‘പടങ്ങളെപ്പോലെ പ്രിയമാണ് എനിക്കെന്റെ പടന്നയും’
text_fieldsപി.പി. കുഞ്ഞികൃഷ്ണൻ
‘‘സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ സമയം കിട്ടിയാൽ ഞാൻ മുങ്ങും, എന്റെ പടന്ന ഗ്രാമപഞ്ചായത്തിലേക്ക്. അവിടത്തെ ഒമ്പതാം വാർഡിലെ മെംബറാണ് ഞാൻ. അവർക്കൊരു പ്രശ്നം വന്നാൽ ഞാനില്ലാതെ പിന്നെയാരാ. ജനിച്ചാലും മരിച്ചാലും ജന്മദിനത്തിലും വിവാഹദിനത്തിലും വിളിച്ചാലും വിളിച്ചില്ലെങ്കിലും ഞാൻ എത്തും. കാരണം, എനിക്ക് സിനിമപോലെ പ്രിയമാണ് എന്റെ ഒമ്പതാം വാർഡിലെ മുഴുവൻ ജനങ്ങളും’’ -പി.പി. കുഞ്ഞികൃഷ്ണൻ പറഞ്ഞുതുടങ്ങുന്നു.
മലയാളിയുടെ മജിസ്ട്രേറ്റ്
രതീഷ് ബാലകൃഷ്ണ പൊതുവാൾ കുഞ്ചാക്കോ ബോബനെ നായകനാക്കി സംവിധാനം ചെയ്ത ‘ന്നാ താൻ കേസ് കൊട്’ എന്ന ചലച്ചിത്രത്തിലെ മജിസ്ട്രേറ്റിന്റെ റോൾ ഭംഗിയാക്കിയതിനാണ് കാസർകോട് ജില്ലക്കാരുടെ പ്രിയപ്പെട്ട മാഷായ പി.പി. കുഞ്ഞികൃഷ്ണനെ തേടി മികച്ച സ്വഭാവനടനുള്ള പുരസ്കാരം എത്തിയത്. മജിസ്ട്രേറ്റിനെ പ്രേക്ഷകർ സ്വീകരിച്ചതിന്റെ തെളിവാണ് പുരസ്കാരമെന്ന് അദ്ദേഹം പറയുന്നു.
‘‘ന്നാ താൻ കേസ് കൊട് എന്ന സിനിമ കൂടാതെ മദനോത്സവം, കൊറോണ പേപ്പേഴ്സ് എന്നീ സിനിമകളാണ് റിലീസായത്. ഒരു പെരുങ്കളിയാട്ടം, ഒരു ജാതി ജാതകം, തിമിംഗലവേട്ട, ഗുരുവായൂർ അമ്പലനടയിൽ എന്നീ സിനിമകളുടെ ചിത്രീകരണത്തിരക്കിലാണിപ്പോൾ. പഞ്ചവത്സര പദ്ധതി, കാസർഗോൾഡ്, കണ്ണൂർ സ്ക്വാഡ് എന്നീ സിനിമകൾ ഷൂട്ടിങ് പൂർത്തിയായി. എന്തു തിരക്കുണ്ടായാലും ഞാൻ പടന്ന ഗ്രാമപഞ്ചായത്തിലെ ഒരു മെംബറാണെന്ന ഉത്തമബോധ്യം എനിക്കുണ്ട്. അതിനാൽ, അവരുടെ ഒപ്പം കൂടാൻ ഞാൻ ഓടിയെത്തും.’’
