‘അഴി’യിലെ തിരയിരമ്പം
text_fieldsഗോവയിൽ നടന്ന രാജ്യാന്തര ചലച്ചിത്രമേളയുടെ (IFFI) ഭാഗമായി സംഘടിപ്പിച്ച വേവ്സ് ഫിലിം ബസാറിൽ ഒരു മലയാളിയുടെ ചിത്രം ശ്രദ്ധ നേടി. നവാഗതയായ ഹെസ്സ സാലിഹ് രചനയും സംവിധാനവും നിർവഹിച്ച ‘അഴി’യാണ് സംഘാടകരുടെയും പ്രേക്ഷകരുടെയും മനസ്സ് കീഴടക്കിയത്. മത്സ്യത്തൊഴിലാളികളുടെ ജീവിതം പശ്ചാത്തലമാക്കിയ ‘അഴി’ എന്ന ഇൻഡിപെഡന്റ് ഫീച്ചർ ഫിലിം എൻ.എഫ്.ഡി.സി (നാഷനൽ ഫിലിം ഡെവലപ്മെന്റ് കോർപറേഷൻ) സംഘടിപ്പിച്ച വേവ്സ് ഫിലിം ബസാറിലെ വർക്ക് ഇൻ പ്രോഗ്രസ് വിഭാഗത്തിൽ മൂന്ന് പുരസ്കാരങ്ങളാണ് വാരിക്കൂട്ടിയത്. ‘അഴി’യുടെ വിശേഷങ്ങളെക്കുറിച്ച് ഹെസ്സയും ടീമും സംസാരിക്കുന്നു.
കാമ്പസ് പ്രോജക്ടിൽനിന്ന് അന്താരാഷ്ട്ര പുരസ്കാരത്തിലേക്ക്
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ (NID) വിഷ്വൽ കമ്യൂണിക്കേഷൻ പഠിക്കുമ്പോഴാണ് ‘അഴി’യുടെ തുടക്കം. ആറു മാസത്തെ ഗ്രാേജ്വഷൻ പ്രോജക്ടായിരുന്നു അത്. ആനിമേഷനും ഗ്രാഫിക്സും ഫിലിം മേക്കിങ്ങും ഇഴചേർന്ന പഠനകാലത്തെ അനുഭവങ്ങളാണ് ഇത്തരമൊരു പരീക്ഷണത്തിന് ധൈര്യം നൽകിയതെന്ന് ‘അഴി’യുടെ സംവിധായക ഹെസ്സ സാലിഹ് പറയുന്നു. വെറുമൊരു ഫിലിം പ്രോജക്ട് എന്നതിലുപരി മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ആഴങ്ങളിലേക്കുള്ള ഒരു അന്വേഷണമായിരുന്നു ‘അഴി’. ആദ്യം ഷോർട്ട് ഫിലിമായി മനസ്സിൽ കരുതിയ ഒരു പ്രോജക്ട് പിന്നീട് ഫീച്ചർ ഫിലിമായി മാറുകയായിരുന്നു. കഥയുടെ ആഴവും അതിന്റെ സാധ്യതകളും തിരിച്ചറിഞ്ഞപ്പോൾ ഈ സിനിമയുടെ കൂടെ നിന്നവരാണ് ഫീച്ചർ ഫിലിമിലേക്കുള്ള വാതിൽ തുറന്നുതന്നത്. 76 മിനിറ്റാണ് ‘അഴി’യുടെ ദൈർഘ്യം.
