വീട്ടിലെത്തും തിയേറ്ററിലെ 3D വിസ്മയം!
text_fieldsമെറ്റ വി.ആർ ഗ്ലാസ്
ഇഷ്ടപ്പെട്ട സിനിമയിലെ ദൃശ്യങ്ങൾ തൊട്ടടുത്ത് സംഭവിക്കുന്നതുപോലെ അനുഭവിക്കാനും കഥാപാത്രങ്ങൾ തൊട്ടുമുന്നിലെത്തിയെന്ന പ്രതീതി സൃഷ്ടിക്കാനും കഴിയുന്ന സാങ്കേതികവിദ്യ വീട്ടിലേക്കെത്തുകയാണ്. ജനപ്രിയ ഹോളിവുഡ് സിനിമകളെ ത്രീഡി രൂപത്തിലാക്കി വി.ആർ ഗ്ലാസുകളിലൂടെ ആസ്വദിക്കാനുള്ള പുതിയ പദ്ധതിയുമായി എത്തിയിരിക്കുകയാണ് മെറ്റയും പ്രമുഖ വിഷ്വൽ ഇഫക്ട്സ് കമ്പനിയായ ഡിനെഗും. 2027ൽ പുറത്തിറക്കാൻ ലക്ഷ്യമിടുന്ന മെറ്റയുടെ പുതിയ വി.ആർ ഗ്ലാസുകളിലേക്കായി നിരവധി സിനിമകൾ മാറ്റിയെടുക്കാനുള്ള പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്.
പട്ടികയിൽ ആദ്യം; 'ഹംഗർ ഗെയിംസ്'
പുതിയ പങ്കാളിത്തത്തിന്റെ ഭാഗമായി ഡിനെഗ് ത്രീഡി രൂപത്തിലേക്ക് മാറ്റുന്ന സിനിമകളിൽ ശ്രദ്ധേയമായത് 'ദി ഹംഗർ ഗെയിംസ്: സൺറൈസ് ഓൺ ദി റീപ്പിംഗ്' ആണ്. ഫ്രാൻസിസ് ലോറൻസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ത്രീഡി പതിപ്പ് നവംബർ 20ന് തിയേറ്ററുകളിലെത്തും. തിയേറ്റർ പ്രദർശനത്തിനുശേഷം മെറ്റയുടെ വി.ആർ ഗ്ലാസുകളിലും ചിത്രം ലഭ്യമാക്കാനാണ് പദ്ധതി.മെറ്റയും ലയൺസ്‌ഗേറ്റും സംവിധായകൻ ഫ്രാൻസിസ് ലോറൻസും ചേർന്നാണ് ചിത്രത്തിന്റെ ത്രീഡി പതിപ്പിനായുള്ള പ്രവർത്തനങ്ങൾ നടത്തുന്നത്. ഇതിന്റെ ദൃശ്യപരിവർത്തനത്തിൽ ഡിനെഗും പങ്കാളിയാണ്. ഈ ചിത്രത്തിന് പുറമെ മറ്റ് സിനിമകളുടെയും ജോലികൾ ഡിനെഗിന്റെ സ്റ്റീരിയോ വിഭാഗം ആരംഭിച്ചിട്ടുണ്ട്. എന്നാൽ അവയുടെ പേരുകൾ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
5K മികവിൽ സിനിമ; എന്താണ് പ്രത്യേകത?
