Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right‘ഈ ആദരവ് അവർ...

‘ഈ ആദരവ് അവർ അർഹിച്ചിരുന്നു; മുകളിൽ ഇരുന്ന് നാനി ഇതെല്ലാം കാണുന്നുണ്ടാകും’- വികാരാധീനയായി പേരക്കുട്ടി സനായി ഭോസ്‌ലെ

text_fields
bookmark_border
‘ഈ ആദരവ് അവർ അർഹിച്ചിരുന്നു; മുകളിൽ ഇരുന്ന് നാനി ഇതെല്ലാം കാണുന്നുണ്ടാകും’- വികാരാധീനയായി പേരക്കുട്ടി സനായി ഭോസ്‌ലെ
cancel
camera_alt

ആശാ ഭോസ്‌ലെ, സനായി ഭോസ്‌ലെ

ഏഴ് പതിറ്റാണ്ടുകളായി ഇന്ത്യൻ സംഗീതത്തിന് ഭാവവും താളവും നൽകിയ ശബ്ദമായിരുന്നു ആശാ ഭോസ്‌ലെയുടേത്. പാട്ടിന്റെ ലോകത്തെ ആ വലിയ സാന്നിധ്യം ഇല്ലാതാകുമ്പോൾ ഒരു കാലഘട്ടത്തിനാണ് അവസാനമാകുന്നത്. വെറുമൊരു ഗായിക എന്നതിലുപരി, ഓരോ ഇന്ത്യക്കാരന്റെയും ജീവിതത്തിലെ പല നിമിഷങ്ങളിലും ആ ശബ്ദം കൂട്ടുണ്ടായിരുന്നു.

അനശ്വര ഗായിക ആശാ ഭോസ്‌ലെക്ക് വിടചൊല്ലി രാജ്യം വിതുമ്പുമ്പോൾ, ഹൃദയസ്പർശിയായ കുറിപ്പുമായി പേരക്കുട്ടി സനായി ഭോസ്‌ലെ. മുംബൈയിലെ ശിവാജി പാർക്കിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ നടന്ന സംസ്കാര ചടങ്ങുകൾക്ക് പിന്നാലെയാണ് സനായി ഇൻസ്റ്റാഗ്രാമിലൂടെ തന്റെ ദുഃഖം പങ്കുവെച്ചത്.

‘വികാരങ്ങൾ അടക്കാനാവാത്ത അവസ്ഥയിലാണ് ഞാൻ. എപ്പോഴെങ്കിലും എനിക്ക് എഴുതാൻ സാധിക്കുമെന്ന് കരുതുന്നു. ഇന്ന് ഇത്രയധികം ആളുകൾ അവരെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നത് കാണുമ്പോൾ ഹൃദയം നിറയുന്നു. അവർ ഇത് അർഹിച്ചിരുന്നു. നമ്മുടെ ഓരോരുത്തരുടെയും ഹൃദയത്തിൽ അവർ എന്നും ജീവിക്കും. മുകളിൽ ഇരുന്ന് അവർ ഇതെല്ലാം കാണുന്നുണ്ടാകും’ സനായി കുറിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മുതൽ ആശാജിയുടെ ആരോഗ്യവിവരങ്ങൾ ആരാധകരെ അറിയിച്ചിരുന്നതും സനായിയായിരുന്നു.

ഏപ്രിൽ 12ന് 92-ാം വയസ്സിലായിരുന്നു ആശാ ഭോസ്‌ലെയുടെ അന്ത്യം. നെഞ്ചിലെ അണുബാധയെത്തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലായിരുന്ന അവർ അവയവങ്ങൾ ഒന്നൊന്നായി തകരാറിലായതിനെത്തുടർന്നാണ് അന്തരിച്ചത്. ഏപ്രിൽ 13ന് ശിവാജി പാർക്ക് ശ്മശാനത്തിൽ നടന്ന സംസ്കാര ചടങ്ങുകളിൽ സിനിമാ-സംഗീത മേഖലയിലെ പ്രമുഖർ പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോഹ്‌ലി തുടങ്ങിയ പ്രമുഖർ ഗായികക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. ആമിർ ഖാൻ, രൺവീർ സിങ്, വിക്കി കൗശൽ തുടങ്ങിയവർ നേരിട്ടെത്തി അന്ത്യോപചാരം അർപ്പിച്ചു.

ലോവർ പരേലിലെ വസതിയിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ ആയിരക്കണക്കിന് ആരാധകരാണ് അവസാനമായി ഒരു നോക്ക് കാണാൻ എത്തിയത്. കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയായിരുന്നു വിലാപയാത്ര നടന്നത്. ഇന്ത്യൻ സംഗീത ലോകത്തെ ഒരു യുഗത്തിനാണ് ആശാ ഭോസ്‌ലെയുടെ വിയോഗത്തോടെ അന്ത്യമായത്.

Show Full Article
TAGS:Emotional Note Asha Bhosle funeral celebrity news 
News Summary - Zanai Bhosle Pens Emotional Note After Grandma Asha Bhosle’s Funeral
Next Story