'ഇവിടെ എങ്ങനെ ജീവിക്കാൻ കഴിയും?' ജനക്കൂട്ടവും ബഹളവും കാരണം പ്രദേശത്തെ സമാധാനം നഷ്ടപ്പെട്ടെന്ന് വിജയ്‌യുടെ അയൽവാസികൾ
text_fieldsവിജയ്
തമിഴ്‌നാട് തെരഞ്ഞെടുപ്പിന് മുന്നോടിയായി പനയൂരിലെ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടി.വി.കെ) ഓഫീസിൽ ഓപ്ഷണൽ നോമിനേഷൻ ഫോമുകൾ എടുക്കാൻ വളണ്ടിയർമാരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. എന്നാൽ ഈ പ്രദേശത്തെ താമസക്കാർക്ക് ഈ ജനക്കൂട്ടവും ബഹളവും വലിയ പ്രയാസമായി മാറിയിരിക്കുകയാണ്. തങ്ങളുടെ സമാധാനം നഷ്ടപ്പെട്ടതായി പ്രദേശവാസികൾ മാധ്യമങ്ങളോട് പരാതിപ്പെട്ടു.
ആയിരക്കണക്കിന് ടി.വി.കെ വളണ്ടിയർമാരും വിജയ് ആരാധകരും ഫോമുകൾ വാങ്ങാൻ പാർട്ടി ഓഫീസിൽ എത്തുന്നുണ്ട്. വെള്ളിയാഴ്ച പനയൂരിൽ 3000ത്തിലധികം പേർ എത്തിയതായി തന്തി ടിവി റിപ്പോർട്ട് ചെയ്തു. ഇത് വിജയ്‌യുടെ പാർട്ടിയെയും ആരാധകരെയും സന്തോഷിപ്പിച്ചെങ്കിലും, പരിസരവാസികൾക്ക് അത് ബുദ്ധിമുട്ടുണ്ടാക്കി. ടി.വി.കെ ഓഫീസിന് പുറത്ത് ഉണ്ടായ ജനത്തിരക്കിന്‍റെ വിഡിയോകൾ പി.ടി. ടിവിയും പോളിമർ ന്യൂസും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. പൊലീസ് ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ശ്രമിച്ചതോടെ ഗതാഗത കുരുക്കും പ്രദേശത്ത് ഏർപ്പെട്ടു.
'ഇനിയും ഞങ്ങൾ മിണ്ടാതെ ഇരിക്കില്ല. പണം ചെലവഴിച്ചാണ് ഞങ്ങൾ ഇവിടേക്ക് താമസം മാറിയത്. ഇ.സി.ആർ (ഈസ്റ്റ് കോസ്റ്റ് റോഡ്) ൽ സമാധാനപരമായ അന്തരീക്ഷവും ചുറ്റുപാടുമാണെന്നു കരുതി. എന്നാൽ ചുറ്റും നോക്കൂ, ഇവിടെ ഇത്രയും വലിയ ഒരു ജനക്കൂട്ടമുണ്ട്. ആരെങ്കിലും ഇവിടെ താമസിക്കുമോ?' പ്രദേശവാസി പരാതിപ്പെട്ടു. 'ഇപ്പോൾ ഞങ്ങളുടെ തെരുവുകളിൽ സ്വതന്ത്രമായി നടക്കാൻ പോലും ഞങ്ങൾക്ക് കഴിയുന്നില്ല. അവർ ബാരിക്കേഡുകൾ സ്ഥാപിക്കുകയാണ്. ഇത് വളരെ ബുദ്ധിമുട്ടാണ്.' മറ്റൊരു അയൽക്കാരൻ പറഞ്ഞു.