ഫിഷർ ഫോക് കമ്യൂണിറ്റിയെ കുറിച്ച് നിരവധി റിസർച്ച് പേപ്പറുകൾ പഠിച്ചും അവരുടെ ജീവിതം നേരിട്ട് കണ്ടും പ്രചോദനം ഉൾക്കൊണ്ടാണ് ‘അഴി’ എഴുതുന്നത്. മത്സ്യത്തൊഴിലാളികൾ പഠിച്ചവരല്ലായിരിക്കാം. പക്ഷേ, അവരുടെ അറിവ് വളരെ വലുതാണ്. ഓരോ ദിവസവും കടലിലേക്ക് പോകുന്ന അവരുടെ ധീരതയാണ് എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചതെന്ന് ഹെസ്സ പറയുന്നു. ഈയൊരു കമ്യൂണിറ്റിയെ അടിസ്ഥാനമാക്കി ഒരു സ്റ്റോറി ചെയ്യണമെന്ന് തീരുമാനിക്കുന്നത് അവിടെയാണ്. ഇവരുടെ ജീവിതമല്ല, ‘അഴി’യുടെ യഥാർഥ പ്രമേയം. പക്ഷേ അതാണ് കഥ പറയാനുള്ള മെത്തേഡ്. മുത്തശ്ശിക്കഥയുടെയോ നാടോടിക്കഥയുടെയോ സ്വഭാവമുള്ള ചിത്രമാണിത്, ഹെസ്സ പറയുന്നു.
‘അഴി’ ടീം
വേവ്സ് ഫിലിം ബസാർ
ഗോവയിൽ നടന്ന ഐ.എഫ്.എഫ്.ഐയുടെ ഭാഗമായ വേവ്സ് ഫിലിം ബസാറിൽ മൂന്ന് പുരസ്കാരങ്ങളാണ് അഴി സ്വന്തമാക്കിയത്. ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമാ വിപണിയായ വേവ്സ് ഫിലിം ബസാർ ലോകമെമ്പാടുമുള്ള സിനിമാ നിർമാതാക്കൾ, സംവിധായകർ, വിതരണക്കാർ, നിക്ഷേപകർ എന്നിവർക്ക് കൂടിച്ചേരാനും പുതിയ പ്രോജക്ടുകൾക്ക് ധനസഹായം കണ്ടെത്താനുമുള്ള വേദിയാണ്. സൗദി അറേബ്യയുടെ പ്രശസ്തമായ റെഡ് സീ ഫിലിം ഫൗണ്ടേഷന്റെ സാമ്പത്തിക സഹായമായ റെഡ് സീ ഫണ്ട്, ചിത്രത്തിന്റെ ഡി.ഐ വർക്കുകൾക്കുള്ള പ്രസാദ് കോർപറേഷൻ അവാർഡ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റിവ് ടെക്നോളജീസിന്റെ അത്യാധുനിക സൗകര്യങ്ങൾ ഉപയോഗിക്കാനുള്ള അവസരം എന്നിവയാണ് ലഭിച്ചത്.
അന്താരാഷ്ട്ര മെന്റർമാരുടെ നിർദേശവും സിനിമയുടെ പൂർത്തീകരണത്തിനായി വലിയ സഹായങ്ങളും ലഭിച്ചതോടെ ‘അഴി’ എന്ന ഇൻഡിപെൻഡന്റ് ഫീച്ചർ ഫിലിം അതിന്റെ പൂർണതയിൽ എത്തുകയായിരുന്നു. വർക്ക് ഇൻ പ്രോഗ്രസ് ലാബ് വിന്നർ, പോസ്റ്റ് പ്രൊഡക്ഷൻ വിന്നർ എന്ന നിലയിലാണ് അംഗീകാരം കിട്ടിയത്. 14 രാജ്യങ്ങളിൽനിന്നായി എത്തിയ അമ്പതോളം എൻട്രികൾ. അവസാന അഞ്ച് ചിത്രങ്ങളുടെ ചുരുക്കപ്പട്ടികയിലേക്ക് ഞങ്ങളുടെ സിനിമയും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഈ പട്ടികയിലെ രണ്ട് ചിത്രങ്ങൾ മലയാളത്തിൽനിന്നുള്ളതാണ്. അതിലൊന്ന് ഞങ്ങളുടേതാണെന്ന് പറയുന്നതിൽ അതിയായ സന്തോഷമുണ്ട് -‘അഴി’ ടീം പറയുന്നു.
