ഗ്രാമീണതയുടെ ദൃശ്യഭാഷ തീർത്ത വിസ്മയം
text_fieldsചെന്നൈ: തമിഴ് സിനിമയിലെ ഗ്രാമീണതയുടെ ദൃശ്യഭാഷാ വിപ്ലവത്തിന് തുടക്കമിട്ട ഭാരതിരാജ ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച സംവിധായകരിലൊരാളായാണ് ആദരിക്കപ്പെടുന്നത്. തമിഴ് സിനിമയുടെ ആഖ്യാന ശൈലിയെ മാറ്റിമറിച്ച ഇദ്ദേഹം സിനിമക്ക് നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണ്.
1941 ജൂലൈ 17ന് തമിഴ്നാട്ടിലെ തേനി ജില്ലയിലുള്ള അല്ലിനഗരത്തിലാണ് പെരിയ മായത്തേവർ- കറുത്തമ്മയെന്ന മീനാക്ഷിയമ്മാൾ ദമ്പതികളുടെ മകനായി ഭാരതിരാജ ജനിച്ചത്. ‘ചിന്നസാമി’ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർഥ നാമം. സ്കൂൾ പഠനകാലത്തുതന്നെ സാഹിത്യത്തിലും പ്രസംഗമത്സരങ്ങളിലും നാടകങ്ങളിലും സജീവമായ താൽപര്യം അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. സ്വന്തം നാട്ടിൽ ഹെൽത്ത് ഇൻസ്പെക്ടറായി ജോലി ചെയ്തിരുന്നു. എന്നാൽ, സിനിമാ മോഹം ശക്തമായതോടെ ജോലി ഉപേക്ഷിച്ച് അദ്ദേഹം ചെന്നൈയിലെത്തുകയായിരുന്നു.
ചെന്നൈയിലെത്തിയതിനുശേഷം സിനിമയിൽ ഉടനടി അവസരം ലഭിച്ചില്ല. നാടകങ്ങളിൽ അഭിനയിച്ചും പെട്രോൾ പമ്പുകളിൽ ജോലി ചെയ്തുമാണ് ഉപജീവനം നടത്തിയത്. ഈ പ്രതിസന്ധികൾക്കിടയിലും സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശം അദ്ദേഹത്തെ പ്രശസ്ത കന്നട സംവിധായകൻ പുട്ടണ്ണ കനഗലിന്റെ അടുത്തെത്തിച്ചു. ഇദ്ദേഹത്തിന്റെ സഹായിയായി പ്രവർത്തിച്ചതാണ് ഭാരതിരാജയുടെ സിനിമാ ജീവിതത്തിൽ വഴിത്തിരിവായത്. മലയാളി സംവിധായകൻ എം. കൃഷ്ണന്നായർ, പി.പുല്ലയ്യ, അവിനാശി മണി, എ.ജഗന്നാഥൻ എന്നിവരുടെയും സഹസംവിധായകനായി പ്രവർത്തിച്ചു. 1974ലാണ് ചന്ദ്രലീലയെ വിവാഹം കഴിച്ചത്. 1977ൽ പുറത്തിറങ്ങിയ ‘16 വയതിനിലേ’ എന്ന ചിത്രത്തിലൂടെയാണ് ഭാരതിരാജ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. കമൽഹാസൻ, രജനികാന്ത്, ശ്രീദേവി എന്നിവരുടെ അഭിനയ ജീവിതത്തിലെ നിർണായകമായ സിനിമയാണിത്. തമിഴ് സിനിമയുടെ ചരിത്രം മാറ്റിയെഴുതിയ ചിത്രമായിരുന്നു ഇത്. നഗരങ്ങളിലെ സ്റ്റുഡിയോ സെറ്റുകൾക്കുള്ളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന തമിഴ് സിനിമയെ ഗ്രാമീണഭംഗിയിലേക്കും മണ്ണിന്റെ പച്ചപ്പിലേക്കും റിയാലിറ്റിയിലേക്കും ഇറക്കിക്കൊണ്ടുവന്നത് ഭാരതിരാജയായിരുന്നു.