പി.പി. കുഞ്ഞികൃഷ്ണൻ വാർഡിലെ കുടുംബശ്രീ പ്രവർത്തകരോടൊപ്പം
നാടകം ചവിട്ടുപടിയായി
ചെറുപ്പം മുതൽതന്നെ നാടകങ്ങളിൽ അഭിനയിച്ചിരുന്നു. എന്റെ നാട്ടിലെ തടിയൻകോവിൽ മനീഷ തിയറ്റേഴ്സിന് വേണ്ടി അഭിനയിച്ച നാടകങ്ങൾ നിരവധിയാണ്. തെരുവുനാടകങ്ങളുമായി കണ്ണൂർ-കാസർകോട് ജില്ലകളുടെ വിവിധ വേദികളിൽ കയറിയിറങ്ങി. എന്നാൽ, അന്നൊന്നും ലഭിക്കാത്ത അംഗീകാരവും ആദരവും ഇന്ന് സിനിമ തന്നു. തടിയൻകോവിൽ മനീഷ തിയറ്റേഴ്സിസിന് പുറമെ, മാണിയാട്ട് കോറസ് കലാസമിതി, ഉദിനൂർ എ.കെ.ജി കലാവേദി എന്നിവക്കു വേണ്ടിയും നാടകം കളിച്ചിട്ടുണ്ട്. ഞാൻ അധ്യാപകനായിരുന്ന ഉദിനൂർ സെൻട്രൽ എ.യു.പി സ്കൂളിലെ വാർഷികാഘോഷത്തിന് കുട്ടികളെ കൊണ്ട് നാടകം അഭിനയിപ്പിക്കുകയും വലിയ നാടകങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. നാടകം നൽകിയ ആത്മവിശ്വാസത്തിന്റെ കരുത്തിലാണ് സിനിമക്കു മുന്നിലെത്തിയത്. തുടക്കത്തിൽ നല്ല പരിഭ്രമം ഉണ്ടായിരുന്നെങ്കിലും കുഞ്ചാക്കോ ബോബനടക്കം ആദ്യ സിനിമക്ക് പിന്നിൽ പ്രവർത്തിച്ച പ്രിയപ്പെട്ടവരുടെ പ്രോത്സാഹനം സഹായകമായി.
ഉണ്ണി പറഞ്ഞത് കേട്ടു...
പഞ്ചായത്തംഗമായി സ്വന്തം വാർഡിന്റെ വികസന കാര്യങ്ങൾ അന്വേഷിച്ച് വരവേയാണ് കാസർകോട് ജില്ലയുടെ അഭിമാനമായ നടൻ ഉണ്ണിരാജിനെ കണ്ടത്. പടന്ന ഗ്രാമപഞ്ചായത്തിലെ വാർഡ് മെംബർ മാത്രമായി ഒതുങ്ങേണ്ട ആളല്ലെന്ന് പറഞ്ഞ് ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ ഓഡിഷന് പോകാൻ അദ്ദേഹം നിർബന്ധിച്ചു. അദ്ദേഹമാണ് എന്റെ ഫോട്ടോ അയച്ചുകൊടുത്തത്. എന്നിൽ നല്ലൊരു സിനിമാ നടനുണ്ടെന്ന് ഉണ്ണിരാജ് കാണുമ്പോഴൊക്കെ പറയാറുണ്ട്. അഭിനയിക്കുമ്പോൾപോലും സിനിമയിൽ ഉണ്ടാവുമെന്ന് എനിക്ക് ഉറപ്പില്ലായിരുന്നു. അതിനാൽ, അഭിനയിക്കുന്ന കാര്യം വീട്ടിൽപോലും പറഞ്ഞില്ല. സിനിമ പുറത്തിറങ്ങിയപ്പോഴാണ് ഞാൻ ഒരു സിനിമാ നടനായെന്ന കാര്യം നാട്ടുകാർ അറിഞ്ഞത്. എല്ലാവരും ഓടിയെത്തി ചേർത്തുപിടിക്കുകയായിരുന്നു പിന്നെ. സിനിമയിൽ സംസാരിക്കാൻ ലഭിച്ചത് സ്വന്തം കാസർകോടൻ ഭാഷയായതിനാൽ എല്ലാം എളുപ്പമായി.
മൂന്നു തവണ ഇന്റർവ്യൂ
നടൻ രാജേഷ് മാധവനാണ് ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയിലേക്ക് വിളിച്ചത്. അദ്ദേഹമായിരുന്നു അതിന്റെ കാസ്റ്റിങ് ഡയറക്ടർ. മൂന്നു തവണ ഇന്റർവ്യൂ ചെയ്തു. പത്തു ദിവസം പ്രീഷൂട്ടും കഴിഞ്ഞാണ് സിനിമയിലേക്ക് തിരഞ്ഞെടുത്തത്. ബാലസംഘം, ശാസ്ത്രസാഹിത്യ പരിഷത്ത് എന്നിവയുടെ പ്രവർത്തനങ്ങൾക്കായി നടന്ന വഴികളായ കയ്യൂർ, ചീമേനി, പുലിയന്നൂർ, മയ്യിച്ച എന്നിവിടങ്ങളിലാണ് ഷൂട്ടിങ് നടന്നത്. എനിക്കു രാവിലെ പോയി വൈകീട്ട് മടങ്ങിവരാൻ കഴിഞ്ഞിരുന്ന സ്ഥലമാണ് എല്ലാം. അതും അഭിനയത്തിന് എത്തിച്ചേരുന്നതിന് ഉപകാരമായി.
