മകനെയും മോഹൻലാലിനെയും കാണാതെ മടക്കം
text_fieldsകൊല്ലം: നാല് പതിറ്റാണ്ടുകാലം മലയാള സിനിമയിലെ സ്ഥിരസാന്നിധ്യമായിരുന്ന ടി.പി. മാധവന്റെ അവസാനകാലം ദുരിതം നിറഞ്ഞ ഏകാന്തതയുടേതായിരുന്നു. എട്ട് വർഷം മുമ്പ് സിനിമയിലെ തിരക്കുകളില്നിന്നൊഴിഞ്ഞ് ആശ്രമജീവിതവും അജ്ഞാതവാസവും ആഗ്രഹിച്ചാണ് ഹരിദ്വാറിലേക്ക് പോയത്. അവിടെവെച്ച് പക്ഷാഘാതം സംഭവിച്ചു. ഹരിദ്വാറിലെ സന്ന്യാസിമാരും മറ്റും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ച് ചികിത്സിപ്പിച്ചു. നടക്കാമെന്നായപ്പോള്‍ അവര്‍ അദ്ദേഹത്തെ തിരികെ നാട്ടിലേക്കയച്ചു. എന്നാൽ തിരുവനന്തപുരത്തെത്തി ലോഡ്ജ് മുറിയില്‍ ദുരിതജീവിതം നയിച്ചുവന്ന അദ്ദേഹത്തെ ചില സുഹൃത്തുക്കളാണ് പത്തനാപുരം ഗാന്ധിഭവനിലെത്തിച്ചത്. രണ്ട് പ്രധാന ആഗ്രഹങ്ങള്‍ ബാക്കിയാക്കിയാണ് അദ്ദേഹം യാത്രയായതെന്ന് ഗാന്ധിഭവൻ അധികൃതർ പറയുന്നു. ഏക മകനെയും നടൻ മോഹന്‍ലാലിനെയും കാണണമെന്നതായിരുന്നു അവ.
കൊല്‍ക്കത്തയില്‍ വെച്ച് യാദൃച്ഛികമായി നടന് മധുവുമായി പരിചയപ്പെട്ടതാണ് 40ാമത്തെ വയസ്സിൽ അദ്ദേഹത്തിന് ചലച്ചിത്രലോകത്തേക്ക് വഴി തുറന്നത്. അക്കൽദാമ എന്ന സിനിമയിൽ മധുവിന്റെ പ്രേരണയിൽ ചെറിയവേഷം ചെയ്തു. പിന്നീട് മധു സംവിധാനം ചെയ്ത കാമം ക്രോധം മോഹം എന്ന സിനിമയിലും അഭിനയിച്ചു. പിന്നീട് അഭിനയത്തിനായി മദ്രാസിലേക്ക് പോയി. 1975ൽ റിലീസായ രാഗം എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്ത് ടി.പി സജീവസാന്നിധ്യമായി. ഈ സിനിമ വിജയിച്ചതോടെ നിരവധി വേഷങ്ങൾ അദ്ദേഹത്തെ തേടിയെത്തി. വില്ലൻ വേഷങ്ങളിലായിരുന്നു തുടക്കമെങ്കിലും ശേഷം കോമഡി വേഷങ്ങളും പിന്നീട് സ്വഭാവ വേഷങ്ങളും ചെയ്തു. അറുന്നൂറോളും സിനിമകളിലും മുപ്പതിലധികം ടി.വി സീരിയലുകളിലും അദ്ദേഹം വേഷമിട്ടു.
മകൾ, പ്രിയംവദ, അഗ്നിപുഷ്പം, തീക്കനൽ, കാഞ്ചനസീത തുടങ്ങിയവ ആദ്യകാലത്തെ ശ്രദ്ധേയ ചിത്രങ്ങളായിരുന്നു. വിയറ്റ്നാം കോളനി, സന്ദേശം, പപ്പയുടെ സ്വന്തം അപ്പൂസ്, കല്യാണരാമൻ, യാത്രക്കാരുടെ ശ്രദ്ധക്ക്, അയാൾ കഥ എഴുതുകയാണ്, നരസിംഹം എന്നിവയാണ് പിന്നീട് വന്ന ശ്രദ്ധേയ സിനിമകളിൽ ചിലത്. കുട്ടിക്കാലം മുതല്‍ തന്നെ പാട്ടിലും അഭിനയത്തിലും തൽപരനായിരുന്ന ടി.പി, തന്റെ ആദ്യകാല കര്മമേഖലകളായിരുന്ന മുംബൈ, കൊല്‍ക്കത്ത, ബംഗളൂരു എന്നിവിടങ്ങളിലെല്ലാം മലയാളി സംഘടനകളിലെ സജീവസാന്നിധ്യമായിരുന്നു.
അവിടെ നാടകാഭിനയത്തിലും തിളങ്ങി. 1983ല്‍ ചന്ദ്രകുമാര്‍ സംവിധാനം ചെയ്ത ആന എന്ന ചിത്രം നിര്‍മിച്ചതും ടി.പിയാണ്. അവസാനകാലത്ത് ‘അമ്മ’ നൽകിയിരുന്ന 5000 രൂപ പെൻഷൻ മാത്രമായിരുന്നു വരുമാനം. അത് അദ്ദേഹം ഭാരവാഹിയായിരിക്കെ സംഘടന കൊണ്ടുവന്ന പദ്ധതിയാണ്.