ആറ് നിലകൾ, ചെലവ് 250 കോടി; ദീപാവലി ദിനത്തിൽ രൺബീറും ആലിയയും പുതിയ വീട്ടിലേക്ക്
text_fieldsറൺബീർ കപൂറും ആലിയ ബട്ടും
ഏറെ ആരാധക പിന്തുണയുള്ള താര ദമ്പതികളാണ് രൺബീർ കപൂറും ആലിയ ബട്ടും. ഇരുവരുടേയും പുതിയ വീടിന്‍റെ വിശേഷങ്ങൾ നേരത്തെതന്നെ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. ആറ് നിലയില്‍ ആഢംഭരവും ആധുനികതയും ചേർന്ന വസതിയാണിവരുടേത്. 250 കോടി രൂപ ചെലവിലാണ് ബംഗ്ലാവ് നിര്‍മിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മുത്തച്ഛന്‍ രാജ് കപൂറില്‍ നിന്നും കൈമാറി ലഭിച്ച ഭൂമിയിലാണ് രണ്‍ബീര്‍ പുതിയ വീട് നിര്‍മിച്ചത്. രാജ് കപൂര്‍ മകന്‍ ഋഷി കപൂറിനും ഭാര്യ നീതുവിനും നല്‍കിയ സ്ഥലം അദ്ദേഹത്തിന്‍റെ മരണ ശേഷം രണ്‍ബീറിലേക്കും ആലിയയിലേക്കും വന്നുചേരുകയായിരുന്നു.
ഈ വീടിനെ ഒരേ സമയം സിംപിള്‍, അതിനൊപ്പം സ്റ്റൈലിഷ് എന്ന് വിശേഷിപ്പിക്കാം. ആറ് നിലകളുള്ള ബംഗ്ലാവിന്‍റെ രണ്ട് ഭാഗവും കണ്ണാടിയാണ്. ഓരോ നിലയിലും ചെടികള്‍ വെച്ച് മനോഹരമാക്കിയിട്ടുമുണ്ട്. ആറ് നിലകളില്‍ ഓരോ നിലയും പ്രത്യേകം ആവശ്യങ്ങള്‍ക്കായാണ് രൂപകൽപന ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുംബൈയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ കൊട്ടാര സമാനമായ വീട് അതിന്‍റെ പ്രൗഢി കൊണ്ടും ആകർഷണീയതകൊണ്ടും ജനശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.
പുതിയ വീട്ടിലേക്ക് ദീപാവലി ദിവസത്തിൽ ആലിയയും രണ്‍ബീറും മകള്‍ റാഹയും താമസം മാറിയേക്കും എന്നാണ് പുതുതായി പുറത്തുവരുന്ന റിപ്പോർട്ടുകൾ. കൃഷ്ണരാജ് ബംഗ്ലാവ് എന്നാണ് പുതിയ വീടിന്‍റെ പേരെന്നും മകള്‍ റാഹയുടെ പേരിലാണ് പുതിയ വീട് രജിസ്റ്റര്‍ ചെയ്യുകയെന്നും റിപ്പോർട്ടുകൾ പറയുന്നു.
ആലിയ ഭട്ടും രൺബീർ കപൂറും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവന പ്രകാരം, ദീപങ്ങളുടെ ഉത്സവം ഒരുമിച്ച് ആഘോഷിക്കാൻ കുടുംബം ഉടൻ തന്നെ അവരുടെ വീട്ടിലേക്ക് താമസം മാറും. ദമ്പതികളുടെ അഭ്യർഥന പ്രകാരം അന്നേദിവസം മാധ്യമങ്ങൾക്ക് റിപ്പോർട്ട് ചെയ്യാൻ അനുവാദമില്ല. 'ദീപാവലി ജീവിതത്തോടുള്ള നന്ദിപറച്ചിലും പുതിയ തുടക്കങ്ങളുമാണ്. ഞങ്ങൾ പുതിയ വീട്ടിലേക്ക് താമസം മാറുമ്പോൾ നിങ്ങൾ ഞങ്ങൾക്ക് നൽകിയ എല്ലാ സ്നേഹത്തിനും പിന്തുണക്കും ഞങ്ങൾ നന്ദി പറയുന്നു. ഞങ്ങളുടെയും കുടുംബത്തിന്‍റെയും ഞങ്ങളുടെ പുതിയ അയൽക്കാരുടെയും സ്വകാര്യത നിങ്ങൾ പരിഗണിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഈ ഉത്സവ സീസണിൽ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഞങ്ങളുടെ എല്ലാ സ്നേഹവും അറിയിക്കുന്നു. ദീപാവലി ആശംസകൾ!' -ഇരുവരും പങ്കുവെച്ചു.


