Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightഹിന്ദി സംഗീതത്തിന്റെ...

ഹിന്ദി സംഗീതത്തിന്റെ അതുല്യ ശബ്ദം നിലച്ചു; ഗായിക സുമൻ കല്യാൺപുർ അന്തരിച്ചു

text_fields
bookmark_border
ഹിന്ദി സംഗീതത്തിന്റെ അതുല്യ ശബ്ദം നിലച്ചു; ഗായിക സുമൻ കല്യാൺപുർ അന്തരിച്ചു
cancel

മുംബൈ: ഇന്ത്യൻ സംഗീതലോകത്തിന്‍റെ 60-കളിലും 70-കളിലും തന്റെ മധുരമായ ശബ്ദത്തിലൂടെ സംഗീതപ്രേമികളുടെ ഹൃദയം കീഴടക്കിയ പ്രശസ്ത പിന്നണി ഗായിക സുമൻ കല്യാൺപുർ (89) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് മുംബൈ ലോഖണ്ഡ്‌വാലയിലെ വസതിയിൽ വെച്ച് ഞായറാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു അന്ത്യം. അന്ത്യനിമിഷങ്ങളിൽ സുമൻ തന്റെ പ്രിയപ്പെട്ട ഗാനങ്ങൾ കേൾക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.

സംഗീത ലോകത്തെ ഒരു സുവർണ്ണകാലഘട്ടത്തിന്റെ ഭാഗമായിരുന്നു സുമൻ കല്യാൺപുർ. ലതാ മങ്കേഷ്കറിന്റെ ശബ്ദവുമായി സമാനത പുലർത്തിയിരുന്നതിനാൽ പലപ്പോഴും 'മറ്റൊരു ലത' എന്നാണ് അവർ വിശേഷിപ്പിക്കപ്പെട്ടിരുന്നത്. എന്നാൽ ആ താരതമ്യങ്ങൾക്കപ്പുറം തന്റെതായ കൃത്യതയാർന്ന ആലാപനശൈലികൊണ്ടും മധുരശബ്ദം കൊണ്ടും അവർ സംഗീതചരിത്രത്തിൽ തന്റേതായ ഒരിടം കണ്ടെത്തി. 'നാ നാ കർതേ പ്യാർ', 'തുംനേ പുക്കാരാ ഔർ ഹം ചലേ ആയേ', 'ആജ്‌കൽ തേരേ മേരേ പ്യാർ കേ ചർച്ചേ' തുടങ്ങിയ അനശ്വരഗാനങ്ങൾ ഇന്നും സംഗീതപ്രേമികൾക്ക് പ്രിയപ്പെട്ടവയാണ്.

1937 ജനുവരി 28-ന് ധാക്കയിലായിരുന്നു സുമൻ കല്യാൺപുരിന്റെ ജനനം. ചെറുപ്പത്തിൽ തന്നെ ചിത്രകലയിൽ താല്പര്യമുണ്ടായിരുന്ന അവർ ജെ.ജെ. സ്കൂൾ ഓഫ് ആർട്ടിൽ പഠിച്ചു. എങ്കിലും, സംഗീതത്തോടുള്ള അടങ്ങാത്ത അഭിനിവേശം അവരെ പിന്നണി ഗാനരംഗത്തെത്തിച്ചു. 1954-ൽ 'ദർവാസ' എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ഹിന്ദിക്ക് പുറമെ മറാത്തി, അസ്സാമീസ്, കന്നഡ, ബംഗാളി, ഒറിയ തുടങ്ങി വിവിധ ഭാഷകളിലായി ആയിരക്കണക്കിന് ഗാനങ്ങൾ അവർ ആലപിച്ചിട്ടുണ്ട്. ലതാ മങ്കേഷ്കറുമായുള്ള സൗഹൃദത്തെക്കുറിച്ച് വാചാലയാവാറുള്ള സുമൻ കല്യാൺപുർ പലപ്പോഴും ആ താരതമ്യങ്ങളെ വളരെ ലാഘവത്തോടെയാണ് കണ്ടിരുന്നത്.

സുമൻ കല്യാൺപുരിന്റെ വിയോഗം ഇന്ത്യൻ സംഗീത ലോകത്തിന് നികത്താനാവാത്ത വിടവാണ് നൽകിയിരിക്കുന്നത്. വിവിധ രാഷ്ട്രീയ നേതാക്കളും കലാകാരന്മാരും ഉൾപ്പെടെ നിരവധി പ്രമുഖർ സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും തങ്ങളുടെ പ്രിയ ഗായികക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. സംഗീതത്തിന്റെ സുവർണ്ണകാലഘട്ടത്തെ അടയാളപ്പെടുത്തിയ ഒരു ശബ്ദമാണ് വിടവാങ്ങിയിരിക്കുന്നത്. തിങ്കളാഴ്ച മുംബൈയിലെ പവൻ ഹാൻസ് ക്രിമിറ്റോറിയത്തിൽ വെച്ച് സംസ്കാരം നടക്കും. മകൾ ചാരു അഗ്നി ആണ് സുമൻ കല്യാൺപുരിന്റെ ഏക മകൾ.

Show Full Article
TAGS:Suman Kalyanpur Music Icon singer Music Bollywood 
News Summary - The unique voice of Hindi music has died down; singer Suman Kalyanpur passes away
Next Story