എന്താണ് ‘അഴി’?
വെറുമൊരു ജീവിതകഥ എന്നതിലുപരി, കലയും സങ്കൽപവും ഇഴചേരുന്ന ചലച്ചിത്രാനുഭവമാണ് ‘അഴി’. യാഥാർഥ്യവും മിത്തുകളും തമ്മിൽ ബന്ധിപ്പിക്കുന്ന മാജിക്കൽ റിയലിസം എന്ന ശൈലിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പഴയ തലമുറയും പുതിയ തലമുറയും തമ്മിലുള്ള ആത്മബന്ധവും അവർ നേരിടുന്ന അതിജീവനത്തിന്റെ വെല്ലുവിളികളുമാണ് ചിത്രം ചർച്ചചെയ്യുന്നത്. സിനിമയുടെ ഒഴുക്ക് സ്വാഭാവികമാണെങ്കിലും ക്ലൈമാക്സിലാണ് പ്രേക്ഷകരെ കാത്തിരിക്കുന്ന യഥാർഥ മാജിക് സംഭവിക്കുന്നത്. ഒരു മിത്തിനെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയ ഈ കഥ മത്സ്യത്തൊഴിലാളികളുടെ ജീവിതത്തിലെ കാണാപ്പുറങ്ങളിലേക്ക് വെളിച്ചം വീശുന്നു.
ഹെസ്സ സാലിഹ്
അഭിനയത്തിലെ നാടകക്കരുത്ത്
മുതിർന്ന നാടകപ്രവർത്തകർ പ്രധാന വേഷങ്ങളിൽ എത്തുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത. എഴുതിവെച്ച ഡയലോഗുകൾ പറയുന്നതിന് പകരം സാഹചര്യങ്ങൾക്കനുസരിച്ച് സംഭാഷണങ്ങൾ മെച്ചപ്പെടുത്താനുള്ള പൂർണ സ്വാതന്ത്ര്യം അവർക്ക് നൽകിയിരുന്നു. വർഷങ്ങളായുള്ള അവരുടെ സൗഹൃദവും റാപ്പോയും സെറ്റിൽ വലിയ ഗുണമായി. ഇങ്ങനെ വേണമെന്ന് നിർബന്ധിക്കാതെ, ഒരു ത്രഡ് ഡെവലപ് ചെയ്യാനാണ് ശ്രമിച്ചതെന്ന് ചിത്രത്തിന്റെ സിനിമാറ്റോഗ്രാഫർ അർജുൻ പറയുന്നു. അനുഭവസമ്പന്നരായ നാടകപ്രവർത്തകർക്കൊപ്പം ഓഡിഷനിലൂടെ തിരഞ്ഞെടുത്ത ഒരുപിടി മികച്ച പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പിന്നീട് ഡബ് ചെയ്യാതെ, യഥാർഥ ലൊക്കേഷനിൽ അഭിനയിക്കുന്നതിനൊപ്പംതന്നെ ശബ്ദലേഖനവും നടത്തുന്ന സിങ്ക് സൗണ്ട് ആണ് മറ്റൊരു പ്രത്യേകത.
