തൃഷയുടെ ഒറ്റ പോസ്റ്റിൽ വിറ്റുപോയത് 400 കേക്കുകൾ; ചെന്നൈയിൽ തരംഗമായി ‘സി.എം കേക്ക്’
text_fieldsതമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യുടെ ജന്മദിനാഘോഷത്തിൽ തിളങ്ങിയ ഒരു കേക്ക് ഇപ്പോൾ ചെന്നൈയിൽ തരംഗമായി മാറിയിരിക്കുകയാണ്. വിജയ്‌യുടെ 52-ാം ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ, ആ ചടങ്ങിൽ ഉപയോഗിച്ച ‘മാംഗോ വനില’ കേക്കിന് ചെന്നൈ നഗരത്തിൽ വൻ ഡിമാൻഡാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ മാത്രം ഇതേ മോഡലിലുള്ള മുന്നൂറിലധികം കേക്കുകളാണ് വിറ്റഴിഞ്ഞതെന്ന് ഇത് തയാറാക്കിയ ബേക്കർ വെളിപ്പെടുത്തുന്നു.
പ്രത്യേക അഭിമുഖത്തിലാണ് ചെന്നൈ സ്വദേശിയായ ബേക്കർ തൻവി ബൊക്കാരിയ ഈ അപ്രതീക്ഷിത വിജയത്തെക്കുറിച്ച് സംസാരിച്ചത്. തങ്ങൾ നിർമിച്ച കേക്കിന് പെട്ടെന്ന് ഇത്രയധികം ജനപ്രീതി ലഭിക്കാൻ കാരണം നടി തൃഷ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു ചിത്രമാണെന്ന് തൻവി പറയുന്നു.
ജൂൺ 22നായിരുന്നു തൃഷ വിജയ്‌ക്കൊപ്പമുള്ള ജന്മദിന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ‘എല്ലാത്തിനും അർത്ഥമുണ്ടാക്കുന്ന വ്യക്തിക്ക് ജന്മദിനാശംസകൾ’ എന്ന അടിക്കുറിപ്പോടെയായിരുന്നു വിജയ്‌യും തൃഷയും ചിരിച്ചുനിൽക്കുന്ന ചിത്രം തൃഷ പോസ്റ്റ് ചെയ്തത്. തൃഷ ഇൻസ്റ്റാഗ്രാമിൽ വിജയ്‌യെ അൺഫോളോ ചെയ്തു എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ ചിത്രം വന്നതെന്നത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു.
ചിത്രം വൈറലായതോടെ വിജയ് ആരാധകർ അതിലെ ഓരോ ചെറിയ വിശദാംശങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കാൻ തുടങ്ങി. ഇതിനിടയിലാണ് ആഘോഷ മേശപ്പുറത്തിരുന്ന കേക്കുകൾ ആരാധകരുടെ ശ്രദ്ധയിൽപ്പെട്ടത്. തൻവി ബൊക്കാരിയയുടെ ഉടമസ്ഥതയിലുള്ള 'ദി സ്റ്റബൺ ബേക്കർ' തയാറാക്കിയ മാംഗോ വനില കേക്ക് ആരാധകർ തിരിച്ചറിഞ്ഞതോടെ ഓർഡറുകളുടെ പ്രവാഹമായി മാറുകയായിരുന്നു.
രാത്രിയോടെയാണ് തങ്ങളുടെ കേക്ക് ഇത്രമേൽ പ്രശസ്തമായതെന്ന കാര്യം ബേക്കറി ഉടമയായ തൻവി അത്ഭുതത്തോടെയാണ് ഓർക്കുന്നത്. ‘ഇതൊരു പെട്ടെന്നുള്ള പ്രശസ്തിയായിരുന്നു. ഏത് വിശേഷത്തിനാണ് ഈ കേക്ക് ഓർഡർ ചെയ്തതെന്ന് ഞങ്ങൾക്ക് മുൻകൂട്ടി അറിയില്ലായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി ഓർഡറുകൾ കാരണം വലിയ തിരക്കിലാണ് ഞങ്ങൾ. എന്റെ ടീമിലുള്ളവരെല്ലാം മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ വലിയ ആരാധകരാണ് തൻവി പറഞ്ഞു.
കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ മാത്രം ഈ ഇനത്തിൽ പെട്ട 300 മുതൽ 400 വരെ കേക്കുകളാണ് ചെന്നൈയിൽ വിറ്റഴിഞ്ഞത്. ഈ കേക്കിന്റെ ജനപ്രീതി കാരണം ഉപഭോക്താക്കൾ ഇതിന് പുതിയൊരു പേരും നൽകിയിട്ടുണ്ട്. മുൻപ് മാംഗോ കേക്ക് എന്ന് വിളിച്ചിരുന്ന ഈ വിഭവം ഇപ്പോൾ ചെന്നൈയിൽ അറിയപ്പെടുന്നത് സി.എം കേക്ക് എന്നാണ്. ബേക്കറിയിൽ എത്തുന്നവർ ഇപ്പോൾ സി.എം കേക്ക് കിട്ടുമോ എന്ന് ചോദിച്ചാണ് ഓർഡർ നൽകുന്നതെന്നും തൻവി വ്യക്തമാക്കുന്നു.
വിജയ്‌യുടെ ജന്മദിന ചിത്രത്തിൽ ഒന്നിലധികം കേക്കുകൾ ഉണ്ടായിരുന്നു. ഇവയെല്ലാം എവിടെ നിന്നുള്ളതാണെന്ന് കണ്ടെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു ആരാധകർ. സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലെ കണ്ടെത്തലുകൾ പ്രകാരം, ചിത്രത്തിലുണ്ടായിരുന്ന 'തിരമിസു' കേക്ക് ഹൈദരാബാദിലെ പ്രശസ്തമായ പാറ്റിസേരി കോൺകു കഫേയിൽ നിന്നുള്ളതായിരുന്നു. 'സ്ട്രോബെറി വൈറ്റ് ചോക്ലേറ്റ്' കേക്ക് ചെന്നൈയിലെ തന്നെ ദി ഷെഫ് ഹൗസ് എന്ന ബേക്കറിയിൽ നിന്നുള്ളതാണെന്നും ആരാധകർ കണ്ടെത്തി.
വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് വിജയ്‌യും തൃഷയും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സമയത്താണ് ഈ കേക്ക് തരംഗവും ഉണ്ടായിരിക്കുന്നത്. എന്തായാലും ഒരു സ്വകാര്യ ജന്മദിനാഘോഷ ചടങ്ങിൽ മുറിക്കാനായി കൊണ്ടുപോയ കേക്ക്, വിജയ് ആരാധകരുടെ സ്നേഹം കാരണം ഇന്ന് ചെന്നൈയിലെ ഏറ്റവും വലിയ ട്രെൻഡായി മാറിയിരിക്കുകയാണ്.


