Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightFilmy Talkchevron_right7 സെക്കൻഡുകൾ

7 സെക്കൻഡുകൾ

text_fields
bookmark_border
7 സെക്കൻഡുകൾ
cancel

അമേരിക്കയിൽ കറുത്തവര്‍ഗക്കാരനായ ജോര്‍ജ് േഫ്ലായ്ഡിനെ വെള്ളക്കാരനായ പൊലീസുകാരന്‍ കഴുത്തില്‍ മുട്ടുകാലമര്‍ത്തി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുന്നതിന് രണ്ടു വർഷങ്ങൾക്കു മുമ്പായിരുന്നു ‘സെവൻ സെക്കൻഡ്സ്’ എന്ന ലിമിറ്റഡ് സീരീസ് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുന്നത്. പ്രാണന്റെ പിടച്ചിലിൽ അന്ന് ജോർജ് ഫ്ലോയ്ഡ് വിളിച്ചുപറഞ്ഞ ‘ഐ കാണ്ട് ബ്രീത്ത്’ ഒരു പ്രതിധ്വനിയായി ലോകമൊട്ടാകെ മുഴങ്ങിയിരുന്നു. എന്നാൽ, സെവൻ സെക്കൻഡ്സ് കൈകാര്യം ചെയ്യുന്നത് ഇത്തരമൊരു വിഷയമല്ല.

2018 ഫെബ്രുവരി 23നാണ് ‘സെവൻ സെക്കൻഡ്സ്’ എന്ന അമേരിക്കൻ ക്രൈം ഡ്രാമ സീരീസ് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്. റഷ്യൻ ചിത്രമായ ‘ദ മേജറി’നെ അടിസ്ഥാനമാക്കി ഒരുക്കിയ സീരീസിന്റെ ക്രിയേറ്റർ വീന കാബ്രെറോസ് സുദ് ആണ്. ന്യൂ ജഴ്സിയിൽ നടക്കുന്ന അപകടത്തോടെയാണ് കഥ തുടങ്ങുന്നത്. ബ്രെന്റൺ ബട്‍ലർ എന്ന കറുത്തവർഗത്തിൽപെട്ട 15കാരൻ അപകടത്തിൽ കൊല്ലപ്പെടുകയാണ്. പീറ്റർ ജബ്ലോൻസ്കി എന്ന വെളുത്തവർഗക്കാരനായ പൊലീസ് ഉദ്യോഗസ്ഥന്റെ അശ്രദ്ധയോടെയുള്ള ഡ്രൈവിങ് ആയിരുന്നു കൗമാരക്കാരന്റെ മരണത്തിന് കാരണമായത്. ശേഷം അപകടത്തിന്റെ അനന്തരഫലങ്ങളിലേക്കാണ് സീരീസ് പോകുന്നത്.

സഹപ്രവർത്തകനെ രക്ഷിക്കാനുള്ള ശ്രമത്തിൽ യഥാർഥ സംഭവം മൂടിവെക്കാൻ പൊലീസും അതിനൊപ്പം സംഭവത്തെ ഒരു വിദ്വേഷ കുറ്റകൃത്യമാക്കി മാറ്റാൻ അസിസ്റ്റന്റ് പ്രോസിക്യൂട്ടറും ശ്രമിക്കുകയാണ്. കേസ് തീർപ്പാകാതെ നീണ്ടുപോകുന്തോറും സ്ഥിതി കൂടുതൽ സംഘർഷഭരിതമാകുന്നു. അതിനിടെ, ജഴ്സി സിറ്റിയിൽ വംശീയ സംഘർഷവും ഉടലെടുക്കുന്നുണ്ട്. കറുത്തവർഗക്കാർക്കു നേരെയുള്ള പൊലീസ് അതിക്രമങ്ങൾക്ക് കുപ്രസിദ്ധി നേടിയ രാജ്യമാണ് അമേരിക്ക. അതുമായി ബന്ധപ്പെട്ട സിനിമകളും സീരീസുകളും ധാരാളം പുറത്തുവന്നിട്ടുണ്ട്. എന്നാൽ, സെവൻ സെക്കൻഡ്സ് അവയിൽ നിന്നെല്ലാം വ്യത്യസ്തമാണ്. ചെറിയൊരു അശ്രദ്ധമൂലമുള്ള അപകടമാണ് സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ ഒരുവശം പിടിച്ചുപോകാതെ, പ്രധാനപ്പെട്ട എല്ലാ കഥാപാത്രങ്ങൾക്കും അവരുടെ പ്രവൃത്തിയെ നീതീകരിക്കാനുള്ള ബാക് സ്റ്റോറിയും മറ്റും നൽകിയിട്ടുണ്ട്. പല ഘട്ടങ്ങളിലായി പ്രേക്ഷകനെ ഈറനണിയിക്കാനും സീരീസിന് കഴിയുന്നുണ്ട്. സീരീസ് ചർച്ച ചെയ്യുന്ന വിഷയം ഒരു യഥാർഥ സംഭവമായി പ്രേക്ഷകനെ തോന്നിപ്പിക്കുംവിധം മനോഹരമാണ് കഥാപാത്രങ്ങളുടെ നിർമിതി. സെവൻ സെക്കൻഡിന്റെ ഏറ്റവും വലിയ പോസിറ്റിവ് കഥാപാത്രങ്ങളും പ്രകടനങ്ങളും തന്നെയാണ്. വളരെ മികച്ചൊരു ക്രൈം ഡ്രാമയാണിത്. പൊലീസ്-കോർട്ട് റൂം സിനിമ-സീരീസുകൾ ഇഷ്ടപ്പെടുന്നവർക്ക് ധൈര്യമായി കാണാം.

അവതരണത്തിൽ പുതുമ കൊണ്ടുവരുന്നതിൽ പൂർണമായി വിജയിച്ചില്ല എന്നുള്ളതാണ് ചെറിയൊരു പോരായ്മയായി തോന്നിയത്. സെവൻ സെക്കൻഡ്സ് കണ്ടുകൊണ്ടിരിക്കുമ്പോൾ ചില സൂപ്പർഹിറ്റ് സീരീസുകൾ മനസ്സിലേക്ക് ഓടിവരും. ഒസാർക്, ഷീൽഡ് പോലുള്ള സീരീസുകൾ കണ്ടവരാണെങ്കിൽ പ്രത്യേകിച്ച്. മറ്റുള്ള സീരീസുകളിൽനിന്ന് പലകാര്യങ്ങളും അണിയറപ്രവർത്തകർ കടംകൊണ്ടതായി തോന്നി. അതുപോലെ, വളരെ പതുക്കെയുള്ള സീരീസിന്റെ പോക്ക് ചിലരെയെങ്കിലും മടുപ്പിച്ചേക്കാം.

Show Full Article
TAGS:7 seconds film 
News Summary - 7 seconds
Next Story