‘ഞാൻ ഭക്ഷണമില്ലാതെ ജീവിച്ചിരുന്നു…’ അവസാന അഭിമുഖത്തിൽ റോബോ ശങ്കർ പറഞ്ഞത്
text_fieldsനടൻ റോബോ ശങ്കറിന്റെ പെട്ടെന്നുള്ള വിയോഗത്തിന്‍റെ വേദനയിലാണ് തമിഴ് സിനിമാലോകം. ചിത്രീകരണത്തിനിടെ സെറ്റിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടൻ തന്നെ ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ദിവസങ്ങൾക്കുള്ളിൽ മരണപ്പെടുകയായിരുന്നു. നടൻ സമീപ വർഷങ്ങളിൽ ആരോഗ്യപ്രശ്നങ്ങളാൽ ഏറെ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. മഞ്ഞപ്പിത്തം മൂലം റോബോ ശങ്കറിന്‍റെ ശരീരഭാരം ഗണ്യമായി കുറഞ്ഞു. അവസാന അഭിമുഖങ്ങളിലൊന്നിൽ, തന്റെ ജീവിതശൈലി, മോശം ആരോഗ്യത്തിന് എങ്ങനെ കാരണമായി എന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
'ഞാൻ ബോഡി ബിൽഡിങ്ങിലെ മിസ്റ്റർ ഇന്ത്യ മത്സരത്തിനായി തയാറെടുക്കാറുണ്ടായിരുന്നു. ആ ദിവസങ്ങളിൽ, രാവിലെ ആറ് മണിയോടെ എന്റെ ശരീരം മുഴുവൻ മെറ്റാലിക് പെയിന്റ് ഉപയോഗിച്ച് പെയിന്റ് ചെയ്യുമായിരുന്നു. രണ്ടോ മൂന്നോ മണിക്കൂർ ആ ലൈറ്റുകൾക്ക് മുന്നിൽ നിൽക്കുകയും നൃത്തം ചെയ്യുകയും പ്രകടനം നടത്തുകയും ചെയ്യും. കൂടാതെ ദിവസവും ഇതുപോലുള്ള ആറ് ഷോകളിൽ പങ്കെടുക്കും. വേദനയിൽ നിന്ന് മുക്തി നേടാൻ ഞാൻ ഈ എണ്ണകൾ പുരട്ടുകയും അടുത്ത ദിവസം വിശ്രമമില്ലാതെ മറ്റ് പരിപാടികൾക്ക് പോകുകയും ചെയ്യും. അങ്ങനെ ചെറുപ്പത്തിൽ തന്നെ എനിക്ക് മഞ്ഞപ്പിത്തം പിടിപെട്ടു' -അദ്ദേഹം പറഞ്ഞു.
അടുത്ത കാലത്തായി തന്റെ ക്രമരഹിതമായ ഭക്ഷണശീലങ്ങൾ മഞ്ഞപ്പിത്തം വീണ്ടും വരാൻ കാരണമായിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. 'സമീപകാലത്ത്, എന്റെ ഭക്ഷണശീലങ്ങൾ വളരെ ക്രമരഹിതമായിരുന്നു. പ്രത്യേകിച്ച് ഒരു ഭക്ഷണക്രമവും ഞാൻ പിന്തുടരാറില്ല. അതിനാൽ മഞ്ഞപ്പിത്തം തിരിച്ചുവന്നു. ഇക്കാലത്ത് എനിക്ക് സാധാരണയായി വിശക്കാറില്ല. വിദേശ സ്ഥലങ്ങളിൽ എനിക്ക് ഇത്രയും വിപുലമായ ഷൂട്ടിങ് ഷെഡ്യൂളുകൾ ഉണ്ടായിരുന്നു. അവിടെ ഭക്ഷണമില്ലാതെ ജീവിച്ചിരുന്നു. അങ്ങനെ, കഴിഞ്ഞ ജനുവരിയിൽ പരിശോധിച്ചപ്പോൾ, മഞ്ഞപിത്തം ഗുരുതരമായി. എന്റെ അധ്യായം അവസാനിച്ചതുപോലെയായിരുന്നു' -ശങ്കർ കൂട്ടിച്ചേർത്തു.
ഗ്യാസ്ട്രോഇന്റസ്റ്റൈനൽ രക്തസ്രാവവും ഒന്നിലധികം അവയവങ്ങളുടെ പ്രവർത്തന വൈകല്യവും മൂലമാണ് റോബോ ശങ്കർ അന്തരിച്ചത്. കമൽഹാസൻ, ശിവകാർത്തികേയൻ, വെട്രിമാരൻ എന്നിവരുൾപ്പെടെ സിനിമ മേഖലയിലെ നിരവധി പ്രമുഖർ ചെന്നൈയിൽ നടന്ന സംസ്കാര ചടങ്ങിൽ അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കുകയും കുടുംബത്തെ അനുശോചനം അറിയിക്കുകയും ചെയ്തു. കാർത്തി, സിമ്രാൻ, രാധിക ശരത് കുമാർ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തുടങ്ങി നിരവധിപേർ അദ്ദേഹത്തിന്‍റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയിരുന്നു.
1990 കളുടെ അവസാനത്തിലാണ് അദ്ദേഹം തന്റെ കരിയർ ആരംഭിച്ചത്. പടയപ്പ, ജൂട്ട്, ആയ് തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്തു. ചെന്നൈ കാതൽ, ദീപാവലി, അഴകൻ അഴഗി, ഇതാർക്കുതനെ ആസൈപട്ടൈ ബാലകുമാര, വായ്മൂടി പേസവും തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങളിൽ എത്തി. ധനുഷ് നായകനായ മാരി എന്ന ചിത്രത്തിലെ റോബോ ശങ്കറിന്റെ കഥാപാത്രം ശ്രദ്ധേയമാണ്. മാരി 2, വിശ്വാസം, പുലി, മിസ്റ്റർ ലോക്കൽ, കോബ്ര തുടങ്ങി നിരവധി സിനിമകളിൽ ശങ്കർ അഭിനയിച്ചിട്ടുണ്ട്.