‘നേരില്‍ കാണണമെന്ന് കരുതി, കാത്തുനില്‍ക്കാതെ ശ്രീനിയേട്ടന്‍ പോയി’; അനുശോചിച്ച് വി.ഡി. സതീശൻ
text_fieldsകോഴിക്കോട്: നടൻ ശ്രീനിവാസന്‍റെ നിര്യാണത്തിൽ അനുശോചിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വലിയ ലോകത്തെ ചെറിയ മനുഷ്യരുടെ ജീവിതവും ചെറിയ ലോകത്തെ വലിയ മനുഷ്യരുടെ ജീവിതവും അസാധാരണ ശൈലിയില്‍ പകര്‍ത്തി എഴുതിയ അതുല്യ കലാകാരനായിരുന്നു ശ്രീനിവാസന്‍ എന്ന് വി.ഡി. സതീശൻ അനുശോചിച്ചു.
തൊട്ടതെല്ലാം പൊന്നാക്കിയ മലയാള സിനിമയിലെ ബഹുമുഖ പ്രതിഭ. അഞ്ച് പതിറ്റാണ്ട് നീണ്ട ശ്രീനിവാസന്റെ സിനിമാ ജീവിതം അവസാനിക്കുന്നത് മറ്റാര്‍ക്കും എത്തിപ്പിടിക്കാന്‍ കഴിയാത്ത നേട്ടങ്ങളോടെയാണ്. അതാണ് ശ്രീനാവാസിന്റെ എഴുത്തിന്റെ ആഴവും അഭിനയത്തിന്റെ പരപ്പും.
പ്രിയദര്‍ശന്‍ ചെയ്ത ചതിയാണ് തന്നെ തിരക്കഥാകൃത്ത് ആക്കിയതെന്ന് ശ്രീനിവാസന്‍ പതിവ് ശൈലിയില്‍ സരസമായി പലവട്ടം പറഞ്ഞിട്ടുണ്ട്. എന്നാല്‍ അത് മലയാള സിനിമയുടെ ഭാഗ്യമായിരുന്നെന്ന് കാലം തെളിയിച്ചു. ഊതി കാച്ചിയെടുത്ത പൊന്നു പോലെ ശ്രീനിവാസന്‍ എഴുതിയതും അഭിനയിച്ച് ഫലിപ്പിച്ചതുമായ കഥാപാത്രങ്ങള്‍ മിക്കതും നമുക്ക് ചിരപരിചയമുള്ളവരായിരുന്നു. അത്രമേല്‍ മലയാളി പൊതുസമൂഹത്തോട് ചേര്‍ന്ന് നില്‍ക്കുന്നവരായിരുന്നു. അതുവരെയുള്ള നായക സങ്കല്‍പ്പത്തെ പൊളിച്ചെഴുതുന്നതായിരുന്നു. അതുകൊണ്ടാണ് അതെല്ലാം കാലാതിവര്‍ത്തിയാകുന്നത്. തലയണമന്ത്രവും വടക്കുനോക്കിയന്ത്രവും ചിന്താവിഷ്ടയായ ശ്യാമളയുമൊക്കെ ക്ലാസിക്കുകള്‍ ആകുന്നതും അങ്ങനെയാണ്.
അസാധാരണ മനക്കരുത്തിന്റേയും പോരാട്ടവീര്യത്തിന്റെയും പ്രതീകമായിരുന്നു ശ്രീനിവാസന്‍. ഒരു ശരാശരി മലയാളിയുടെ ജീവിതത്തിന്റെ വിവിധ തലങ്ങള്‍ ഹൃദയസ്പര്‍ശിയായി ശ്രീനിവാസന്‍ എഴുതി, അഭിനയിച്ച് ഫലിപ്പിച്ചു. അതില്‍ നഗ്‌നമായ ജീവിത യാഥാര്‍ഥ്യങ്ങളുണ്ട്, പ്രണയമുണ്ട്, വിരഹമുണ്ട്, നിസഹായതയുണ്ട്, നിഷ്‌കളങ്കമായ സ്‌നേഹമുണ്ട്, സൗഹൃദമുണ്ട്, വെറുപ്പും പ്രതികാരവുമുണ്ട്, നെഞ്ചില്‍ തറക്കുന്ന ആക്ഷേപഹാസ്യമുണ്ട്, നിശിതമായ വിമര്‍ശനമുണ്ട്, അപ്രിയ സത്യങ്ങളുമുണ്ട്. ശ്രീനിവാസന്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞത് കേരള സമൂഹത്തിന് വലിയ വലിയ സന്ദേശമാണ് നല്‍കിയത്.
