റിച്ചിയുടെ വേട്ടക്കാരൻ
text_fieldsറിച്ചി മേത്ത
കുറഞ്ഞ ചിത്രങ്ങളിലൂടെയും വെബ് സീരീസുകളിലൂടെയും ഡോക്യുമെന്‍ററികളിലൂടെയും ആഗോള ശ്രദ്ധ പിടിച്ചുപറ്റിയ കനേഡിയൻ ചലച്ചിത്രകാരനാണ് റിച്ചി മേത്ത. 2008ലാണ് ഇദ്ദേഹത്തിന്‍റെ ആദ്യ ചിത്രം ‘അമൽ’ പുറത്തുവന്നത്. തുടർന്ന് ‘സിദ്ധാർഥ്’, ‘ഐ വിൽ ഫോളോ യു ഡൗൺ’ എന്നീ ചിത്രങ്ങൾ എഴുതി സംവിധാനം ചെയ്തു.
വെനീസ് മേളയിൽ പ്രദർശിപ്പിച്ച ‘സിദ്ധാർഥ്’ 25ലധികം രാജ്യാന്തര പുരസ്കാരങ്ങൾ വാരിക്കൂട്ടി. 2012ലെ ഡൽഹി നിർഭയ കേസിനെ ആധാരമാക്കി റിച്ചി മേത്ത ഒരുക്കിയ ‘ഡൽഹി ക്രൈം’ എന്ന ടെലിവിഷൻ പരമ്പര എഴുത്തിന്‍റെയും ആഖ്യാനത്തിന്‍റെയും അഭിനയത്തിന്‍റെയും മികവിലൂടെ എമ്മി അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ സ്വന്തമാക്കി.
റിച്ചി മേത്തയുടെ പുതിയ വെബ്സീരീസ് ‘പോച്ചർ’ (വേട്ടക്കാരൻ) പിറക്കുന്നത് കേരളത്തിലെ കാടുകളിൽനിന്നാണ്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടയുടെ പിന്നാമ്പുറങ്ങളാണ് ‘പോച്ചർ’ എന്ന ക്രൈം സീരീസ് അനാവരണം ചെയ്യുന്നത്. എട്ട് എപ്പിസോഡുകളിലായി ആറര മണിക്കൂർ ദൈർഘ്യമുള്ള ‘പോച്ചറി’ലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് റോഷൻ മാത്യു, നിമിഷ സജയൻ, ബംഗാളി നടൻ ദിബ്യേന്ദു ഭട്ടാചാര്യ, കനി കുസൃതി എന്നിവരാണ്.
മലയാളത്തിന് പുറമെ ഇംഗ്ലീഷ്, തമിഴ്, തെലുഗു, കന്നട, ഹിന്ദി ഭാഷകളിലും ‘പോച്ചർ’ ആമസോൺ പ്രൈമിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തുന്നു. നടിയും നിർമാതാവുമായ ആലിയ ഭട്ട് ‘പോച്ചറി’ലൂടെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസറാകുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കി അന്താരാഷ്ട്ര നിലവാരത്തിൽ ഒരുക്കിയ ‘പോച്ചറി’നെക്കുറിച്ച് സംവിധായകൻ റിച്ചി മേത്ത ‘മാധ്യമ’വുമായി സംസാരിക്കുന്നു.
എന്താണ് ‘പോച്ചർ’?
ഇന്ത്യയിലെ കാടുകളിൽ കൊമ്പിനായി ആനകൾ നിരന്തരം വേട്ടയാടപ്പെടുന്നു. ഒമ്പതു വർഷം മുമ്പ് രാജ്യത്തെ നടുക്കിയ ഇത്തരമൊരു സംഭവത്തിൽനിന്നാണ് ‘പോച്ചറി’ന്‍റെ ഇതിവൃത്തത്തിലേക്ക് എത്തിയത്. ആനക്കൊമ്പ് വേട്ടക്കാരെ നിയമത്തിന് മുന്നിലെത്തിക്കാൻ കേരളത്തിലെയും ഡൽഹിയിലെയും വനം വകുപ്പ് ഉദ്യോഗസ്ഥരും സന്നദ്ധ സംഘടന പ്രവർത്തകരും പൊലീസുകാരും നടത്തുന്ന വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന്‍റെ കഥയാണിത്.
ആനകളുടെ സംരക്ഷണത്തിന് സ്വന്തം ജീവൻ പോലും വകവെക്കാതെയുള്ള ഒരുകൂട്ടം ആളുകളുടെ പോരാട്ടത്തിനുള്ള എന്‍റെ കലാസമർപ്പണം കൂടിയാണിത്. നമ്മുടെ ഭാവിക്കുവേണ്ടി യുദ്ധം ചെയ്യുന്നവരുടെ കഥ. പശ്ചിമഘട്ടത്തിലെ വന്യജീവികളെ ഇല്ലാതാക്കുന്ന മാഫിയയിൽ നിന്ന് അവയുടെ ആവാസവ്യവസ്ഥയെ രക്ഷിച്ചെടുക്കാനുള്ള ശ്രമങ്ങളെയാണ് ‘പോച്ചർ’ അടയാളപ്പെടുത്തുന്നത്.
