തൊണ്ണൂറുകളുടെ ‘ചിന്ന ചിന്ന’ സ്വരം റിയാദിലെത്തി; മിൻമിനിക്ക് ഊഷ്മള സ്വീകരണം
text_fieldsറിയാദിലെത്തിയ മിൻമിനിക്ക് സ്വീകരണം നൽകിയപ്പോൾ
റിയാദ്: ‘ചിന്ന ചിന്ന ആശൈ’ എന്ന ഒരൊറ്റ ഗാനത്തിലൂടെ ഇന്ത്യയുടെ ഹൃദയതാളം പിടിച്ചെടുത്ത പിന്നണി ഗായിക മിൻമിനിക്ക് റിയാദിന്‍റെ ഊഷ്മള സ്വീകരണം. തൊണ്ണൂറുകളുടെ യൗവനത്തെ സംഗീതം കൊണ്ട് പ്രണയിപ്പിച്ച ആ വശ്യസുന്ദര ശബ്ദം ഇന്ന് റിയാദിെൻറ സായാഹ്നത്തെ സംഗീത സാന്ദ്രമാക്കും.
വൈ.എം.സി.എ റിയാദ് ചാപ്റ്റർ സംഘടിപ്പിക്കുന്ന സംഗീത സന്ധ്യയിൽ പങ്കെടുക്കാനാണ് തമിഴ്, മലയാളി സംഗീതാസ്വാദകരുടെ പ്രിയ ഗായിക പ്രവാസ ലോകത്ത് എത്തിയിരിക്കുന്നത്. തിരക്കുപിടിച്ച പ്രവാസ ജീവിതത്തിനിടയിൽ ഗൃഹാതുരമായ ഓർമകളിലേക്ക് ഒരു മടക്കയാത്ര നടത്താൻ ഈ സംഗീത വിരുന്ന് അവസരമൊരുക്കും.
എ.ആർ. റഹ്മാെൻറ സംഗീത വിസ്മയത്തിലൂടെ ലോകപ്രശസ്തയായ മിൻമിനി തെൻറ പങ്കാളിയും കീബോർഡിസ്റ്റുമായ ജോയ് മാത്യുവിനൊപ്പമാണ് എത്തിയത്. റിയാദിലെത്തിയ ഇരുവരെയും വൈ.എം.സി.എ പ്രസിഡന്‍റ് നിബു വർഗീസ് ,സെക്രട്ടറി ഡെന്നി കൈപ്പനാനി,വൈസ് പ്രസിഡൻറ് സനിൽ തോമസ്, അംഗങ്ങളായ റോയ് മാത്യു, അനീഷ് മനു എന്നിവർ ചേർന്ന് സ്വീകരിച്ചു.
വെള്ളിയാഴ്ച വൈകീട്ട് ആറിന് നടക്കുന്ന സംയുക്ത ക്രിസ്മസ് കരോൾ പരിപാടി മിൻമിനി ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന സംഗീത സന്ധ്യയിൽ കരിയറിലെ എക്കാലത്തെയും വലിയ ഹിറ്റുകൾ മിൻമിനി ആലപിക്കും. തെന്നിന്ത്യൻ സിനിമാ സംഗീതത്തിലെ സുവർണ കാലഘട്ടത്തെ ഓർമിപ്പിക്കുന്ന മെലഡികൾക്കായി കാതോർത്തിരിക്കുകയാണ് പ്രവാസി സംഗീത പ്രേമികൾ. 70-80 കിഡ്സുകളുടെ ആ ഗൃഹാതുര സംഗീതമധുരമാർന്ന ഓർമകൾ ഉണർത്തും ഈ സംഗീത പരിപാടിയെന്ന് സംഘാടകർ പറഞ്ഞു.