മിനിമൽ ക്രൂ
സ്വപ്നം കണ്ടതിനെക്കാൾ വലിയൊരു തീരത്താണ് ഇന്ന് അഴി എത്തിനിൽക്കുന്നത്. വലിയ ബജറ്റുകളോ താരനിരയോ അല്ല, മറിച്ച് സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് ഈ ചിത്രത്തെ ഗോവയിലെ പുരസ്കാരവേദിയിൽ എത്തിച്ചത്. ഇത് ഹെസ്സയുടെ മാത്രം ചിത്രമല്ല. ആർട്ട് ഫാർമേഴ്സ് കൾചറൽ ഹാബിറ്റേഷൻ എന്ന ഫിലിം കലക്ടിവും ഒപ്പമുണ്ട്. ചിത്രത്തിന്റെ സിനിമാറ്റോഗ്രാഫർക്കായി പ്രശസ്ത ഛായാഗ്രാഹകൻ സണ്ണി ജോസഫിനെ സമീപിക്കുന്നിടത്താണ് വഴിത്തിരിവ് സംഭവിക്കുന്നത്. അദ്ദേഹമാണ് അർജുനെ നിർദേശിക്കുന്നത്. അർജുനിലൂടെ മനു, നവാസ് തുടങ്ങിയ സുഹൃത്തുക്കളിലേക്കും അവരുടെ സിനിമ കൂട്ടായ്മയായ ആർട്ട് ഫാർമേഴ്സ് കൾചറൽ ഹാബിറ്റേഷനിലേക്കും എത്തുകയായിരുന്നു. ആർട്ട് ഫാർമേഴ്സ് ഫൗണ്ടറും ചിത്രത്തിന്റെ സൗണ്ട് ഡിസൈനറുമായ നൈതിക് മാത്യു ഈപ്പൻ ചിത്രം ഏറ്റെടുക്കുകയും ഇത് ഒരു ഫീച്ചർ ഫിലിമായി തന്നെ ചെയ്യാമെന്ന ആത്മവിശ്വാസം നൽകുകയും ചെയ്തു.
വളരെ ചെറിയൊരു ക്രൂവിനെ വെച്ച് ഒരു ഇൻഡിപെൻഡന്റ് സിനിമയുടെ പരിമിതികൾക്കുള്ളിൽനിന്നുകൊണ്ടാണ് ‘അഴി’യുടെ വിശാലമായ കാൻവാസ് ഒരുക്കിയത്. അർജുൻ അജിത്തിന്റെ സിനിമാറ്റോഗ്രഫിയും, അസോസിയേറ്റ് ഡയറക്ടർ മനു, എഡിറ്റർ നവാസ്, ശബ്ദലേഖകൻ കാസ്റ്റർ ഗോമസ് എന്നിവരെയും എടുത്തുപറയേണ്ടതാണ്. ഇത്ര വലിയൊരു നേട്ടം ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. ഹെസ്സയുടെ കഥയാണ് അഴിയുടെ നട്ടെല്ല്. ഈ അംഗീകാരം തരുന്ന സന്തോഷം വാക്കുകൾക്ക് അപ്പുറമാണെന്ന് അണിയറ പ്രവർത്തകർ പറയുന്നു.
പരിമിതികൾക്കപ്പുറത്തെ കാൻവാസ്
20 ദിവസത്തെ ഷൂട്ടിങ്. മാസങ്ങൾ നീണ്ട തയാറെടുപ്പുകൾ. ഒരു വമ്പൻ സിനിമാ ക്രൂവിനെ കണ്ടാൽ സാധാരണ ജനങ്ങൾക്കുണ്ടാകുന്ന ആകാംക്ഷയൊന്നും അഴിയുടെ ലൊക്കേഷനിൽ ഉണ്ടായിരുന്നില്ല. ഐഫോണിലാണ് ചിത്രം മുഴുവൻ ഷൂട്ട് ചെയ്തത്. അതുകൊണ്ടുതന്നെ ഷൂട്ട് ചെയ്യുമ്പോൾ ആരും അത് ശ്രദ്ധിച്ചതേയില്ല. ആരോ ഫോൺ പിടിച്ചുനടക്കുന്നു എന്നതിനപ്പുറം ഒരു അറ്റൻഷനും ചിത്രീകരണത്തിന് ലഭിച്ചില്ല. രണ്ട് വണ്ടികളിലായി ഒതുങ്ങുന്ന ചെറിയൊരു സംഘം. ലൈറ്റിങ് യൂനിറ്റുകളോ മറ്റ് ആർഭാടങ്ങളോ ഒന്നുമില്ലാതെയായിരുന്നു ചിത്രീകരണം. സ്റ്റേജ്ഡ് ആയ ലൊക്കേഷനുകളും ഇതിലില്ല. ലൈവ് മാർക്കറ്റുകളിലും ഷൂട്ട് ചെയ്തിട്ടുണ്ട്. ബജറ്റിന്റെ പരിമിതികളും ‘അഴി’ക്കുണ്ടായിരുന്നു.
