ദേവ് ആനന്ദിന് പൊതുസ്ഥലത്ത് കറുത്ത കോട്ട് ധരിക്കുന്നതിന് വിലക്കോ? സിഗ്നേച്ചർ ശൈലി അപകടകരമായത് എങ്ങനെ?
text_fieldsബോളിവുഡിലെ നിത്യഹരിത നായകൻ ഇന്നും വാഴ്ത്തപ്പെടുന്ന കാലാതീതമായ ആകർഷണീയതയുള്ള ദേവ് ആനന്ദിന് ഇന്നും ആരാധകർ ഏറെയാണ്. നടൻ, സംവിധായകൻ, എഴുത്തുകാരൻ, നിർമാതാവ്, രാഷ്ട്രീയ പ്രവർത്തകൻ എന്നിങ്ങനെ പല മേഖലയിലും കഴിവ് തെളിയിച്ച ദേവാനന്ദ് വെള്ളിത്തിരയില്‍ എക്കാലവും കത്തിനിന്ന ജനപ്രിയ താരങ്ങളിൽ ഒരാളായിരുന്നു. കരിയറിൽ നൂറിലധികം സിനിമകളിൽ അഭിനയിച്ച ദേവാനന്ദ് വളരെ പെട്ടെന്നാണ് ആരാധകരുടെയും ചലച്ചിത്രമേഖലയിലുള്ളവരുടെയും മനസിൽ ഇടംപിടിച്ചത്. ആറ് പതിറ്റാണ്ട് നീണ്ടുനിന്ന സിനിമാജീവിതത്തില്‍ നിരവധി ഫിലിംഫെയര്‍ പുരസ്‌കാരങ്ങളും 2001ല്‍ പദ്മഭൂഷണും 2002ല്‍ ദാദാ സാഹിബ് ഫാല്‍ക്കേ പുരസ്‌കാരവും ദേവാനന്ദിനെ തേടിയെത്തി.
1946ലാണ് പ്രഭാത് ഫിലിംസിന്റെ 'ഹം ഏക് ഹേ' എന്ന ചിത്രത്തിലേക്കുള്ള അവസരം ലഭിക്കുന്നത്. രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തിറങ്ങിയ 'സിദ്ദി' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെ ആദ്യ ഹിറ്റ് ദേവാനന്ദ് സ്വന്തമാക്കി. പിന്നീടങ്ങോട്ട് നിരവധി അവസരങ്ങളാണ് ദേവാനന്ദിനെ തേടിയെത്തിയത്. 1950കളില്‍ ബോളിവുഡ് പിന്തുടര്‍ന്ന ബോംബെ നോയര്‍ ചിത്രങ്ങള്‍ക്ക് തുടക്കമിട്ടത് ദേവാനന്ദ് ആയിരുന്നു. ജാല്‍, ടാക്‌സി ഡ്രൈവര്‍, മുനിംജി, സി.ഐ.ഡി, പോക്കറ്റ് മാര്‍, ഫന്തൂഷ്, പേയിങ് ഗസ്റ്റ്, കാലാപാനി തുടങ്ങി നിരവധി ചിത്രങ്ങള്‍ അദ്ദേഹത്തിന്റേതായി വന്നു. ഇതില്‍ കാലാപാനി ചില വിവാദങ്ങള്‍ക്കും വഴിയൊരുക്കി.
അക്കാലത്ത് അദ്ദേഹം ഒരു ഫാഷൻ ഐക്കൺ കൂടിയായിരുന്നു. എന്നാൽ പൊതുസ്ഥലത്ത് കറുത്ത കോട്ട് ധരിക്കുന്നതിൽ ദേവ് ആനന്ദിന് വിലക്കുണ്ടായിരുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? കാലാ പാനി (1958), ഹം ദോനോ (1961) തുടങ്ങിയ ചിത്രങ്ങളടക്കം നിരവധി ചിത്രങ്ങളിൽ ദേവ് ആനന്ദിന്‍റെ കറുത്ത കോട്ട് ഏറെ ശ്രദ്ധ നേടി. പിന്നീടാണ് അതൊരു ഫാഷൻ സെൻസേഷനായി മാറിയത്. ഉയരമുള്ള ശരീരം, സിഗ്നേച്ചർ പഫ്ഡ് മുടി എന്നിവ കറുത്ത കോട്ടിനെ തികച്ചും പൂരകമാക്കി. അത് പിന്നീട് ദേവ് ആനന്ദിന്‍റെ ട്രേഡ്മാർക്ക് സ്റ്റൈലായി മാറി. പ്രേക്ഷകർ ആ ലുക്കിനെ പൂർണ്ണമായും അവനുമായി ബന്ധപ്പെടുത്താൻ തുടങ്ങി.
