വിഷാദത്തിന്റെ ചിലന്തിവല പൊട്ടിച്ച്
text_fieldsപി.എ. അശ്വിൻ
കോളജ് കാമ്പസിന്റെ ചെറുവട്ടത്തിൽനിന്ന് ലോകത്തോളം ഉയർന്നു ആ ചിത്രം. പി.എ. അശ്വിൻ ഒരുക്കിയ ‘ദ റൂം വിത്ത് ഇൻ’ ആണ് കലാലയ മുറ്റത്തുനിന്ന് ലോകശ്രദ്ധ നേടിയത്
ഹൃദയശൂന്യ തിരസ്കാരങ്ങൾ തീർക്കുന്ന ഏകാന്തത നിരാശയുടെ നീറ്റലിലേക്ക് തള്ളിവിട്ടപ്പോൾ വിഷാദം തന്നെ വീഴ്ത്തുമോ എന്ന് അവൻ ആശങ്കപ്പെട്ടു. അത് ജീവിതത്തിന്റെ നിറംകെടുത്തുമെന്നു തിരിച്ചറിഞ്ഞ് വെളിച്ചത്തിലേക്ക് ഉറച്ച പാദമൂന്നി. സ്വന്തം അനുഭവങ്ങൾ തേച്ചുമിനുക്കി പി.എ. അശ്വിൻ എന്ന കലാലയ വിദ്യാർഥി ഒരുക്കിയ ഹ്രസ്വചിത്രം ശ്രദ്ധേയമാവുന്നു.
കോളജ് കാമ്പസിന്റെ ചെറുവട്ടത്തിൽനിന്ന് ആ ചിത്രം ലോകത്തോളം ഉയർന്നു. ലോകാരോഗ്യ സംഘടനയുടെ അഞ്ചാമത് ‘ഹെൽത്ത് ഫോർ ഓൾ’ ചലച്ചിത്രോത്സവത്തിലേക്കാണ് ഈ ചെറുചിത്രം തിരഞ്ഞെടുക്കപ്പെട്ടത്.
എറണാകുളം അമൃത കോളജിലെ വിഷ്വൽ മീഡിയ ആൻഡ് കമ്യൂണിക്കേഷൻ രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർഥി പി.എ. അശ്വിൻ ഒരുക്കിയ ‘ദ റൂം വിത്ത് ഇൻ’ ആണ് കലാലയ മുറ്റത്തുനിന്ന് ലോകശ്രദ്ധയിലേക്ക് ഉയർന്നത്. 130 രാജ്യങ്ങളിൽനിന്നായി ലഭിച്ച 940 ചെറുസിനിമകളിൽനിന്ന് ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട 60 ചിത്രങ്ങളിൽ ഒന്നാണ് ‘ദ റൂം വിത്ത് ഇൻ’. ഇന്ത്യയിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട രണ്ട് ഹ്രസ്വചിത്രങ്ങളിൽ ഒന്നുകൂടിയാണിത്.
ആരോഗ്യ പരിരക്ഷയും സേവനങ്ങളും എല്ലാവർക്കും ഉറപ്പാക്കുക, ആവശ്യമായ ആരോഗ്യരക്ഷയെക്കുറിച്ച് ജനസമൂഹങ്ങളിൽ അവബോധം ഉയർത്തുക, അതിനായി ചർച്ചകൾ സംഘടിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ലോകാരോഗ്യ സംഘടന ‘ഹെൽത്ത് ഫോർ ഓൾ’ ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്.
കോളജിലെ അക്കാദമിക് പ്രോജക്ടിന്റെ ഭാഗമായി നിർമിച്ച ‘ദ റൂം വിത്ത് ഇൻ’ സമകാല കൗമാര-യൗവനങ്ങളിൽ നിക്ഷേപിച്ചുപോകുന്ന വിഷാദഭാവമാണ് വിഷയമായി എടുത്തത്. അശ്വിന്റെകൂടി അനുഭവമായതിനാൽ വിഷയത്തിനായി രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.
അത്യാധുനിക ജീവിതം തീർക്കുന്ന സങ്കീർണതകളും നവസാങ്കേതിക തൊഴിൽരീതികൾ തീർക്കുന്ന അസ്വസ്ഥതകളും കരിയർ-സാമ്പത്തിക ആശങ്കകളും മഹാമാരി തീർത്ത ഏകാന്തതയും എല്ലാം വിഷാദത്തിലേക്ക് കൈപിടിച്ച് നടത്തുമ്പോൾ ഈ തീക്കാറ്റിൽ നഷ്ടപ്പെട്ടു പോകേണ്ടതല്ല ജീവിതമെന്നും പ്രതീക്ഷയുടെ നറുനിലാവും തെളിനീരും കുളിർക്കാറ്റും കാത്തിരിപ്പുണ്ടെന്നും സധൈര്യം നിരാശവിട്ട് മുന്നേറിയാൽ ജീവിതത്തിൽ എത്തിപ്പിടിക്കാൻ ഒട്ടേറെയുണ്ടെന്നുമുള്ള അശ്വിന്റെ തിരിച്ചറിവാണ് ഈ ഹ്രസ്വചിത്രം.
ഓരോ കുഞ്ഞുകാര്യത്തിനും അതിന്റേതായ മൂല്യവും അർഥവുമുണ്ട്. അത് അംഗീകരിക്കാൻ സമൂഹം പലപ്പോഴും മടികാണിക്കുന്നു. ഈ തിരസ്കാരം മനസ്സിനെ പിടിച്ചുലക്കും. നിരാശവന്നു മൂടും. ഒപ്പമുണ്ടെന്ന ഒരു തരി തോന്നൽ മതിയാവും പ്രതീക്ഷയുടെ ലോകത്തേക്ക് തിരിച്ചുനടത്താൻ. വിഷാദത്തിൽ വീഴുന്ന ജീവിതവും അവിടെനിന്നുള്ള തിരിച്ചുനടത്തവുമാണ് ചിത്രത്തിന്റെ കേന്ദ്രകഥ.
വിഷാദം ചിലന്തിവല കെട്ടിയ സ്വന്തം മുറിയിൽ കണ്ട ദൃശ്യങ്ങൾ കാമറയിൽ പകർത്തിയതാണ് നാലു മിനിറ്റ് ദൈർഘ്യമുള്ള ‘ദ റൂം വിത്ത് ഇൻ’. ഇതിലെ കേന്ദ്രകഥാപാത്രത്തിന് ജീവൻ നൽകിയതും എഡിറ്റിങ് നിർവഹിച്ചതുമെല്ലാം അശ്വിൻതന്നെയാണ്. ചിത്രം കോളജിൽ സമർപ്പിച്ചപ്പോൾ അധ്യാപകൻ വരുണിന്റെ നിർദേശപ്രകാരമാണ് ലോകാരോഗ്യ സംഘടനയുടെ ചലച്ചിത്രോത്സവത്തിന് അയച്ചത്. അതിനുവേണ്ട കാര്യങ്ങളെല്ലാം ചെയ്തതും വരുൺ തന്നെയാണ്.
കോഴിക്കോട് ആകാശവാണിയിലെ അജിത് കുമാറിന്റെയും ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥ സന്ധ്യയുടെയും മകനാണ് അശ്വിൻ. സഹോദരൻ ആകാശ്.