ധര്‍മേന്ദ്രയുടെ സംസ്കാരം നടത്തിയത് ഔദ്യോഗിക ബഹുമതികളില്ലാതെ; താരങ്ങൾ പലരും എത്തിയപ്പോഴേക്കും ചടങ്ങുകൾ പൂർത്തിയായി
text_fieldsധർമേന്ദ്രയുടെ സംസ്കാരത്തിന് എത്തുന്ന താരങ്ങൾ
മുംബൈ: ദീർഘകാലമായി അസുഖ ബാധിതനായി ചികിത്സയിലിരിക്കെ മുംബൈയിലെ വസതിയിൽ ഇന്നലെ അന്തരിച്ച ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്രയുടെ സംസ്കാരം നടന്നത് ഔദ്യോഗിക ബഹുമതികളില്ലാതെ. ഔദ്യോഗിക ബഹുമതികൾ വേണ്ടെന്ന കുടുംബത്തിന്‍റെ തീരുമാനത്തെ തുടർന്നായിരുന്നു ഇത്. അടുത്തിടെ വ്യാജ മരണവാർത്ത വന്നതിനാൽ മാധ്യമങ്ങളെ ഒഴിവാക്കാൻ കുടുംബം ലളിതമായ സംസ്കാര ചടങ്ങാണ് നടത്തിയത്. പവൻ ഹാൻസ് ശ്മശാനത്തിലായിരുന്നു ധർമേന്ദ്രയുടെ അന്ത്യകർമങ്ങൾ. കുടുംബാംഗങ്ങളും നിരവധി ബോളിവുഡ് താരങ്ങളും ആദരാഞ്ജലികൾ അർപ്പിച്ചു.
ധർമേന്ദ്രയുടെ വിയോഗത്തെക്കുറിച്ച് താര കുടുംബം ഔദ്യോഗിക പ്രസ്താവനയൊന്നും പുറപ്പെടുവിച്ചില്ല. മാത്രമല്ല, വേഗം തന്നെ താരത്തിന്റെ ഭൗതികശരീരം ആംബുലൻസിൽ ശ്മശാനത്തിലേക്ക് കൊണ്ടുവരികയും ചെയ്തു. സിനിമ മേഖലയിലെ പ്രവർത്തകർക്ക് പോലും മരണ വാർത്ത കൃത്യ സമയത്ത് ലഭിച്ചില്ല. ശ്മശാനത്തിന് പുറത്ത് ആരാധകർ തടിച്ചുകൂടിയിരുന്നു. അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും ആദ്യം തന്നെ എത്തി. ആമിർ ഖാൻ, അനിൽ കപൂർ, സഞ്ജയ് ദത്ത്, സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ, ഷബാന ആസ്മി എന്നിവരെല്ലാം പിന്നാലെ എത്തി. മുൻകാല താരങ്ങളായ സൈറ ബാനു, ബിശ്വജിത് എന്നിവരും ആദരാഞ്ജലികൾ അർപ്പിക്കാനെത്തി. പല പ്രമുഖ താരങ്ങളും ശ്മശാനത്തിൽ എത്തിയപ്പോഴേക്കും ചടങ്ങുകൾ പൂർത്തിയായിരുന്നു.
ഡിസംബർ എട്ടിന് തൊണ്ണൂറാം പിറന്നാൾ ആഘോഷിക്കാനിരിക്കെയായിരുന്നു ധർമേന്ദ്രയുടെ വിയോഗം. ബോളിവുഡിലെ എക്കാലത്തെയും മികച്ച നടന്മാരിലൊരാളായാണ് ധർമേന്ദ്രയെ വിശേഷിപ്പിക്കുന്നത്. പഞ്ചാബ് സ്വദേശിയായ ധർമേന്ദ്ര ആറു പതിറ്റാണ്ട് ബോളിവുഡിനെ ത്രസിപ്പിച്ചു. മൂന്നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1960ൽ ‘ദിൽ ഭി തേരാ, ഹം ഭി തേരാ’ എന്ന ചിത്രത്തിലൂടെയാണ് അഭിനയത്തിന് തുടക്കം കുറിച്ചത്. അക്കാലത്തെ സൂപ്പർ ഡ്യൂപ്പർ ഹിറ്റായ ‘ഷോലെ’ ‘ചുപ്കെ ചുപ്കെ’, ‘ധരം വീർ’, ‘ഡ്രീം ഗേൾ’, ‘മേരാ ഗാവ് മേരാ ദേശ്’ തുടങ്ങിയ ചിത്രങ്ങളിലെ നായക വേഷങ്ങൾ അദ്ദേഹത്തെ പ്രശസ്തനാക്കി. 2009ല്‍ രാജസ്ഥാനില്‍നിന്നുള്ള ലോക്സഭാംഗമായിരുന്നു. 2012ൽ രാജ്യം പത്മഭൂഷണ്‍ നല്കി ആദരിച്ചു. അമിതാഭ് ബച്ചന്റെ ചെറുമകൻ അഗസ്ത്യ നന്ദയോടൊപ്പം അഭിനയിച്ച ‘ഇക്കിസ്’ ഡിസംബർ 25ന് റിലീസ് ചെയ്യാനിരിക്കെയാണ് മരണം. ഷാഹിദ് കപൂറും കൃതി സനോനും അഭിനയിച്ച ‘തേരി ബാതോം മേം ഐസ ഉൾഝാ ജിയ’ എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. നടി ഹേമമാലിനിയാണ് ഭാര്യ. ആദ്യ ഭാര്യ: പ്രകാശ് കൗർ. സണ്ണി ഡിയോൾ, ബോബി ഡിയോൾ, ഇഷ ഡിയോൾ, അഹാന ഡിയോൾ, വിജേത, അജേത എന്നിവർ മക്കളാണ്.