രതീഷ് ബാലകൃഷ്ണയും കുഞ്ചാക്കോ ബോബനും
രതീഷ് ബാലകൃഷ്ണ പൊതുവാൾ ആദ്യമായി അഭിനയിക്കാൻ വന്നൊരാളായി എന്നെ കണ്ടില്ല. മറിച്ച് മജിസ്ട്രേറ്റ് എന്ന കഥാപാത്രത്തെ എന്നെ ഏൽപിച്ച് പരമാവധി സ്വാതന്ത്ര്യം തന്ന് അഭിനയിക്കാൻ വിടുകയായിരുന്നു. സഹസംവിധായകൻ സുധീഷ് ഗോപിനാഥ്, രാജേഷ് മാധവ്, കോസ്റ്റ്യൂം ചെയ്യുന്നവർ, കാമറാമാന്മാർ തുടങ്ങി എല്ലാവരും മികച്ച പ്രോത്സാഹനവുമായി കൂടെ നിന്നപ്പോൾ ലഭിച്ച കഥാപാത്രത്തിനോട് നൂറുശതമാനവും നീതിപുലർത്താൻ കഴിഞ്ഞു. സിനിമയിലെ നായകനായ കുഞ്ചാക്കോ ബോബൻ നല്ല പിന്തുണ തന്നു. എന്നെ പോലെ തുടക്കക്കാരായ നിരവധി പേർ ആ സിനിമയിലുണ്ടായിരുന്നു. എല്ലാവരോടും സ്നേഹപൂർവമായ ഇടപെടലായിരുന്നു. ഡയലോഗ് തെറ്റുമ്പോൾ ‘ഇങ്ങനെയായാൽ നന്നാകുമെന്ന്’ പറഞ്ഞ് ഒപ്പം കൂടി.
കുടുംബത്തിന്റെ കട്ട സപ്പോർട്ട്
കുടുംബാംഗങ്ങളും നാട്ടുകാരും മികച്ച പിന്തുണയാണ് നൽകുന്നത്. ഭാര്യ സരസ്വതി തടിയൻ കൊവ്വൽ എ.എൽ.പി സ്കൂൾ അധ്യാപികയാണ്. മൂത്തമകൻ സാരംഗ് മർച്ചന്റ് നേവിയിലാണ്. രണ്ടാമത്തെ മകൻ ആസാദ് ചെന്നൈയിൽ പഠിക്കുന്നു.
ആദ്യ സിനിമയിൽതന്നെ ബംബറടിച്ചത് പോലെയാണ് ഈ സംസ്ഥാന ചലച്ചിത്ര അവാർഡ് എനിക്ക്. ഒപ്പം കൂടുതൽ ഉത്തരവാദിത്തവും നൽകുന്നു. പ്രിയദർശനെ പോലുള്ള മികച്ച സംവിധായകരുടെ സിനിമയിൽ അഭിനയിക്കാൻ സാധിച്ചു. നിരവധി പ്രമുഖ നടീനടന്മാർക്കൊപ്പം സ്നേഹബന്ധം ഉണ്ടാക്കാൻ കഴിഞ്ഞു. സിനിമ എനിക്ക് തന്നത് ഒരുപാട് നന്മകൾ മാത്രം. സിനിമ ഇനി ഏത് കൊടുമുടികളേറ്റിയാലും എന്റെ ഉള്ള് എപ്പോഴും എന്നെ സ്നേഹിക്കുന്നവർക്കൊപ്പമാണ്, എന്റെ പടന്ന പഞ്ചായത്തിനൊപ്പമാണ്, എന്റെ ഒമ്പതാം വാർഡിനൊപ്പമാണ്.