‘വേദം പുതുത്’ എന്ന ഇദ്ദേഹത്തിന്റെ സിനിമ തമിഴ്നാട്ടിലെ ബ്രാഹ്മണ സമൂഹത്തിലെയും മറ്റ് ഉയർന്ന ജാതികളിലെയും ജാതി വിവേചനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നതായിരുന്നു. 2009ൽ ശ്രീലങ്കയിൽ തമിഴ്-സിംഹള യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കെ ചെന്നൈയിൽ ഭാരതിരാജയുടെ നേതൃത്വത്തിൽ ശ്രീലങ്കൻ തമിഴർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രക്ഷോഭം സംഘടിപ്പിച്ചു. അന്നത്തെ കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് തനിക്ക് ലഭിച്ച പത്മ പുരസ്കാരം തിരിച്ചുനൽകുന്നതായി അദ്ദേഹം പ്രഖ്യാപിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഒരുഘട്ടത്തിൽ ശ്രീലങ്കൻ തമിഴരുടെ പ്രശ്നമുയർത്തിക്കാണിച്ച് രാമേശ്വരത്ത് സമ്മേളനം സംഘടിപ്പിച്ചു. 2002ൽ കാവേരി നദീജലം തമിഴ്നാടിന് വിട്ടുകൊടുക്കാൻ കർണാടക വിസമ്മതിച്ചപ്പോൾ നെയ്വേലി ലിഗ്നൈറ്റ് കോർപറേഷനിൽനിന്ന് കർണാടകക്ക് ൈവദ്യുതി നൽകുന്നത് നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ഭാരതിരാജയുടെ നേതൃത്വത്തിൽ പ്രക്ഷോഭം നടത്തി.
തമിഴ് സിനിമാ ചരിത്രം തിരുത്തിക്കുറിച്ച അതികായൻ
ചെന്നൈ: അഞ്ചു പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തിൽ തമിഴ് സിനിമയുടെ ചരിത്രം തിരുത്തിക്കുറിച്ച സംവിധായകനാണ് ഭാരതിരാജ. തമിഴ്നാട്ടിലെ ഗ്രാമീണ ജീവിതത്തെ അതിന്റെ എല്ലാ സൂക്ഷ്മതകളോടെയും വെള്ളിത്തിരയിൽ എത്തിച്ച അദ്ദേഹം ‘ഇയക്കുനർ ഇമയം (സംവിധായകരിലെ അതികായൻ)’ എന്നാണ് അറിയപ്പെട്ടിരുന്നത്. സിനിമ തുടങ്ങുന്നതിനുമുമ്പ് അദ്ദേഹം സ്നേഹത്തോടെ പറയുന്ന ‘‘എൻ ഇനിയ തമിഴ് മക്കളെ...’’ എന്ന വാക്കുകൾ ഇനി സിനിമപ്രേമികളുടെ ഓർമകളിൽ മുഴങ്ങും.
ജാതീയത, ലിംഗ അസമത്വം, പെൺഭ്രൂണഹത്യ, നഗരങ്ങളിലെ തൊഴിലില്ലായ്മ തുടങ്ങിയ സാമൂഹിക പ്രശ്നങ്ങൾ അദ്ദേഹം തന്റെ സിനിമകളിലൂടെ ധീരമായി ചർച്ച ചെയ്തു. മികച്ച ചിത്രത്തിനുള്ള ആറു ദേശീയ ചലച്ചിത്ര അവാർഡുകൾ, നാല് ഫിലിംഫെയർ അവാർഡുകൾ, തമിഴ്നാട് സർക്കാറിന്റെ ആറു സംസ്ഥാന അവാർഡുകൾ, നന്തി അവാർഡ് എന്നിവ സ്വന്തമാക്കിയിട്ടുണ്ട്. സിനിമയിൽ എത്തുന്നതിന് മുമ്പുതന്നെ സംഗീത സംവിധായകൻ ഇളയരാജയുമായും അദ്ദേഹത്തിന്റെ സഹോദരൻ ഗംഗൈ അമരനുമായും ഭാരതിരാജക്ക് അടുത്ത സൗഹൃദമുണ്ടായിരുന്നു. ഇളയരാജ-ഭാരതിരാജ കൂട്ടുകെട്ടിൽ തമിഴ് സിനിമക്ക് മറക്കാനാകാത്ത നിരവധി ഹിറ്റ് ഗാനങ്ങളാണ് പിറന്നത്. പിൽക്കാലത്ത് ഇരുവരും വേർപിരിഞ്ഞു. അനേകം നടന്മാരെയും സംവിധായകരെയും തമിഴ് സിനിമക്ക് സംഭാവന ചെയ്ത ഭാരതിരാജയുടെ വിയോഗം തമിഴ് ചലച്ചിത്ര ലോകത്തിന് നികത്താനാകാത്ത നഷ്ടമാണ്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നാൽപതിലധികം ചിത്രങ്ങൾ സംവിധാനം ചെയ്തു. ഗ്രാമീണ ചിത്രങ്ങൾ മാത്രമല്ല, സൈക്കോളജിക്കൽ ത്രില്ലറുകളും കൈകാര്യം ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം തെളിയിച്ചു.


