‘ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ രാത്രി’; സംഗീത് ചിത്രങ്ങൾ പങ്കുവെച്ച് വിജയ് ദേവരകൊണ്ടയും രശ്മികയും
text_fieldsഫെബ്രുവരി 26ന് ഉദയ്പൂരിൽ വെച്ച് വിവാഹിതരായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും തങ്ങളുടെ വിവാഹ ആഘോഷങ്ങളുടെ മനോഹരമായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു കൊണ്ടിരിക്കുകയാണ്. ഫെബ്രുവരി 24ന് നടന്ന സംഗീത് ചടങ്ങിലെ സ്വപ്നതുല്യമായ ദൃശ്യങ്ങളാണ് താരദമ്പതികൾ ആരാധകർക്കായി ഇപ്പോൾ പങ്കുവെച്ചത്. ഹിറ്റ് ഗാനങ്ങളും വൈകാരികമായ പ്രസംഗങ്ങളും ഹൃദയസ്പർശിയായ നിമിഷങ്ങളും നിറഞ്ഞ ആ ചടങ്ങ് അവസാനിച്ചപ്പോൾ താരങ്ങൾക്കും അതിഥികൾക്കും കണ്ണുനിറഞ്ഞുപോയി.
‘ചിരിച്ച് കണ്ണ് നിറഞ്ഞ, കാലുകൾ വേദനിക്കുന്നത് വരെ നൃത്തം ചെയ്ത, പ്രിയപ്പെട്ടവരുടെ പ്രസംഗങ്ങൾക്കും സർപ്രൈസുകൾക്കും മുന്നിൽ വികാരാധീനരായ ഒരു സായാഹ്നം’ സംഗീത് ചടങ്ങിലെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് വിജയ് സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെയാണ്. കറുത്ത നിറത്തിലുള്ള ഹെവി എംബ്രോയ്ഡറി ചെയ്ത കുർത്തയും പാന്റ്‌സുമായിരുന്നു വിജയ്‌യുടെ വേഷം. തിളങ്ങുന്ന സിൽവർ ലെഹങ്കയും സ്ലിക്ക്-ബാക്ക് ബൺ ഹെയർസ്റ്റൈലുമായി രശ്മിക അതീവ സുന്ദരിയായി വിജയ്‌ക്കൊപ്പം തിളങ്ങി.
നൃത്തത്തിനിടെ രശ്മികയെ എടുത്തുയർത്തുന്ന ഒരു റൊമാന്റിക് വിഡിയോയും വിജയ് പങ്കുവെച്ചിട്ടുണ്ട്. ‘തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ രാത്രി’ എന്നാണ് രശ്മിക ഈ ചടങ്ങിനെ വിശേഷിപ്പിച്ചത്. ‘സ്നേഹവും ആനന്ദക്കണ്ണീരും ചിരിയും സംഗീതവും നിറഞ്ഞ രാത്രി. ഞാനും വിജുവും പരസ്പരം സർപ്രൈസ് നൽകാൻ ആഗ്രഹിച്ചതും, കുടുംബാംഗങ്ങൾ ഞങ്ങൾക്കായി ഒരുക്കിയ സർപ്രൈസുകളും, അവർ അത്രയും സ്വതന്ത്രമായി നൃത്തം ചെയ്യുന്നത് കണ്ടതിലെ സന്തോഷവുമെല്ലാം വാക്കുകൾക്ക് അപ്പുറമാണ്’ രശ്മിക ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. തങ്ങളുടെ മനോഹരമായ വസ്ത്രങ്ങൾ ഡിസൈൻ ചെയ്ത ഫാൽഗുനി പീക്കോക്കിനും ഷെയ്ൻ പീക്കോക്കിനും ഇരുവരും നന്ദി അറിയിച്ചു.
തെലുങ്ക് സിനിമാലോകത്തെ ഏറ്റവും ജനപ്രിയമായ ഓൺ-സ്‌ക്രീൻ ജോഡികളിലൊന്നാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. ഇവരുടെ പേരുകൾ ചേർത്തുവെച്ച് ആരാധകർ നൽകിയ 'വിരോഷ്' എന്ന പേര് ഇന്ന് സോഷ്യൽ മീഡിയയിൽ തരംഗമാണ്. വർഷങ്ങളായി വിജയും രശ്മികയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. ഇരുവരും ഒന്നിച്ചുള്ള യാത്രകളുടെ ചിത്രങ്ങൾ പലപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. 2018ൽ ഇരുവരും ഒന്നിച്ചഭിനയിച്ച ആദ്യ സിനിമ ‘ഗീതാ ഗോവിന്ദം’ തെന്നിന്ത്യയിൽ വൻ ഹിറ്റായിരുന്നു.