കറുത്ത കോട്ട് ധരിച്ച് ദേവ് ആനന്ദ് എത്തുമ്പോൾ സ്ത്രീകൾ അവന്‍റെ കരിഷ്മയിൽ മയങ്ങിപ്പോവുമായിരുന്നു. ദേവ് ആനന്ദിനെ കാണാതെ പോയാൽ സ്ത്രീകൾ കെട്ടിടങ്ങളിൽ നിന്ന് ചാടി മരിക്കുമെന്ന സംഭവങ്ങൾ വരെ ഉണ്ടായി. സ്ഥിതിഗതികൾ വളരെ രൂക്ഷമായതോടെ തിക്കിലും തിരക്കിലും അപകടങ്ങളിൽ അകപ്പെടാൻ സാധ്യതയുള്ളതിനാൽ കോടതി നടനോട് പൊതുപരിപാടികളിൽ പങ്കെടുക്കുമ്പോൾ കറുത്ത സ്യൂട്ട് ധരിക്കരുതെന്ന് ആവശ്യപ്പെട്ടതായി പൊതുവെ ഒരു ധാരണയുണ്ട്. എന്നിരുന്നാലും, ഇത് സംബന്ധിച്ച് സ്ഥിരീകരണമൊന്നുമില്ല.
നിരവധി അഭിമുഖങ്ങളിലും ആത്മകഥയായ റൊമാൻസിങ് വിത്ത് ലൈഫിലും, തന്‍റെ കറുത്ത കോട്ടിനെ കുറിച്ച് ദേവ് ആനന്ദ് സംസാരിച്ചിട്ടുണ്ട്. ഒടുവിൽ ബഹളം സൃഷ്ടിക്കുന്നത് ഒഴിവാക്കാൻ അത് ധരിക്കുന്നത് നിർത്തിയെന്നും ദേവ് ആനന്ദ് പരാമർശിച്ചു. പിന്നീട് സിനിമാ വേഷങ്ങൾക്കും അദ്ദേഹം ഭാരം കുറഞ്ഞ സ്യൂട്ടുകളും പാസ്റ്റൽ നിറങ്ങളുമാണ് സ്വീകരിച്ചത്. പല താരങ്ങൾക്കും സിഗ്നേച്ചർ ലുക്കുകൾ ഉണ്ടായിരുന്നെങ്കിലും, അവരുടെ വസ്ത്രധാരണ തിരഞ്ഞെടുപ്പുകൾ ഇത്രയും വലിയ ആവേശത്തിന് കാരണമായെന്ന് ചുരുക്കം ചിലർക്ക് മാത്രമേ പറയാൻ കഴിയൂ.
70കളിലാണ് ദേവാനന്ദിലെ സംവിധായകനെ ചലച്ചിത്രലോകം അറിയുന്നത്. പ്രേം പൂജാരിയായിരുന്നു സംവിധാനം ചെയ്ത ആദ്യചിത്രം. ഹരേ രാമ ഹരേ കൃഷ്ണ, ഹീരാ പന്നാ, ദേശ് പര്‍ദേശ്, ലൂട്ട്മാര്‍, സ്വാമി ദാദാ, ഹം നൗജവാന്‍ തുടങ്ങിയ ചിത്രങ്ങളും ദേവാനന്ദിന്റെ സംവിധാനത്തിലെത്തി. 70കളുടെ തുടക്കത്തിൽ ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയിരുന്ന നടനായിരുന്നു ദേവാനന്ദ്. ബോളിവുഡിന്‍റെ ആദ്യ ഫാഷന്‍ ഐക്കണ്‍, ബോളിവുഡിലെ ഏറ്റവും സ്‌റ്റൈലിഷ് ആയ നടന്‍, റൊമാന്റിക് ഹീറോ എന്നിങ്ങനെ നിരവധി വിശേഷണങ്ങള്‍ ദേവാനന്ദിന് മാത്രം സ്വന്തം. 2011ല്‍ പുറത്തിറങ്ങിയ 'ചാര്‍ജ്ഷീറ്റ്' ആയിരുന്നു ദേവാനന്ദിന്റെ അവസാനചിത്രം. 2011 ഡിസംബർ മൂന്നിന് ലണ്ടനിലായിരുന്നു അതുല്യ നടന്‍റെ അന്ത്യം.