വെല്ലുവിളികൾ
അഞ്ച് വർഷം നീണ്ട അന്വേഷണങ്ങളും പഠനങ്ങളും ഗവേഷണങ്ങളും പോച്ചറിന് പിന്നിലുണ്ട്. മറ്റ് േപ്രാജക്ടുകൾക്കൊപ്പമാണ് ഇതിന്‍റെ ജോലികൾ ആരംഭിച്ചത്. കേരളത്തിലേതടക്കം നിരവധി വനം വകുപ്പ് ഉദ്യോഗസ്ഥരുമായും വൈൽഡ് ലൈഫ് ട്രസ്റ്റ് അധികൃതരുമായും പൊലീസ് ഓഫിസർമാരുമായും സംസാരിച്ചു. നിരവധി കേസുകളുടെ രേഖകൾ പരിശോധിച്ചു. അഭിനേതാക്കൾക്ക് മാസങ്ങളോളം കഥാപാത്രങ്ങൾക്കൊപ്പം സഞ്ചരിക്കേണ്ടിവന്നു.
വന്യമൃഗങ്ങളെയും കാടിനെയും കേന്ദ്രീകരിച്ചുള്ള ഒരു വെബ്സീരീസിന്‍റെ ചിത്രീകരണത്തിൽ സ്വഭാവികമായും ഉണ്ടാകാവുന്ന വെല്ലുവിളികളെയെല്ലാം ഞങ്ങൾക്ക് അതിജീവിക്കേണ്ടിവന്നിട്ടുണ്ട്. ഇത്തരമൊരു വിഷയത്തിന്‍റെ തിരഞ്ഞെടുപ്പ്തന്നെ വലിയ വെല്ലുവിളിയാണെന്ന വ്യക്തമായ ബോധ്യമുണ്ടായിരുന്നു. ‘പോച്ചറി’നു വേണ്ടി അനുഭവിച്ച ത്യാഗങ്ങളും നേരിട്ട വെല്ലുവിളികളും വാക്കുകളിൽ ഒതുങ്ങുന്നതല്ല.
വിസ്മയിപ്പിച്ച് റോഷനും നിമിഷയും
അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് നിമിഷയും റോഷനും അടക്കമുള്ള അഭിനേതാക്കൾ കാഴ്ചവെച്ചത്. റേഞ്ച് ഓഫിസറുടെ വേഷമാണ് നിമിഷ ചെയ്യുന്നത്. യഥാർഥ ജീവിതത്തിലെ നിമിഷയുടെ തന്‍റേടവും ധൈര്യവുമെല്ലാം ഇത്രയും വെല്ലുവിളി നിറഞ്ഞ ഒരു കഥാപാത്രം അവരെ ഏൽപിക്കാൻ എനിക്ക് പ്രചോദനമായിട്ടുണ്ട്. നിമിഷയും റോഷനും അവരുടെ വേഷങ്ങൾ മനോഹരമാക്കി. ഞാൻ പ്രതീക്ഷിച്ചതിനപ്പുറം ഓരോ അഭിനേതാവും ‘പോച്ചറി’ന് വേണ്ടി പുറത്തെടുത്തു എന്നത് സന്തോഷം നൽകുന്ന കാര്യമാണ്.
എന്തുകൊണ്ട് വെബ് സീരീസ്?
ഇന്നത്തെ പ്രേക്ഷകർക്ക് വെബ്സീരീസും ഒ.ടി.ടി പ്ലാറ്റ്ഫോമും അപരിചിതമല്ല. സങ്കീർണമായ കഥകൾ പറയാൻ വെബ്സീരീസാണ് നല്ലതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അത്തരം ഒരു ഫോർമാറ്റിന് അനുയോജ്യമായ ഒരുപാട് ആശയങ്ങൾ ഉൾക്കൊള്ളുന്നതാണ് ‘പോച്ചർ’. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന വിധത്തിലാണ് ഓരോ എപ്പിസോഡും ഒരുക്കിയിട്ടുള്ളത്. സിനിമ ഏത് മാധ്യമത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നു എന്നതിന് അമിത പ്രാധാന്യം കൽപിക്കേണ്ടതില്ല. ഞാൻ ട്രെൻഡുകളെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അതിനൊപ്പം എന്‍റെ സിനിമയെ കൊണ്ടുപോകാനാണ് ശ്രമം.
‘പോച്ചർ’ മുന്നോട്ടുവെക്കുന്നത്
ഇതിൽ എല്ലാമുണ്ട്. വന്യജീവികളുടെ ഭാവിക്കുവേണ്ടി യുദ്ധത്തിനിറങ്ങിയവരുടെ കഥയാണിത്. അതിനൊപ്പം ആനകളടക്കം വന്യജീവികളുടെ നിലനിൽപ് എത്രമാത്രം ഭീഷണി നേരിടുന്നു എന്ന തുറന്നുപറച്ചിൽ കൂടിയാണിത്. കൂടുതൽ കാര്യങ്ങൾ പ്രേക്ഷകർ തന്നെ വിലയിരുത്തട്ടെ.