‘ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം’; റാപ്പർ വേടൻ വിവാഹിതനായി
text_fieldsതൃശൂർ: റാപ്പർ വേടനും (ഹിരൺദാസ് മുരളി) എഴുത്തുകാരി നവമി ലതയും വിവാഹിതരായി. ഇന്ത്യൻ ഭരണഘടനയെ സാക്ഷിയാക്കി നടന്ന ലളിതമായ ചടങ്ങിലാണ് ഇരുവരും ജീവിതത്തിൽ ഒന്നിച്ചത്. മുളങ്കുന്നത്തുകാവിലെ വടക്കെപ്പറമ്പിൽ വീട്ടിലായിരുന്നു വിവാഹം. ചടങ്ങിൽ അടുത്ത ബന്ധുക്കളും ഉറ്റ സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
ചെമ്പുക്കാവ് സബ് രജിസ്ട്രാർ കെ.എം. ജുജു വീട്ടിലെത്തിയാണ് വിവാഹം രജിസ്റ്റർ ചെയ്തത്. ചടങ്ങിൽ അഡ്വ. മനീഷ രാധാകൃഷ്ണൻ നവദമ്പതികൾക്ക് ഭരണഘടന ആമുഖം വായിച്ചു നൽകി. ദലിത് ആക്ടിവിസ്റ്റ് ടി.എസ്. ശ്യാംകുമാർ വിവാഹച്ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു. വേടന്റെ സഹോദരൻ ഹരി, നവമിയുടെ സഹോദരൻ നവീൻ എന്നിവർ സാക്ഷികളായി ഒപ്പുവെച്ചു.
മലപ്പുറം മഞ്ചേരി ശാന്തിവിലാസം വീട്ടിൽ മുരളീധരന്റെയും ലതയുടെയും മകളാണ് നവമി. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം. വൈകീട്ട് പൂമല ലീഫ് റിസോർട്ടിൽ ഉറ്റവർക്കായി സൽക്കാരവും ഒരുക്കിയിരുന്നു. എഴുത്തുകാരി സാറ ജോസഫ്, സംഗീത ശ്രീനിവാസൻ, ഗായകൻ ഷാഫി കൊല്ലം, സിനിമ താരങ്ങളായ ബിനീഷ് ബാസ്റ്റിൻ, സ്നേഹ ശ്രീകുമാർ തുടങ്ങിയവർ സൽക്കാരത്തിൽ പങ്കെടുത്തു.