ശ്രീനിവാസന്‍ എഴുതിയതും പറഞ്ഞതും തിരശീലയില്‍ കാണിച്ചതും ഒരു ദിവസം ഒരിക്കലെങ്കിലും ഓര്‍ക്കാത്ത മലയാളി ഉണ്ടാകില്ല. അതില്‍ ദേശ, പ്രായ, ജാതി, മത രാഷ്ട്രീയ വ്യത്യാസങ്ങളില്ല. ഇന്നലെ തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ടപ്പോള്‍ ഞാനും ശ്രീനിവാസനെ ഓര്‍ത്തിരുന്നു. സന്ദേശത്തിലെ വാചകങ്ങള്‍ ഓര്‍ത്തെടുത്തു. ശ്രീനിവാസന്‍ എന്ന പ്രതിഭക്ക് ബിഗ് സല്യൂട്ട് നല്‍കി. എറണാകുളത്ത് മടങ്ങിയെത്തുമ്പോള്‍ ശ്രീനിവാസനെ നേരില്‍ കാണണമെന്ന് കരുതിയതാണ്. അതിന് കാത്തു നില്‍ക്കാതെ ശ്രീനിയേട്ടന്‍ പോയി. മലയാള സിനിമയില്‍ ഞാന്‍ കണ്ട അതുല്യ പ്രതിഭക്ക്, നിഷ്‌കളങ്കനായ മനുഷ്യന്, മനുഷ്യ സ്‌നേഹിക്ക്, പ്രിയ സുഹൃത്തിന് വിട.
ശ്രീനിവാസന്‍റേത് എതിർവാക്കുകളില്ലാത്ത കലാജീവിതം -കെ.സി. വേണുഗോപാൽ
എതിർവാക്കുകളില്ലാത്ത കലാജീവിതമായിരുന്നു ശ്രീനിവാസന്റേത്. നർമ്മം ഒരു ബാഹ്യാഭരണം മാത്രമായിരുന്നു ശ്രീനിവാസന്. ആ നർമത്തെ നമ്മളിലേക്ക് അഴിച്ചുവിട്ട്, സമൂഹത്തിലെ തെറ്റായ പ്രവണതകളെ തുറന്നുകാണിച്ച പുതിയ സിനിമാ ആഖ്യാന ശൈലിക്ക് തുടക്കം കുറിച്ച ശ്രീനിവാസൻ എന്ന ബഹുമുഖ പ്രതിഭ, ഒരു ചരിത്രം തന്നെ ബാക്കിവെച്ചാണ് നമ്മയോട് യാത്രാമൊഴി ചൊല്ലുന്നത്.
ചോര തുടിക്കുന്ന തിരക്കഥകൾ, അതിനെ നർമത്തിൽ ചാലിച്ച് അവതരിപ്പിക്കുന്ന നടന വൈഭവം, മനുഷ്യൻ നേരിടുന്ന ഓരോ പ്രശ്‌നങ്ങളിലും സ്വന്തം കൈമുദ്ര പതിപ്പിക്കണമെന്ന് വാശിയുള്ള വ്യക്തിത്വം. അതൊക്കെയായിരുന്നു ശ്രീനിവാസൻ. ഭരണകൂടത്തെയും ഒന്നിനെയും ഏതിനെയും ഭയപ്പെടാതെ മാനുഷിക പ്രതിസന്ധികളെ ആഴത്തിൽ വരച്ചെടുക്കുകയായിരുന്നു ശ്രീനിവാസൻ തന്റെ കലാജീവിതത്തിലുടനീളം.
ആക്ഷേപഹാസ്യത്തിന്റെ സാധ്യതകൾ സൂക്ഷ്മമായിത്തന്നെ ഉപയോഗിച്ച ശ്രീനിവാസന്‍റെ ആദ്യകാല സിനിമകൾ സാധാരണ മനുഷ്യരുടെ ജീവിതത്തിന്‍റെ നിസഹായതകളും സങ്കടങ്ങളും മിഴിവോടെ ആവിഷ്കരിച്ചു. സത്യൻ അന്തിക്കാടിനൊപ്പം അദ്ദേഹം ചെയ്ത വരവേൽപ്പ് അടക്കമുള്ള സിനിമകൾ മലയാളിയുടെ ഒരു കാലഘട്ടത്തിന്‍റെ ചരിത്രവും ജീവിതവും പറയുന്നവയാണ്. ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച ചിന്താവിഷ്ടയായ ശ്യാമള, വടക്കുനോക്കിയന്ത്രം എന്നീ ചിത്രങ്ങൾ ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 1991ൽ പുറത്തിറങ്ങിയ ‘സന്ദേശ’ത്തിന്റെ രാഷ്ട്രീയവും കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിൽ ഇന്നും ചർച്ച ചെയ്യപ്പെടുന്നുണ്ട്.
