വെടിവെപ്പിനു പിന്നാലെ ആഡംബര ഫ്ലാറ്റ് 9 കോടി രൂപക്ക് വിറ്റ് ടൈഗർ ഷ്റോഫ്; ഒരു വർഷത്തിനിടെ താരം നടത്തുന്ന മൂന്നാമത്തെ സ്വത്ത് വിൽപ്പന
text_fieldsവെടിവെപ്പിനു പിന്നാലെ ടൈഗർ ഷ്റോഫ് മുംബൈ ഖാർ വെസ്റ്റിലുള്ള തന്റെ ആഡംബര ഫ്ലാറ്റ് 9 കോടി രൂപക്ക് വിറ്റു. വസ്തു രജിസ്ട്രേഷൻ രേഖകൾ പ്രകാരം 2026 ഒക്ടോബർ 22നാണ് ഇടപാട് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ഒരു വർഷത്തിനിടെ താരം നടത്തുന്ന മൂന്നാമത്തെ പ്രോപ്പർട്ടി വിൽപ്പനയാണിത്. ജൂഹുവിലെ കാറിന് സമീപം വെടിവെയ്പ്പുണ്ടായ സംഭവത്തിന് തൊട്ടുപിന്നാലെയാണ് ഈ വിൽപ്പന നടന്നതെന്നത് ശ്രദ്ധേയമാണ്.
റിട്ടേൺസ് ആന്റ് റിയൽ എസ്റ്റേറ്റ് ഡാറ്റാ അനലിറ്റിക്സ് ഫേമായ സിആർഇ മെട്രിക്സ് പുറത്തുവിട്ട രേഖകൾ പ്രകാരം, റുസ്തംജി പാരമൗണ്ട് ഡി കോ-ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റിയുടെ ഒൻപതാം നിലയിലാണ് ഈ ഫ്ലാറ്റ് സ്ഥിതി ചെയ്യുന്നത്. 2018 ജൂലൈ 17-നാണ് കീസ്റ്റോൺ റിയൽറ്റേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഡെവലപ്പറിൽ നിന്ന് 7.61 കോടി രൂപക്ക് ടൈഗർ ഷ്രോഫ് ഈ ഫ്ലാറ്റ് വാങ്ങിയത്. 2019 നവംബർ 30-ന് ഇതിന്റെ പ്ലോട്ട് കൈവശം ലഭിച്ചു.
ഒക്ടോബർ 18ന് വൈകുന്നേരം മുംബൈയിലെ ജൂഹു പ്രദേശത്തുവെച്ച് ടൈഗർ ഷ്റോഫിന്റെ കാറിന് നേരെ രണ്ട് പേർ വെടിയുതിർക്കുകയും ബൈക്കിൽ രക്ഷപ്പെടുകയും ചെയ്തിരുന്നു. സംഭവത്തിൽ താരം പരിക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ ഡ്രൈവർക്കും സമീപത്തുണ്ടായിരുന്ന ഒരാൾക്കും പരിക്കേറ്റിരുന്നു. ഈ സംഭവത്തിന് തൊട്ടുപിന്നാലെയാണ് ഫ്ലാറ്റ് വിൽപ്പനയുടെ വിവരങ്ങൾ പുറത്തുവരുന്നത്.
ഏകദേശം ഒരു വർഷം മുമ്പ് ഇതേ റുസ്തംജി പാരമൗണ്ട് പ്രോജക്റ്റിലെ 22-ാം നിലയിലുള്ള ഫ്ലാറ്റ് 15.6 കോടി രൂപക്ക് ടൈഗർ വിറ്റിരുന്നു. 2018-ൽ 11.62 കോടി രൂപക്ക് വാങ്ങിയ ഈ ഫ്ലാറ്റ് വിറ്റതിലൂടെ 31 ശതമാനത്തോളം ലാഭമാണ് അദ്ദേഹത്തിന് ലഭിച്ചത്. 1,989.72 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ ഫ്ലാറ്റിനൊപ്പം മൂന്ന് കാർ പാർക്കിംഗ് സൗകര്യങ്ങളുമുണ്ടായിരുന്നു.
2026 മാർച്ച് 31-ന് പൂനെയിലെ ഹഡാപ്സറിലുള്ള യൂ പൂനെ ബിൽഡിംഗിലെ 4249 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഫ്ലാറ്റ് 8.87 കോടി രൂപക്ക് നടൻ വിറ്റിരുന്നു. 2024 മാർച്ച് മാസത്തിൽ 7.5 കോടി രൂപക്ക് വാങ്ങിയ പ്രോപ്പർട്ടി വിറ്റതിലൂടെ 18.3% റിട്ടേൺ ഓൺ ഇൻവെസ്റ്റ്മെന്റ് ആണ് ലഭിച്ചത്. ആക്ഷൻ രംഗങ്ങളിലൂടെയും നൃത്തച്ചുവടുകളിലൂടെയും ശ്രദ്ധേയനായ ടൈഗർ ഷ്റോഫ് ബോളിവുഡ് താരം ജാക്കി ഷ്രോഫിന്റെ മകനാണ്. 2014-ൽ പുറത്തിറങ്ങിയ ഹീറോപന്തി എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.


