ഡോക്യുമെൻററിയിലൂടെ ‘ചലനം’ തുടരും
text_fieldsമലപ്പുറം: കെ.വി. റാബിയയുടെ ജീവിതം അടിസ്ഥാനമാക്കി 1996ൽ നിർമിച്ച ഡോക്യുമെൻററിയിലൂടെ അവർ ഇനിയും നമുക്ക് മുന്നിലുണ്ടാകും. ‘റാബിയ ചലിക്കുന്നു’ എന്നപേരിൽ പുറത്തിറങ്ങിയ ഡോക്യുമെൻററി സംവിധാനം ചെയ്തത് അക്ബർ അലിയായിരുന്നു. എബ്രഹാം ബെൻഹറായിയുന്നു നിർമാണം. 1997ലെ ദേശീയ അവാർഡിനും ‘റാബിയ ചലിക്കുന്നു’ അർഹമായി.
റാബിയ ജീവിതത്തിൽ നേരിടേണ്ടിവന്ന യാതനകളും അവർ നടത്തിയ പോരാട്ടങ്ങളുമാണ് ഡോക്യുമെന്ററിയിലൂടെ അഭ്രപാളികളിലേക്ക് പകർത്തിയത്. എ. ലാലുവാണ് റാബിയയുടെ ജീവിതമുഹൂർത്തങ്ങളും ഗ്രാമവും കഥാപാത്രങ്ങളെയും കാമറയിൽ പകർത്തിയത്.
‘ഒരു തുള്ളിയിൽനിന്ന് മഹാനദി ഉത്ഭവിക്കുന്നതുപോലെ റാബിയയിൽനിന്ന് ഒരു മഹാ പ്രസ്ഥാനം ആരംഭിക്കുന്നു’ എന്നുപറഞ്ഞാണ് ഡോക്യുമെന്ററി തുടങ്ങുന്നത്. റാബിയയുടെ വീട് തേടിയെത്തുന്ന ഒരു സംഘത്തിന് മുന്നിൽ നായിക മനസ്സ് തുറക്കുന്നതോടെ ഡോക്യുമെന്ററി പ്രേക്ഷകനെ സാക്ഷരത പ്രവർത്തകയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയായി.
കുട്ടിക്കാലത്ത് നാട്ടിലൂടെ ഓടിക്കളിച്ചും കൂട്ടുകൂടിയും നടന്നതും പത്താം ക്ലാസിൽ പഠിക്കുമ്പോൾ പോളിയോ ബാധിച്ച് അരക്ക് താഴെ തളർന്നതും മനസ്സിനെ ഈറനണയിപ്പിക്കുന്ന കാഴ്ചയാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്.
ശാരീരിക അവശത കാരണം പ്രീഡിഗ്രിയോടെ പഠനം നിർത്തി വീട്ടിൽ ഒതുങ്ങിക്കൂടുന്നതും തുടർന്ന് ജീവിതത്തിൽ പൊരുതി ജയിക്കാൻ മുന്നോട്ടുവരുന്നതും നാട് കൂടെ നിൽക്കുന്നതും വൈകാരികമായി ഡോക്യുമെന്ററി ആവിഷ്കരിക്കുന്നു.
ചക്രക്കസേരയിലിരുന്ന് സ്വയം ചലിച്ചും മറ്റുള്ളവരെ ചലിപ്പിച്ചും റാബിയ മുന്നോട്ടു പോകുന്നതിലൂടെ ഡോക്യുമെന്ററിക്ക് തിരശ്ശീല വീഴുകയായി.