മെറ്റയുടെ പുതിയ വി.ആർ ഗ്ലാസുകളിലെ പ്രധാന ആകർഷണം 'ഇൻഫിനിറ്റ് ഡിസ്പ്ലേ' എന്ന പേരിലുള്ള 5K മൈക്രോ ഒ.എൽ.ഇ.ഡി സ്ക്രീനാണ്. ഒരു ഡിഗ്രിയിൽ 37 പിക്സലുകൾ എന്ന ദൃശ്യവ്യക്തതയാണ് ഇതിലൂടെ ലഭ്യമാകുന്നതെന്ന് കമ്പനി വ്യക്തമാക്കുന്നു.സാധാരണ സ്ക്രീനിൽ സിനിമ കാണുന്നതിൽനിന്ന് വ്യത്യസ്തമായി, ഓരോ കണ്ണിനും അല്പം വ്യത്യസ്തമായ ദൃശ്യങ്ങൾ നൽകിയാണ് സ്റ്റീരിയോ 3ഡി സാങ്കേതികവിദ്യ ആഴവും ത്രിമാന പ്രതീതിയും സൃഷ്ടിക്കുന്നത്. അതുവഴി സിനിമയിലെ വസ്തുക്കൾക്ക് മുന്നിലേക്കും പിന്നിലേക്കുമുള്ള അകലം അനുഭവപ്പെടും.ഈ സാങ്കേതികവിദ്യയുടെ സാധ്യതകൾ ഉപയോഗിച്ച് പരമ്പരാഗത സിനിമാ ഫ്രെയിമുകളുടെ അതിരുകൾക്കപ്പുറത്തേക്ക് പോകുന്ന പുതിയ ദൃശ്യാനുഭവങ്ങൾ ഒരുക്കാനും ഡിനെഗ് ലക്ഷ്യമിടുന്നുണ്ട്. അതായത്, നിലവിലുള്ള സിനിമകളെ വെറുതെ ത്രീഡി രൂപത്തിലേക്ക് മാറ്റുക മാത്രമല്ല, വി.ആർ ഗ്ലാസുകൾക്ക് അനുയോജ്യമായ രീതിയിൽ കൂടുതൽ ആഴത്തിലുള്ള കാഴ്ചാനുഭവങ്ങൾ സൃഷ്ടിക്കാനും ശ്രമമുണ്ടാകും.
ത്രീഡി രംഗത്ത് പരിചയസമ്പന്നർ
വിഷ്വൽ ഇഫക്ട്സ് രംഗത്ത് ആഗോളതലത്തിൽ ശ്രദ്ധേയമായ പേരാണ് ഡിനെഗ്. 15 വർഷത്തിലേറെയായി സിനിമകളെ സ്റ്റീരിയോ 3ഡി രൂപത്തിലേക്ക് മാറ്റുന്ന ജോലികളിൽ കമ്പനി സജീവമാണ്. ഹോളിവുഡിലെ ഒരു മുഴുനീള സിനിമ ആദ്യമായി സ്റ്റീരിയോ 3ഡിയിലേക്ക് പരിവർത്തനം ചെയ്തതും തങ്ങളുടെ സംഘമാണെന്നാണ് ഡിനെഗ് അവകാശപ്പെടുന്നത്.'ഗ്രാവിറ്റി', 'മിഷൻ ഇംപോസിബിൾ: ഫാൾഔട്ട്' തുടങ്ങിയ ചിത്രങ്ങളിലെ ത്രീഡി ദൃശ്യപരിവർത്തനവും കമ്പനിയുടെ ശ്രദ്ധേയമായ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. വിഷ്വൽ ഇഫക്ട്സ് വിഭാഗത്തിൽ എട്ട് ഓസ്കാർ പുരസ്കാരങ്ങളും ഡിനെഗ് സ്വന്തമാക്കിയിട്ടുണ്ട്.പുതിയ സാങ്കേതികവിദ്യയിലൂടെ സിനിമാപ്രേമികൾക്ക് പ്രിയപ്പെട്ട ചിത്രങ്ങൾ മറ്റൊരു തലത്തിൽ ആസ്വദിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നതെന്ന് ഡിനെഗ് ഗ്ലോബൽ സി.ഇ.ഒ നമിത് മൽഹോത്ര പറഞ്ഞു. കഥപറച്ചിലിന്റെ ഭാവി മാറ്റാനുള്ള കമ്പനിയുടെ ലക്ഷ്യത്തിന് മെറ്റയുമായുള്ള പങ്കാളിത്തം കൂടുതൽ കരുത്തുപകരുമെന്നും അദ്ദേഹം വ്യക്തമാക്കി.
