ചെലവാക്കിയത് 7 കോടി, നേട്ടം 90 കോടി; വമ്പൻ താരനിരകൾ പോലുമില്ലാതെ കുറഞ്ഞ ബജറ്റിൽ വമ്പൻ ലാഭം കൊയ്ത 2025ലെ ഇന്ത്യൻ സിനിമാ മേഖല
text_fieldsമുംബൈ: ഇന്ത്യൻ സിനിമാ ലോകം ദിനം പ്രതി വലുതായി കൊണ്ടിരിക്കുകയാണ്. കഥകളിലായാലും സാമ്പത്തിക നേട്ടത്തിലായാലും. ബോളിവുഡ് സിനിമകൾ വമ്പൻ താരനിരയെ അണി നിരത്തി കോടികൾ ചെലവാക്കി സിനിമകൾ നിർമിക്കുമ്പോൾ കുറഞ്ഞ ബജറ്റിൽ പുറത്തിറക്കുന്ന തമിഴ്, തെലുങ്ക്, മലയാളം തുടങ്ങിയ പ്രാദേശിക സിനിമകൾക്കും പ്രിയമേറുകയാണ്.
തിയറ്ററിൽ മാത്രമല്ല ഒ.ടി.ടി.യിലും ഇത്തരം സിനിമകൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ശക്തമായ കഥയും വൈകാരികതയും ഉള്ള ചിത്രങ്ങൾക്ക് ഭാഷാവ്യത്യാസമില്ലാതെ കാഴ്ചക്കാരുണ്ട്. 2025ൽ പുറത്തിറങ്ങിയ സിതാരേ സമീൻപർ, ഹൗസ് ഫുൾ 5, ഛാവാ സിനിമകൾ വൻ സാമ്പത്തിക നേട്ടമുണ്ടാക്കിയിരുന്നു. ഈ വമ്പൻ ബോളിവുഡ് സിനിമകൾക്കൊപ്പം മികച്ച സാമ്പത്തിക നേട്ടം കൈവരിച്ച കുഞ്ഞു തമിഴ് സിനിമ ടൂറിസ്റ്റ്ഫാമിലിയുടെ നേട്ടം എടുത്തു പറയാതിരിക്കാൻ കഴിയില്ല. ഈ വർഷം ഇതുവരെയിറങ്ങിയതിൽ ഏറ്റവും ലാഭം നേടിയ ഇന്ത്യൻ സിനിമയാണിത്.
റിപ്പോർട്ടുകൾ പ്രകാരം 7 കോടിയാണ് സിനിമ നിർമിക്കാൻ വേണ്ടി ആകെ ചെലായത്. എന്നാൽ നേടിയതോ ആഗോള തലത്തിൽ 90 കോടിയും. അതായത് മുടക്കു മുതലിന്‍റെ 1200 ശതമാനം ലാഭം നേടുന്ന ഈ വർഷത്തെ ഏക ഇന്ത്യൻ സിനിമ.
താരങ്ങളായ എം. ശശികുമാർ, സിമ്രാൻ, മിഥുൻ ജയ് ശങ്കർ, കമലേഷ് ജഗൻ തുടങ്ങിയവർ അണി നിരന്ന കോവിഡ് കാലത്ത് തമിഴ് നാട്ടിലേക്ക് ഒളിച്ചു കടക്കുന്ന ശ്രീലങ്കൻ കുടുംബത്തിന്‍റെ കഥയാണ് ടൂറിസ്റ്റ് ഫാമിലി. വലിയ പ്രൊമോഷൻ പരിപാടികളോ പ്രമുഖരായ താര നിരയോ ഒന്നുമില്ലാതെ തന്നെ നേടിയ വിജയമെന്നതാണ് ടൂറിസ്റ്റ് ഫാമിലിയുടെ പ്രത്യേകത. റിലീസായി രണ്ടാം വാരത്തിൽ തന്നെ 29 കോടി രൂപയാണ് സിനിമ തിയറ്ററുകളിൽ നിന്ന് നേടിയത്. 5ാം വാരം 62 കോടി ഇന്ത്യയിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്ന് 28കോടിയും നേടി.
അതുപോലെ 90-കോടി മുടക്കിയ ബിഗ് ബജറ്റ് ചിത്രമായ ഛാവാ 808 കോടി രൂപയാണ് നേടിയത്. 800 ശതമാനം ലാഭം. ഇവിടെയാണ് കുറഞ്ഞ ബജറ്റിൽ വമ്പൻ ലാഭം നേടിയ ടൂറിസ്റ്റ് ഫാമിലിയുടെ നേട്ടം ചർച്ചയാകുന്നത്. ഹൗസ് ഫുൾ 5നോ സിക്കന്ദറിനോ പോലും ഉയർന്ന ബജറ്റ് കാരണം വലിയ ലാഭമുണ്ടാക്കാനായില്ല.