വേദനയായി സുബീൻ ഗാർഗിന്റെ മരണത്തിനു മുമ്പുള്ള അവസാന വിഡിയോ
text_fieldsസ്കൂബ ഡൈവിംഗിനിടെ ഉണ്ടായ ഒരു അപകടത്തെ തുടർന്ന് മരണത്തിനു കീഴടങ്ങിയ വിഖ്യാത ഗായകൻ സുബീൻ ഗാർഗിന്റെ അവസാന വിഡിയോ വൈറലാവുന്നു. സിംഗപ്പൂരിലെ സൺടെക്കിൽ നടക്കാനിരിക്കുന്ന നാലാമത് നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ അദ്ദേഹം ആളുകളെ ക്ഷണിക്കുന്നതാണ് വിഡിയോയിൽ ഉള്ളത്. സെപ്റ്റംബർ 20ന് നടക്കുന്ന ഫെസ്റ്റിവലിൽ സുബീൻ പരിപാടി അവതരിപ്പിക്കാൻ പോകുകയായിരുന്നു.
‘സിംഗപ്പൂരിലെ സുഹൃത്തുക്കളെ, സെപ്റ്റംബർ 20, 21 തീയതികളിൽ സിംഗപ്പൂരിലെ സൺടെക്കിൽ നടക്കുന്ന നാലാമത് നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിലേക്ക് നിങ്ങളെ ക്ഷണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇന്ത്യയുടെ മറഞ്ഞുകിടക്കുന്ന ഭാഗങ്ങൾ പര്യവേക്ഷണം ചെയ്യാൻ വരൂ. ഗുണനിലവാരമുള്ള കാർഷിക, കരകൗശല ഉൽപ്പന്നങ്ങൾ, ചായ അനുഭവം, നൃത്തരൂപങ്ങൾ, ഫാഷൻ ഷോകൾ, ഇന്ത്യയുടെ വടക്കുകിഴക്കൻ പ്രദേശങ്ങളിൽ നിന്നുള്ള റോക്ക് ബാൻഡുകൾ, റാപ്പർമാർ എന്നിവരെ അവതരിപ്പിക്കുന്ന വൈകുന്നേരത്തെ സംഗീത ഷോ എന്നിവ ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു’ എന്ന് അദ്ദേഹം വിഡിയോക്ക് അടിക്കുറിപ്പും നൽകിയിരുന്നു.
‘ഫെസ്റ്റിവലിൽ ഉടനീളം സാംസ്കാരിക ബ്രാൻഡ് അംബാസഡറായി ഞാൻ ഉണ്ടാകും. 20-ാം തീയതി വൈകുന്നേരം എന്റെ ജനപ്രിയ ഹിന്ദി, ബംഗാളി, അസമീസ് ഗാനങ്ങളുമായി ഞാൻ പരിപാടി അവതരിപ്പിക്കും. നിങ്ങളെ എല്ലാവരെയും ക്ഷണിക്കാൻ ആഗ്രഹിക്കുന്നു. ശനിയാഴ്ചയും ഞായറാഴ്ചയുമായിരിക്കും. പ്രവേശനം സൗജന്യമാണ്. എല്ലാവരും വന്ന് ഞങ്ങളെ പിന്തുണക്കുക. ചിയേഴ്‌സ്!’ എന്ന് അദ്ദേഹം തുടർന്ന് എഴുതി.
സ്കൂബ ഡൈവിംഗിനിടെ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് സിംഗപ്പൂർ പൊലീസ് കടലിൽ നിന്ന് രക്ഷപ്പെടുത്തി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടർമാർക്ക് അദ്ദേഹത്തെ രക്ഷിക്കാൻ കഴിഞ്ഞില്ല.
നിരവധി ബംഗാളി, അസമീസ് ഗാനങ്ങൾ സുബീൻ രചിക്കുകയും ആലപിക്കുകയും ചെയ്തിരുന്നു. ഹിന്ദിയിൽ, ഇമ്രാൻ ഹാഷ്മി, കങ്കണ റണാവത്ത്, ഷൈനി അഹൂജ എന്നിവർ അഭിനയിച്ച ‘ഗാംഗ്സ്റ്റർ’ എന്ന ചിത്രത്തിലെ ‘യാ അലി’ ആയിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ ഗാനം. ക്രിഷ് 4ൽ ‘ദിൽ തു ഹി ബാത’ എന്ന ട്രാക്കും അദ്ദേഹം ആലപിച്ചു. ഈ ഗാനത്തിൽ ഋത്വിക് റോഷനും കങ്കണ റണാവത്തും ആയിരുന്നു വേഷമിട്ടത്.