ഡിസ് ലൈക്കിനെക്കാൾ കൂടുതൽ ലൈക്ക്; വിദ്വേഷ പ്രചരണങ്ങളൊന്നും ഏൽക്കില്ല; 'ധുരന്ധർ' റിവ്യൂവിനെതിരെ നടക്കുന്ന പ്രചരണങ്ങളിൽ ധ്രുവ് റാഠി
text_fieldsആദിത്യ ധർ സംവിധാനം ചെയ്ത രൺവീർസിങും അക്ഷയ് സിങും അണിനിരന്ന ബോളിവുഡ് ചിത്രം ധുരന്ധറിനെക്കുറിച്ച് കഴിഞ്ഞ ദിവസങ്ങളിൽ യൂടൂബർ ധ്രുവ് റാഠി പങ്കുവെച്ച റിവ്യൂ വിഡിയോ വലിയ വിമർശനങ്ങൾക്കും ചർച്ചകൾക്കും വഴി വെച്ചിരുന്നു. സോഷ്യൽ മീഡിയയിൽ ഡിസ് ലൈക്കുകൾ കൊണ്ട് നിറഞ്ഞ വിഡിയോക്ക് വീണ്ടും പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇൻഫ്ലുവൻസർ.
എക്സിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ സിനിമയുടെ റിവ്യൂ വിഡിയോക്കെതിരെ അറിഞ്ഞുകൊണ്ട് ഒരു വിഭാഗം വിദ്വേഷ കാംപെയ്ൻ നടത്തിയെന്നാണ് ദ്രുവ് ആരോപിക്കുന്നത്. വിഡിയോക്ക് താഴെ അറിഞ്ഞുകൊണ്ട് ആളുകൾ മോശം കമന്‍റുകൾ കൊണ്ട് നിറക്കുകയും കൂട്ടത്തോടെ ഡിസ് ലൈക്ക് ചെയ്യുകയുമായിരുന്നുവെന്ന് ദ്രുവ് പറയുന്നു. ധുരന്ധറിന്‍റെ നിർമാതാവ് ആദിത്യ ബി.ജെ.പി അനുഭാവിയും പ്രൊപഗൻഡ സിനിമകളുടെ നിർമാതാവുമാണെന്നും ദ്രുവ് ആരോപിക്കുന്നു.
വാട്സാപ്പ് ,റെഡിറ്റ്, എക്സ് എന്നീ സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് തന്‍റെ സിനിമ റിവ്യൂ ചെയ്യുന്ന വിഡിയോ റിപ്പോർട്ട് ചെയ്യാനും ഡിസ് ലൈക്ക് ചെയ്യാനും സംഘടിത ഗ്രൂപ്പുകൾ ആഹ്വാനം ചെയ്തതെന്നാണ് ദ്രുവ് ആരോപിക്കുന്നത്. ചാനൽ സബ്സ്ക്രൈബ് ചെയ്താൽ മാത്രം കമന്‍റ് ചെയ്യാൻ കഴിയുന്ന സംവിധാനം ഓണാക്കിയത് വിദ്വേഷകരെ കൂടുതൽ പ്രകോപിപ്പിച്ചെന്ന് പറഞ്ഞ ദ്രുവ് അഭിപ്രായ സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തിയെന്ന ആരോപണങ്ങളെ തള്ളിക്കളഞ്ഞു. വിഡിയോക്കെതിരെ വിദ്വേഷ പ്രചരണങ്ങൾ ഉണ്ടായിട്ടും തന്‍റെ കാഴ്ചക്കാരിൽ 90 ശതമാനം പേരും വിഡിയോ ലൈക്ക് ചെയ്തിട്ടുണ്ടെന്ന് യുടൂബ് സ്റ്റുഡിയോ സ്ക്രീൻ ഷോട്ടുകൾ നിരത്തി ധ്രുവ് വ്യക്തമാക്കി.