പുറത്തുനിന്നുള്ള ഫണ്ടോ ഇൻവെസ്റ്ററോ ഇല്ലാത്ത ഒരു സിനിമ. അതുകൊണ്ടുതന്നെ വലിയ സിനിമാ കാമറകളും ലൊക്കേഷൻ നിറയെ ആൾക്കൂട്ടവുമുള്ള ഒരു സെറ്റ് അത്ര എളുപ്പമായിരുന്നില്ല. സിനിമയുടെ ക്വാളിറ്റി കുറയാതെ എങ്ങനെ ചെലവ് കുറക്കാം എന്ന ആലോചനയാണ് ഐഫോണിലേക്ക് എത്തിക്കുന്നത്. ഐഫോൺ ഷൂട്ടിങ്ങിന് കാമറ അസിസ്റ്റന്റോ, ഫോക്കസ് പുള്ളറോ ആവശ്യമില്ലാത്തതിനാൽ ഡെയിലി റെന്റ് ഇനത്തിൽ വലിയൊരു തുക ലാഭിക്കാൻ കഴിഞ്ഞെന്ന് അർജുൻ പറയുന്നു. ലൈറ്റ് യൂനിറ്റുകൾക്കു പകരം സാധാരണ എൽ.ഇ.ഡി ലൈറ്റുകൾ വെച്ചാണ് ഫ്രെയിമുകൾ ഒരുക്കിയത്. അഭിനയിക്കാൻ വന്നവർപോലും ഒഴിവുസമയത്ത് ലൈറ്റുകൾ എടുത്തുവെക്കാനും ക്രൂവിനെ സഹായിക്കാനും മുന്നിട്ടിറങ്ങി. ടെക്നിക്കൽ വശങ്ങളിലും സൗന്ദര്യാത്മകതയിലും പരിമിതികളുണ്ടെങ്കിലും ആ സാധ്യതകൾക്കുള്ളിൽ നിന്ന് ഏറ്റവും മികച്ചതുതന്നെ പുറത്തെടുക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.
എ.ഐ സാധ്യതകൾ
പോസ്റ്റ് പ്രൊഡക്ഷൻ അത്ര എളുപ്പമായിരുന്നില്ല. ചിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ആനിമേഷൻ സീക്വൻസുകൾ വലിയ വെല്ലുവിളിയായിരുന്നു. വലിയ സ്റ്റുഡിയോകളുടെ സഹായമില്ലാതെ ഇൻഡി ലെവലിൽ തന്നെയാണ് ഇതും പൂർത്തിയാക്കിയത്. ലിമിറ്റഡ് റിസോഴ്സ് മാത്രമായതുകൊണ്ട് ഹെസ്സ തന്നെ ചിത്രങ്ങൾ വരച്ചു. ആ ചിത്രങ്ങളെ എ.ഐ ഉപയോഗിച്ച് വിഡിയോകളാക്കി മാറ്റി. ഓരോ ഘട്ടവും ഒരു ലേണിങ് കർവായിരുന്നു. രണ്ടര വർഷം മുമ്പ് അങ്ങനെയൊരു തീരുമാനമെടുക്കുമ്പോൾ നമ്മുടെ നാട്ടിൽ എ.ഐ സങ്കേതങ്ങൾ ഇന്നത്തേതുമായി താരതമ്യംപോലും ചെയ്യാൻ കഴിയാത്തത്ര ശൈശവരൂപത്തിലായിരുന്നു. ഈ സിനിമ ഏതെങ്കിലും ഫെസ്റ്റിവലുകളിൽ പോകുമോ അതിന്റെ ഭാവി എന്താകും എന്നതിനെക്കുറിച്ച് ഇപ്പോൾ നിശ്ചയമില്ല. എങ്കിലും ഈ കൊച്ചു ചിത്രത്തിന് ലഭിക്കുന്ന റെക്കഗ്നിഷൻ വലിയൊരു ഊർജമാണ്. വലിയ സ്വപ്നങ്ങളിലേക്ക് നടന്നുകയറാനുള്ള ആത്മവിശ്വാസം.
