സിദ്ധാർഥിന്‍റെ '3BHK' ഒ.ടി.ടിയിലേക്ക്
text_fieldsസിദ്ധാർത്ഥും ശരത്കുമാറും പ്രധാന വേഷങ്ങളിൽ അഭിനയിച്ച് തിയറ്ററിൽ മികച്ച വിജയം നേടിയ ചിത്രം 3BHK ഒടിടിയിലേക്ക്. ആഗസ്റ്റ് പകുതിയോടെ ചിത്രം ആമസോൺ പ്രൈം വിഡിയോയിൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. തമിഴിലും തെലുങ്കിലും ചിത്രം ലഭ്യമാകും. വൈകാരികമായ കഥപറച്ചിലും മികച്ച പെർഫോമൻസുകളും കൊണ്ട് ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. 2025 ജൂലൈ നാലിനാണ് ചിത്രം തിയറ്ററിലെത്തിയത്.
നാല് പേരിൽ ചുറ്റിക്കറങ്ങുന്ന ഒരു സിനിമ. അച്ഛനും അമ്മയും രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തിന്റെ കഥ, അല്ലെങ്കിൽ വീടിന്റെ കഥ അതാണ് 3BHK. അരവിന്ദ് സച്ചിദാനന്ദത്തിന്റെ ചെറുകഥയാണ് സിനിമക്ക് ആധാരം. മാതൃകാ കുടുംബം എന്നത് പോസ്റ്ററുകളും ട്രെയിലറുകളും കൃത്യമായി പറയുന്നു. ചിത്രത്തിന്റെ പേര് കൃത്യമായി വീടിനെയും ഫ്ലാറ്റിനെയും സൂചിപ്പിക്കുന്നു.
ശ്രീ ഗണേഷ് തിരക്കഥ ഒരുക്കിയ ചിത്രത്തിൽ ദേവയാനി, മീത്ത രഘുനാഥ്, ചൈത്ര ജെ. ആചാർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ. യുവ സംവിധായകൻ ശ്രീ ഗണേഷിന്റെ മൂന്നാം ചിത്രമാണിത്. 2017ൽ ഇറങ്ങിയ ‘8 തോട്ടകൾ’ ആണ് ആദ്യ ചിത്രം. മൂന്നു വർഷം മുൻപ് ഇറങ്ങിയ ‘കുരുതി ആട്ടം’ ഏറെ ശ്രദ്ധിക്കപ്പെട്ടു. അരുൺ വിശ്വ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ദിനേഷ് ബി ബാലകൃഷ്ണനും ജിതിൻ സ്റ്റാനിസ്ലോസുമാണ് ഛായാഗ്രഹണം നിർവ്വഹിച്ചത്. ഗണേഷ് ശിവ എഡിറ്റിങും അമൃത് രാംനാഥ് സംഗീതവും നിർവ്വഹിച്ചു.