മലേഷ്യയിലും വിജയ് ആരാധകർ ഇരച്ചെത്തി, ആവേശം തുളുമ്പി ജനനായകൻ ഓഡിയോ ലോഞ്ച്
text_fieldsതമിഴ് സൂപ്പർ താരം വിജയ് നായകാനായെത്തുന്ന ജനനായകന്‍റെ ഓഡിയോ ലോഞ്ചിന് മലേഷ്യയിൽ ഇരച്ചെത്തി ആരാധകർ. വിജയ് ആരാധകര്‍ ഏറെയുള്ള മലേഷ്യയിലെ ക്വാലലംപൂരിലെ ബുകിത് ജലീല്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ ആരാധകരുടെ വൻതിരക്കാണ് അനുഭവപ്പെട്ടത്. വിജയിന്‍റെ കരിയറിലെ അവസാന ചിത്രമായ ജനനായകന്‍ വരുന്ന പൊങ്കലിനാണ് തിയറ്ററുകളില്‍ എത്തുന്നത്.
ഓഡിയോ ലോഞ്ച് വിഡിയോകളിൽ കാണികൾ തിങ്ങി നിറഞ്ഞ സ്റ്റേഡിയവും ആരാധകരെ അഭിവാദ്യം ചെയ്യുന്ന വിജയ്‍യെയും കാണാം. 75,000 മുതല്‍ 90,000 വരെ കാണികള്‍ എത്തുമെന്ന് സംഘടാകർ പ്രതീക്ഷിച്ചിരുന്ന പരിപാടിയാണ് ഇത്. അതിലേറെ ആളുകളെ സ്റ്റേഡിയത്തിൽ കാണാം. 'ദളപതി തിരുവിഴ' എന്നാണ് പരിപാടിയുടെ പേര്.
എസ്.പി.ബി ചരണ്‍, വിജയ് യേശുദാസ്, ടിപ്പു, ഹരിചരണ്‍, ഹരീഷ് രാഘവേന്ദ്ര, കൃഷ്, ആന്‍ഡ്രിയ ജെറമിയ, ശ്വേത മോഹന്‍, സൈന്ധവി എന്നിങ്ങനെ 30 ഗായകന്‍ വിജയ് ചിത്രങ്ങളിലെ ഹിറ്റ് ഗാനങ്ങള്‍ ആലപിക്കും. വിജയ്‍യുടെ മാതാപിതാക്കളും സംവിധായകരായ ആറ്റ്ലി, നെല്‍സണ്‍ ദിലീപ്‍കുമാര്‍, പൂജ ഹെഗ്ഡേ എന്നിവരൊക്കെ പരിപാടിയില്‍ പങ്കെടുത്തു.
കരിയറിൽ കത്തി നില്‍ക്കുമ്പോഴാണ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് വിജയ് സിനിമയില്‍ നിന്ന് താന്‍ പിന്മാറുകയാണെന്ന് അറിയിച്ചത്. ഇതിൽ ദുഖം അറിയിച്ചുകൊണ്ട് ആരാധകരോടൊപ്പം പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്.