പലകുറിയും നേരിൽ സംസാരിച്ചിട്ടുണ്ട്, രാഷ്ട്രീയവും സാമൂഹികവും വിമർശനാത്മകവുമായ കാര്യങ്ങൾ. സൗഹൃദത്തിന് അത്രമേൽ പ്രാധാന്യം കൽപ്പിച്ച പ്രിയപ്പെട്ട ശ്രീനി, നമ്മെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും അതിലേറെ സമൂഹത്തോട് കലഹിച്ചും ഇനിയുമിവിടെയുണ്ടാകും, വരും തലമുറകൾക്ക് മുന്നിൽ. ശ്രീനിക്ക് ഹൃദയത്തിൽ തൊട്ട ആദരാഞ്ജലികൾ. വേദന താങ്ങാൻ ആ കുടുംബത്തിനും സൗഹൃദവലയത്തിനും സഹപ്രവർത്തകർക്കും മലയാളത്തിനും കഴിയട്ടെ.
ശ്രീനിവാസന്റേത് എക്കാലവും നിലനില്‍ക്കുന്ന സൃഷ്ടികള്‍ -സണ്ണി ജോസഫ്
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ വിയോഗത്തില്‍ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് അഗാധമായ ദുഃഖം രേഖപ്പെടുത്തി. മലയാളികള്‍ നെഞ്ചിലേറ്റിയ അനുഗ്രഹീത കലാകാരനാണ് അദ്ദേഹം. 25 വര്‍ഷം മുമ്പിറങ്ങിയ സന്ദേശം പോലുള്ള സിനിമകള്‍ ഇന്നും സമൂഹം ചര്‍ച്ച ചെയ്യുന്നു. സാധാരണ ജനങ്ങളുടെ ജീവല്‍ പ്രശ്നങ്ങളെ ആക്ഷേഹാസ്യത്തിന്റെ മേമ്പൊടിയിട്ട് അവതരിപ്പിച്ച സൃഷ്ടികളെ ജനം ഇരുകയ്യും നീട്ടി സ്വീകരിച്ചു. മറ്റുള്ളവരെ വിമര്‍ശിക്കുമ്പോള്‍ അതിലും തീവ്രതയില്‍ സ്വയം വിമര്‍ശിക്കാനും കളിയാക്കുമ്പോള്‍ അതിലും ശക്തമായി സ്വയം കളിയാക്കാനും തയാറായ അപൂര്‍വ പ്രതിഭയായിരുന്നു അദ്ദേഹം. ഭാവനാ സമ്പന്നനായ ശ്രീനിവാസന്റെ സൃഷ്ടികള്‍ മലയാളികള്‍ എക്കാലവും മനസ്സില്‍ സൂക്ഷിക്കും.
സമൂഹ മനഃസാക്ഷിയെ സ്വാധീനിച്ച കലാകാരന്‍ -കെ. സുധാകരന്‍
നടന്‍ ശ്രീനിവാസന്റെ നിര്യാണത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കെ. സുധാകരന്‍ എം.പി അനുശോചിച്ചു. ചിന്ത കൊണ്ടും എഴുത്തും കൊണ്ടും മലയാള സമൂഹ മനഃസാക്ഷിയെ സ്വാധീനിച്ച കലാകാരന്‍. നര്‍മത്തിലൂടെ ആക്ഷേപത്തിന്റെ കൂരമ്പുകള്‍ അദ്ദേഹത്തിന്റെ സൃഷ്ടികളില്‍ നിറഞ്ഞു നില്‍ക്കുമ്പോഴും ശുദ്ധഹൃദയനായ കലാകാരനായിരുന്നു. സാധാരണക്കാരന്റെ ജീവിതം തന്‍മയത്വത്തോടെ അവതരിപ്പിച്ച ശ്രീനിവാസന്റെ വിയോഗം കേരളീയ സമൂഹത്തിന് വലിയ നഷ്ടമാണെന്നും കെ. സുധാകരന്‍ പറഞ്ഞു.
ഇന്ന് രാവിലെയാണ് നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചത്. തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഇന്ന് രാവിലെ അസുഖം മൂർഛിച്ചതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കണ്ണൂർ സ്വദേശിയായ ശ്രീനിവാസൻ കൊച്ചി ഉദയംപേരൂരിലാണ് താമസം.