ഒരു സിനിമയുടെ ആത്മാവ് അതിന്റെ ക്ലൈമാക്സിലാണ്. പ്രീ-പ്രൊഡക്ഷൻ വേളയിൽ ചിത്രത്തിന്റെ ക്ലൈമാക്സ് തീരുമാനിക്കുമ്പോൾ ഒരു ഇൻഡിപെൻഡന്റ് സിനിമക്ക് ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു അതിന്റെ വ്യാപ്തി. സിനിമ എന്ന മീഡിയത്തിനുതന്നെ അപ്രാപ്യമായ ക്ലൈമാക്സായിരുന്നു അത്. അങ്ങനെയാണ് എ.ഐ ഉപയോഗിക്കാൻ തീരുമാനിക്കുന്നത്. ആഗ്രഹിച്ച റിസൽട്ട് ലഭിക്കണമെങ്കിൽ അതിന് നൽകുന്ന ഇൻപുട്ടുകളും അത്രമേൽ കൃത്യവും യൂനീക്കുമായിരിക്കണം. ഇതിനായി ഹെസ്സ മാസങ്ങളോളം അധ്വാനിച്ചു. ഓരോ ഫ്രെയിമും സ്വന്തമായി സ്കെച്ച് ചെയ്ത് റെഫറൻസുകളായി നൽകി. ഇതിനുശേഷമാണ് ആനിമേഷൻ തുടങ്ങിയതെന്ന് അസോസിയേറ്റ് ഡയറക്ടർ മനു പറയുന്നു.
ഐഫോണിൽ ഷൂട്ട് ചെയ്തതാണെങ്കിലും ദൃശ്യങ്ങൾ മനോഹരമാണ്. പക്ഷേ, ആളുകൾ എങ്ങനെ സ്വീകരിക്കും എന്നതിൽ തനിക്ക് സംശയമുണ്ടായിരുന്നു. എന്നാൽ, വേവ്സ് ബസാറിൽ പടം കണ്ട ആർക്കും ഈ സംശയം ഉണ്ടായിരുന്നില്ല. അവിടെയുള്ളവരുടെ ഫീഡ്ബാക്കും കമന്റ്സും കേട്ടതിനുശേഷം ആണ് ഞാൻ ശരിക്കും കോൺഫിഡൻസ് ആയതെന്ന് എഡിറ്റർ നവാസ്. കോഴിക്കോടിന്റെ അങ്ങേയറ്റം മുതൽ അറ്റം വരെയുള്ള എല്ലാ കടപ്പുറത്തും പോയി ഷൂട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും തിരക്കേറിയ സ്ഥലങ്ങൾ മാത്രമേ ഉപയോഗിക്കാതിരുന്നിട്ടുള്ളൂ. ഹെസ്സയുടെ ഈ കഥ ഒരു ഫീച്ചർ ഫിലിമിന് വേണ്ട എല്ലാ കരുത്തും ഉള്ളതാണ്. ഞങ്ങൾ പകർത്തിയതിനേക്കാൾ വലിയൊരു ലോകം ഇനിയും ആ കഥയിലുണ്ട്. എടുക്കാൻ ബാക്കിവെച്ച പല ഭാഗങ്ങളും ഇനിയും അവശേഷിക്കുന്നുണ്ടെന്ന് ടീം അംഗങ്ങൾ പറയുന്നു.


