Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightമാലകൾ ഇടേണ്ട,...

മാലകൾ ഇടേണ്ട, തങ്കമകുടം തരേണ്ട; തമിഴ് തായ്നാട് തന്ന അൻപ് പോതുമേ...

text_fields
bookmark_border
മാലകൾ ഇടേണ്ട, തങ്കമകുടം തരേണ്ട; തമിഴ് തായ്നാട് തന്ന അൻപ് പോതുമേ...
cancel

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ വിജയ് എന്ന സി. ജോസഫ് വിജയ് പദവികൾ ചോദിച്ചു വാങ്ങുകയായിരുന്നില്ല. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി തമിഴ് ജനതയുടെ ഹൃദയത്തിൽ അയാൾ നേടിയെടുത്ത അംഗീകാരത്തിന്റെ സ്വാഭാവികമായ പരിണാമമായിരുന്നു ഈ നിയമസഭാ തെരഞ്ഞെടുപ്പ് വിജയം. സിനിമയിലൂടെ ഓരോ വീട്ടിലും എത്തിയ ശേഷമാണ് താൻ രാഷ്ട്രീയത്തിലേക്ക് വന്നതെന്ന വിജയിന്റെ പ്രഖ്യാപനം ഇന്ന് തമിഴ്നാട് സത്യമാക്കിയിരിക്കുന്നു.

വിജയ് യുടെ രാഷ്ട്രീയം

അണ്ണാദുരൈ, കരുണാനിധി, എം.ജി.ആർ, ജയലളിത തുടങ്ങിയവർ വെള്ളിത്തിരയെ രാഷ്ട്രീയ ആയുധമാക്കിയ അതേ പാരമ്പര്യത്തിലാണ് വിജയിന്റെയും വരവ്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ ചില ഘടകങ്ങൾ വിജയിക്കുണ്ട്. എം.ജി.ആറിനെപ്പോലെ വലിയൊരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ (DMK) ഭാഗമായല്ല വിജയ് വന്നത്. കേവലം രണ്ട് വർഷത്തിനുള്ളിൽ സ്വന്തം പാർട്ടിയായ തമിഴക വെട്രി കഴകത്തെ (TVK) അദ്ദേഹം വലിയ ഒറ്റക്കക്ഷിയാക്കി മാറ്റി. വെറും ആരാധകകൂട്ടമായിരുന്ന 'വിജയ് മക്കൾ ഇയക്കം' എന്ന സംഘടനയെ കൃത്യമായ ഡാറ്റാബേസും താഴെത്തട്ടിൽ സേവന സന്നദ്ധതയുമുള്ള ഒരു രാഷ്ട്രീയ പാർട്ടിയായി വിജയ് രൂപാന്തരപ്പെടുത്തി.

ശക്തമായ വാട്സാപ്പ് ശൃംഖല

വർഷങ്ങളായി സജീവമായ വാട്സാപ്പ് ഗ്രൂപ്പുകളെ പ്രചാരണത്തിനുള്ള പ്രധാന ആയുധമാക്കി മാറ്റി. താഴെത്തട്ടിലെ വിവരങ്ങൾ വിജയ്‍യുടെ നേതൃത്വത്തിലുള്ള ഉന്നത സമിതിയിലേക്ക് എത്തുകയും, മറുപടി നിർദ്ദേശങ്ങൾ ഉടൻ തന്നെ താഴേക്ക് നൽകുകയും ചെയ്യുന്ന 'ഫീഡ്‌ബാക്ക് ലൂപ്പ്' ടി.വി.കെയുടെ കരുത്തായി.

ബി.ജെ.പിയും ഡി.എം.കെയും ഉയർത്തിയ വെല്ലുവിളികൾ

90കളിൽ പൂവേ ഉനക്കാക, കാതലുക്ക് മര്യാദൈ എന്നീ സിനിമകളിലൂടെ അമ്മമാരുടെയും സഹോദരിമാരുടെയും പ്രിയങ്കരനായ കുടുംബനായകനായിരുന്നു വിജയ്. പതുക്കെ ഗില്ലി, തുപ്പാക്കി, മെർസൽ, ലിയോ എന്നീ സിനിമകളിലൂടെ വിജയ് ഒരു 'മാസ്' ഹീറോയായി വളർന്നു.

2017ൽ മെർസൽ എന്ന സിനിമയിലെ ജി.എസ്.ടി വിമർശനത്തിന്റെ പേരിൽ ബി.ജെ.പി നടത്തിയ കടന്നാക്രമണങ്ങളാണ് വിജയിന്റെ രാഷ്ട്രീയ പ്രതിച്ഛായ വർധിപ്പിച്ചത്. അദ്ദേഹത്തിന്റെ ക്രിസ്ത്യൻ ഐഡന്റിറ്റി (ജോസഫ് വിജയ്) ചർച്ചയാക്കി ബി.ജെ.പി നേതാവ് എച്ച്. രാജ നടത്തിയ നീക്കം തിരിച്ചടിക്കുകയാണ് ചെയ്തത്. അതോടെ വിജയ് ഒരു ആന്റി-എസ്റ്റാബ്ലിഷ്മെന്റ് ഹീറോയായി മാറി.

'വിസിൽ' മുഴങ്ങുന്നു

പാർട്ടി ചിഹ്നമായ വിസിൽ ജനങ്ങളിലേക്ക് എത്തിക്കാൻ ടി.വി.കെ സ്വീകരിച്ചത് വേറിട്ട വഴികളാണ്. വീടുകൾക്ക് മുന്നിലെ കോലങ്ങളിൽ പോലും വിസിൽ ചിഹ്നം ഇടംപിടിച്ചു. സോഷ്യൽ മീഡിയയിലൂടെയും ഓഫ്‌ലൈനായും ഈ ചിഹ്നം അതിവേഗം തമിഴകത്തെ ഓരോ കുടുംബത്തിലും പരിചിതമായി.

മുന്നിലെ വെല്ലുവിളികൾ

പതിറ്റാണ്ടുകൾക്ക് ശേഷം തമിഴ്നാട് ഒരു സഖ്യകക്ഷി ഭരണത്തിലേക്ക് നീങ്ങുമ്പോൾ വിജയ് എന്ന ഭരണാധികാരി എങ്ങനെയായിരിക്കും എന്ന ആകാംക്ഷയിലാണ് രാജ്യം. സിനിമ ഭരിക്കുന്നത് പോലെ എളുപ്പമല്ല ഒരു സംസ്ഥാനത്തിന്റെ ഭരണനിർവ്വഹണമെന്ന് വിമർശകർ ഓർമിപ്പിക്കുന്നു. എങ്കിലും, അടഞ്ഞുകിടന്ന തമിഴ് രാഷ്ട്രീയത്തിന്റെ വാതിലുകൾ ഒരു പുതിയ മാറ്റത്തിനായി വിജയ് തുറന്നിട്ടിരിക്കുകയാണ്.

Show Full Article
TAGS:Actor Vijay TVK tamil politics Tamil Nadu Election celebrity news 
News Summary - Vijay who walked into people’s hearts, came out with stupendous mandate
Next Story