സിനിമ കാണുന്ന രീതിയിൽ മാറ്റമുണ്ടാകുമോ?
സിനിമകളുടെ ത്രീഡി പതിപ്പുകൾ വീട്ടിലിരുന്ന് ആസ്വദിക്കാനുള്ള സൗകര്യം ഒരുക്കുന്നതിലൂടെ സിനിമാ വിതരണരംഗത്തും പുതിയ സാധ്യതകൾ തുറക്കപ്പെടുകയാണ്. പ്രത്യേകിച്ച് ത്രീഡി തിയേറ്ററുകൾ എല്ലായിടത്തും ലഭ്യമല്ലാത്ത സാഹചര്യത്തിൽ വി.ആർ ഗ്ലാസുകൾക്ക് കൂടുതൽ പ്രാധാന്യം ലഭിച്ചേക്കാം. വീട്ടിൽ തിയേറ്റർ പോലൊരു സംവിധാനം ഒരുക്കേണ്ടതില്ലെന്നതാണ് ഈ സാങ്കേതികവിദ്യയുടെ പ്രധാന ആകർഷണം. വി.ആർ ഗ്ലാസ് ധരിക്കുമ്പോൾ മുന്നിൽ വലിയൊരു വെർച്വൽ സിനിമാ സ്ക്രീൻ തെളിയും. ചുറ്റുമുള്ള മുറിക്ക് പകരം തിയേറ്ററിന്റെ അന്തരീക്ഷം സൃഷ്ടിക്കാനും കഴിയും. അതിനാൽ ചെറിയ മുറിയിലിരുന്നുപോലും വലിയ സ്ക്രീനിൽ സിനിമ കാണുന്ന അനുഭവം സ്വന്തമാക്കാം.എന്നാൽ പുതിയ അനുഭവം സ്വന്തമാക്കാൻ വി.ആർ ഗ്ലാസുകൾ വാങ്ങുന്നതു മാത്രം മതിയാകില്ല. സിനിമകളുടെ ലഭ്യത, ഓരോ ചിത്രത്തിന്റെയും വില, സബ്സ്ക്രിപ്ഷൻ സൗകര്യം, രാജ്യങ്ങൾ തിരിച്ചുള്ള ലഭ്യത തുടങ്ങിയ കാര്യങ്ങളും നിർണായകമാകും. ഇന്ത്യയുൾപ്പെടെയുള്ള വിപണികളിൽ ഈ സിനിമകൾ എപ്പോൾ ലഭ്യമാകുമെന്ന കാര്യത്തിലും കൂടുതൽ പ്രഖ്യാപനങ്ങൾ വരേണ്ടതുണ്ട്. യഥാർഥ തിയേറ്ററിലെ വലിയ സ്പീക്കറുകളുടെ ശബ്ദം, സീറ്റുകളുടെ സൗകര്യം, മറ്റുള്ളവർക്കൊപ്പം സിനിമ കാണുന്നതിന്റെ അനുഭവം എന്നിവ ലഭിക്കില്ല എന്നത് റിയാലിറ്റിയാണ്. യഥാർഥ തിയേറ്റർ അനുഭവം, ആംബിയൻസ്, ആളുകൾ, പുറത്തേക്കുള്ള യാത്ര ഉൾപ്പടെ മിസ്സാകുമെന്നത് പരിമിതിയായി വേണമെങ്കിൽ പറയാം.എങ്കിൽപ്പോലും തിയേറ്ററിലെ വലിയ സ്ക്രീനിൽ മാത്രം അനുഭവിച്ചിരുന്ന ത്രീഡി സിനിമകളെ വീട്ടിലെത്തിക്കാനുള്ള ശ്രമം സിനിമാപ്രേമികൾക്ക് പുതിയൊരു കാഴ്ചാലോകം തുറക്കുമോ എന്നതാണ് അറിയേണ്ടത്.



