3 ഇഡിയറ്റ്‌സിലെ 'റാഞ്ചോയുടെ സ്കൂളിന്' രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സി.ബി.എസ്.ഇ അഫിലിയേഷൻ
text_fieldsലഡാക്കിലെ 'റാഞ്ചോയുടെ സ്കൂൾ' എന്നറിയപ്പെടുന്ന ഡ്രൂക് പദ്മ കർപോ സ്‌കൂളിന് രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സി.ബി.എസ്.ഇ അഫിലിയേഷൻ ലഭിച്ചു. നിരവധി കാലതാമസങ്ങൾക്കും നിരസനങ്ങൾക്കും ശേഷമാണ് അഫിലിയേഷൻ അനുവദിച്ചത്. 2009ൽ ആമിർ ഖാൻ അഭിനയിച്ച 3 ഇഡിയറ്റ്‌സിൽ പ്രത്യക്ഷപ്പെട്ടതോടെ പ്രശസ്തിയിലേക്ക് കുതിച്ച ഈ സ്‌കൂൾ, ജമ്മു കശ്മീർ സ്റ്റേറ്റ് ബോർഡ് ഓഫ് സ്‌കൂൾ വിദ്യാഭ്യാസവുമായി (JKBOSE) അഫിലിയേറ്റ് ചെയ്‌തിരുന്നു. പരമ്പരാഗത റോട്ട് ലേണിങ് (കാണാപാഠ പഠനം) ഒഴിവാക്കുന്നതിനായി പുതിയ ദേശീയ വിദ്യാഭ്യാസ നയം (NEP) പരിഷ്കാരങ്ങൾ നിർദേശിച്ചിരുന്നു.
ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും, മികച്ച റെക്കോർഡും, നൂതനമായ അധ്യാപനവും, പഠന രീതികളും ഉണ്ടായിട്ടും, ഈ വർഷങ്ങളിലെല്ലാം നിരവധി ശ്രമങ്ങൾ നടത്തിയിട്ടും ഞങ്ങൾക്ക് ജമ്മു കശ്മീർ സ്റ്റേറ്റ് ബോർഡ് ഓഫ് സ്‌കൂളിൽ നിന്ന് അഫിലിയേഷൻ ലഭിച്ചില്ല സ്കൂൾ പ്രിൻസിപ്പൽ മിങ്കൂർ ആങ്മോ പറഞ്ഞു. 'വർഷങ്ങളുടെ കാലതാമസത്തിനുശേഷം ഞങ്ങൾക്ക് ഒടുവിൽ സി.ബി.എസ്.ഐ അഫിലിയേഷൻ ലഭിച്ചു. ഞങ്ങളുടെ പത്താം ക്ലാസ് വിദ്യാർഥികളുടെ ആദ്യ ബാച്ച് ഇപ്പോൾ അവരുടെ സി.ബി.എസ്.ഐ ബോർഡ് പരീക്ഷാ ഫലത്തിനായി കാത്തിരിക്കുകയാണ്' സ്കൂൾ അധികൃതർ വ്യക്തമാക്കി.
സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷന്‍റെ അഫിലിയേഷൻ മാനദണ്ഡങ്ങൾ അനുസരിച്ച് സ്കൂളുകൾക്ക് സംസ്ഥാന ബോർഡിൽ നിന്ന് 'നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്' ആവശ്യമാണ്. വിദേശ സ്കൂളുകളുമായി ബന്ധപ്പെട്ട എംബസിയിൽ നിന്നോ ബന്ധപ്പെട്ട രാജ്യത്തെ ഇന്ത്യൻ കോൺസുലേറ്റിൽ നിന്നോ സമാനമായ രേഖ ലഭിക്കണം. 24 വർഷം പഴക്കമുള്ള ഈ സ്കൂൾ ലഡാക്ക് കേന്ദ്രഭരണ പ്രദേശ പദവി നേടുന്നതിന് മുമ്പുതന്നെ അനുമതി നേടാൻ ശ്രമിച്ചിരുന്നു.