Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightഹോളിവുഡ് താരം...

ഹോളിവുഡ് താരം ജിയാൻകാർലോ എസ്പോസിറ്റോ ഇസ്‌ലാം മതം സ്വീകരിച്ചു

text_fields
bookmark_border
ഹോളിവുഡ് താരം ജിയാൻകാർലോ എസ്പോസിറ്റോ ഇസ്‌ലാം മതം സ്വീകരിച്ചു
cancel
camera_alt

ജിയാൻകാർലോ എസ്പോസിറ്റോ

റിയാദ്: സൗദി അറേബ്യയിൽ ചിത്രീകരിച്ച് ലോകമെമ്പാടും വൻ ബോക്‌സോഫീസ് ചലനം സൃഷ്ടിച്ച ‘7 ഡോഗ്‌സ്’ എന്ന ചിത്രത്തിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച പ്രശസ്ത ഹോളിവുഡ് താരം ജിയാൻകാർലോ എസ്പോസിറ്റോ ഔദ്യോഗികമായി ഇസ്ലാം മതം സ്വീകരിച്ചു. സൗദി അറേബ്യൻ ജനറൽ എൻറർടൈൻമെൻറ് അതോറിറ്റി ചെയർമാൻ തുർക്കി അൽ ശൈഖ് ആണ് ഈ സുപ്രധാന വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. താരം പള്ളിയിൽ വെച്ച് കൂട്ടപ്രാർത്ഥനയിൽ പങ്കെടുക്കുന്നതിെൻറ ദൃശ്യങ്ങളും അദ്ദേഹം ഇതോടൊപ്പം പുറത്തുവിട്ടിട്ടുണ്ട്.

ബെൽജിയൻ-മൊറോക്കൻ ചലച്ചിത്ര സംവിധായകരായ ആദിൽ എൽ അർബി, ബിലാൽ ഫല്ല എന്നിവർ ഒരുക്കിയ ‘7 ഡോഗ്സ്’ എന്ന വൻകിട അന്താരാഷ്ട്ര ആക്ഷൻ ചിത്രത്തിെൻറ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് താരം സൗദി അറേബ്യയിലെത്തിയത്. സെല സ്റ്റുഡിയോസ് നിർമിച്ച, 330 കോടിയിലധികം രൂപ ബജറ്റിലുള്ള ഈ ചിത്രം അറബ് സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലുതും ചെലവേറിയതുമായ പ്രൊജക്ടുകളിൽ ഒന്നാണ്.

ലോകമെമ്പാടും റിലീസ് ചെയ്ത് വൻ ബോക്‌സോഫീസ് ഹിറ്റായി മാറിയ ഈ ചിത്രത്തിൽ ജിയാൻകാർലോ എസ്പോസിറ്റോ അവതരിപ്പിച്ച മുഖ്യകഥാപാത്രം ആഗോളതലത്തിൽ വലിയ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഈ ചിത്രത്തിെൻറ വിജയയാത്രയ്ക്കിടയിലാണ് താരത്തിെൻറ ജീവിതത്തിലെ പുതിയ ആത്മീയ വഴിത്തിരിവ്.

സൗദി അറേബ്യയിലെ താമസത്തിനിടയിൽ സഹപ്രവർത്തകർ, സഹനടന്മാർ, പ്രാദേശിക അണിയറപ്രവർത്തകർ എന്നിവരുമായി ഉണ്ടായ ഹൃദ്യമായ വ്യക്തിപരമായ അനുഭവങ്ങളും ദൈനംദിന ഇടപെടലുകളുമാണ് മതം മാറാനുള്ള എെൻറ തീരുമാനത്തിന് പിന്നിലെന്ന് ജിയാൻകാർലോ എസ്പോസിറ്റോ പറയുന്നു. ചിത്രീകരണ വേളയിലുടനീളം തനിക്ക് ലഭിച്ച അസാധാരണമായ ആതിഥ്യമര്യാദയോടും, പ്രാദേശിക സമൂഹത്തിന്റെ ഊഷ്മളതയോടും കൂട്ടായ്മയോടും അദ്ദേഹം ആഴമായ കൃതജ്ഞത രേഖപ്പെടുത്തി.

എസ്പോസിറ്റോ ഇസ്ലാമിക വിശ്വാസപ്രഖ്യാപനമായ ‘ശഹാദത്ത് കലിമ’ ചൊല്ലുന്നതും, തുടർന്ന് പ്രാദേശിക പള്ളിയിൽ വെച്ച് സിനിമയിലെ അണിയറപ്രവർത്തകർക്കും ‘സില’ കമ്പനിയിലെ ജീവനക്കാർക്കുമൊപ്പം പ്രാർത്ഥനയിൽ പങ്കുചേരുന്നതുമായ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്.

സെറ്റിലെ ഈ ആത്മീയ അന്തരീക്ഷം വലിയ രീതിയിലുള്ള സ്വാധീനമാണ് ഉണ്ടാക്കിയതെന്നും, ഇതിെൻറ ഫലമായി യു.കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രൊഡക്ഷൻ മാനേജർ സൈറസ് പട്ടേലും ഒപ്പം മതം മാറിയതായും ചിത്രീകരണവുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.

‘ബ്രേക്കിംഗ് ബാഡ്’, ‘ബെറ്റർ കോൾ സോൾ’ എന്നീ വിഖ്യാത ടെലിവിഷൻ പരമ്പരകളിലെ ‘ഗുസ്താവോ ഫ്രിംഗ്’ എന്ന ഐക്കോണിക് വില്ലൻ കഥാപാത്രത്തിലൂടെ ആഗോളതലത്തിൽ ദശലക്ഷക്കണക്കിന് ആരാധകരെ നേടിയ 68-കാരനായ എസ്പോസിറ്റോ, ഹോളിവുഡിലെ ഏറ്റവും മികച്ച നടന്മാരിലൊരാളാണ്. ‘ദി മന്ദലോറിയൻ’, ‘ദി ബോയ്സ്’, ‘മാൽകം എക്സ്’ ഉൾപ്പെടെയുള്ള പ്രമുഖ ചിത്രങ്ങളിലൂടെ നാല് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ പാരമ്പര്യം അദ്ദേഹത്തിനുണ്ട്.

ഗൾഫ് മേഖല അതിവേഗം ഒരു ആഗോള വിനോദ വ്യവസായ കേന്ദ്രമായി വളരുന്ന ഈ കാലഘട്ടത്തിൽ, അവിടെവെച്ച് നടന്ന ഈ പ്രമുഖ താരത്തിെൻറ മതപരിവർത്തനം വിനോദലോകത്തെ വലിയൊരു സാംസ്കാരിക ഒത്തുചേരലിെൻറ അടയാളപ്പെടുത്തലായി മാധ്യമങ്ങൾ വിലയിരുത്തുന്നു.

Show Full Article
TAGS:Latest News Hollywood Actor islam Saudi Arabia Entertainment News 
News Summary - Hollywood star Giancarlo Esposito converts to Islam
Next Story