്പി വീതം ഞാൻ കുടിച്ചു തീർക്കുമായിരുന്നു," താരം വേദനയോടെ ഓർത്തെടുത്തു.
തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വൈകാരിക പ്രതിസന്ധിയായിരുന്നു ആ കാലഘട്ടമെന്ന് ആമിർ ഖാൻ സാക്ഷ്യപ്പെടുത്തുന്നു. മദ്യപാനശീലമില്ലാത്ത ഒരാളിൽ നിന്ന് ദിവസവും ഒരു കുപ്പി മദ്യം അകത്താക്കുന്ന അവസ്ഥയിലേക്കുള്ള മാറ്റം അങ്ങേയറ്റം ഭയാനകമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
1986ൽ ഇരുപത്തിയൊന്നാം വയസ്സിലായിരുന്നു ആമിറും റീന ദത്തയും തമ്മിലുള്ള വിവാഹം. 16 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ 2002ലാണ് ഇവർ വേർപിരിഞ്ഞത്. ഇവർക്ക് ഇറ, ജുനൈദ് എന്നിങ്ങനെ രണ്ട് മക്കളുണ്ട്. പിന്നീട് 2005ൽ കിരൺ റാവുവിനെ വിവാഹം കഴിച്ചെങ്കിലും 2021ൽ ആ ബന്ധവും അവസാനിച്ചു. കിരണിൽ ആസാദ് എന്നൊരു മകനുണ്ട്.
അറുപതാം ജന്മദിനത്തിന്റെ തലേന്ന് തന്റെ പുതിയ പങ്കാളി ഗൗരി സ്പ്രാറ്റിനെ ആമിർ ആരാധകർക്ക് പരിചയപ്പെടുത്തിയിരുന്നു. നിലവിൽ ഇരുവരും ഒപ്പമുള്ള പൊതുവേദികളിലെ സാന്നിധ്യം സിനിമാലോകത്ത് ചർച്ചയാണ്.


