മലയാളത്തിന് മുമ്പ് ഹിന്ദി പതിപ്പോ? അജയ് ദേവ്ഗൺന്റെ 'ദൃശ്യം 3' റിലീസ് തിയതി പ്രഖ്യാപിച്ചു
text_fieldsദൃശ്യം പോസ്റ്റർ
ബോളിവുഡ് സൂപ്പർ താരം അജയ് ദേവ്ഗൺ നായകനാകുന്ന ഹിറ്റ് ഫ്രാഞ്ചൈസി ചിത്രമായ 'ദൃശ്യം' മൂന്നാം ഭാഗത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. വിജയ് സാൽഗോങ്കറായി അജയ് ദേവ്ഗൺ വീണ്ടും വെള്ളിത്തിരയിലെത്തുന്ന ചിത്രം 2026 ഒക്ടോബർ 2ന് തീയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ അണിയറപ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച പുതിയ പ്രൊമോയിലാണ് തിയതി പ്രഖ്യാപിച്ചത്.
ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ത്രില്ലർ ഫ്രാഞ്ചൈസികളിലൊന്നായ 'ദൃശ്യം' അതിന്റെ മൂന്നാം ഭാഗത്തിലേക്ക് കടക്കുകയാണ്. തിയതി പ്രഖ്യാപിച്ചതിനു പിന്നാലെ ഇരട്ടി ആവേശത്തിലാണ് ആരാധകർ. നിലവിൽ വിവിധ നഗരങ്ങളിലായി ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ആദ്യ രണ്ട് ഭാഗങ്ങളേക്കാൾ വലിയ കാൻവാസിൽ, കൂടുതൽ തീവ്രമായ ആഖ്യാന ശൈലിയിലാണ് മൂന്നാം ഭാഗം ഒരുങ്ങുന്നതെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി.
ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് അഭിഷേക് പഥകാണ്. അജയ് ദേവ്ഗണെ കൂടാതെ തബു, ശ്രിയ ശരൺ, രജത് കപൂർ, ഇഷിത ദത്ത തുടങ്ങി പഴയ കഥാപാത്രങ്ങളും അതേപടി ചിത്രത്തിലുണ്ട്. അഭിഷേക് പഥക്, ആമിൽ കെയൻ ഖാൻ, പർവേസ് ഷെയ്ഖ് എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അലോക് ജെയിൻ, അജിത് അന്ധാരെ, കുമാർ മങ്ങാട് പഥക്, അഭിഷേക് പഥക് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ വിതരണാവകാശം എല്ലാ ഭാഷകളിലും പനോരാമിക് സ്റ്റുഡിയോസും സ്റ്റാർ സ്റ്റുഡിയോ 18നും നേരത്തെ സ്വന്തമാക്കിയിരുന്നു.
വിജയ് സാൽഗോങ്കർ എന്ന കഥാപാത്രത്തെ ഇന്ത്യൻ സിനിമയിലെ തന്നെ ഐക്കോണിക് കഥാപാത്രങ്ങളിൽ ഒന്നായി മാറ്റാൻ അജയ് ദേവ്ഗണിന്റെ പ്രകടനത്തിലൂടെ സാധിച്ചിട്ടുണ്ട്. മുൻപ് പുറത്തിറങ്ങിയ രണ്ട് ഭാഗങ്ങളും സാമ്പത്തികമായും നിരൂപക പ്രശംസ വഴിയും വലിയ വിജയമാണ് നേടിയത്. സസ്പെൻസ് നിലനിർത്തിക്കൊണ്ടുതന്നെ കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ശൈലി മൂന്നാം ഭാഗത്തിലും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മലയാളത്തിൽ മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് ഒരുക്കുന്ന 'ദൃശ്യം 3' യുടെ ഷൂട്ടിങ് ഇതിനോടകം പൂർത്തിയായിട്ടുണ്ട്. മലയാളം പതിപ്പ് 2026 ആദ്യം റിലീസ് ചെയ്യാനാണ് സാധ്യതയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.


