Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഅനന്ത്നാഗ് ബി.ജെ.പി...

അനന്ത്നാഗ് ബി.ജെ.പി അനുഭാവി; കഴിഞ്ഞവർഷം പത്മഭൂഷൺ, ഇപ്പോൾ ദാദാ സാഹെബ് ഫാൽക്കെ

text_fields
bookmark_border
https://www.madhyamam.com/tags/kannada-actor
cancel
camera_alt

അനന്ത് നാഗ്

ബംഗളൂരു: ഇന്ത്യന്‍ ചലച്ചിത്ര മേഖലക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ക്ക് കന്നട നടൻ അനന്ത് നാഗിന് ദാദാ സാഹെബ് ഫാൽക്കെ പുരസ്‌കാരം ലഭിച്ചതിൽ ബി.ജെ.പിക്കും അഭിമാനം. പാർട്ടിയുമായി അടുത്ത ബന്ധം പുലർത്തുന്ന അനന്ത് നാഗ്, ബി.ജെ.പി മെംബർഷിപ്പ് എടുക്കുന്നതിൽനിന്ന് വിട്ടുനിന്നെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും പല അവസരങ്ങളിൽ പ്രകീർത്തിച്ച് സംസാരിച്ചിട്ടുണ്ട്.

2023ൽ കർണാടക നിയമസഭ തെരഞ്ഞെടുപ്പിന് ​മുന്നോടിയായി അദ്ദേഹം ബി.ജെ.പിയിൽ ചേരാൻ തയാറെടുത്തിരുന്നു. പാർട്ടിപ്രവേശന ചടങ്ങ് സംഘടിപ്പിച്ചെങ്കിലും അവസാനനിമിഷം റദ്ദാക്കി. മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ വലിയ നേട്ടങ്ങൾ കൈവരിച്ചെന്നും അദ്ദേഹം വീണ്ടും പ്രധാനമന്ത്രിയാകണമെന്നാണ് തന്റെ ആഗ്രഹമെന്നും ഏതാനും വർഷങ്ങൾക്ക് മുമ്പ് അഭിപ്രായപ്പെട്ടിരുന്നു. അനന്ത് നാഗ് സ്വയം ഒരു മോദി ഭക്തനായാണ് വിശേഷിപ്പിച്ചിരുന്നത്.

അതേസമയം, കർണാടകയിലെ ജനതാദൾ നേതാവും മുൻ മന്ത്രിയുമായിരുന്നു അനന്ത് നാഗ്. തന്റെ സഹോദരനും അന്തരിച്ച പ്രശസ്ത നടനുമായ ശങ്കർ നാഗിന്റെ സ്വാധീനത്തിൽ 1980-കളിലാണ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. കർണാടക മുൻ മുഖ്യമന്ത്രി രാമകൃഷ്ണ ഹെഗ്‌ഡെയുമായി ശങ്കർ നാഗ് അടുത്ത ബന്ധം പുലർത്തിയിരുന്നു. ഇത് ഹെഗ്‌ഡെയുടെ നേതൃത്വത്തിലുള്ള ജനതാ പാർട്ടിയിൽ ചേരാൻ അനന്ത് നാഗിനെ പ്രേരിപ്പിച്ചു.

1983, 1985, 1989 വർഷങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ ജനതാ പാർട്ടിയുടെയും പിന്നീട് ജനതാദളിന്റെയും സ്റ്റാർ പ്രചാരകനായി. 1983 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കനറ മണ്ഡലത്തിൽ മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. പിന്നീട്, ബംഗളൂരുവിലെ മല്ലേശ്വരം മണ്ഡലത്തിൽ നിന്ന് നിയമസഭയി​ലേക്ക് മത്സരിച്ച അനന്ത് നാഗ്, 1994 ൽ എം.എൽ.എയായി.

1996 മേയ് 31 മുതൽ 1999 ഒക്ടോബർ ഏഴുവരെ ജെ.എച്ച്. പട്ടേൽ സർക്കാറിൽ ബംഗളൂരു നഗരവികസന മന്ത്രിയായി സേവനമനുഷ്ഠിച്ചു. ജനതാദൾ പിളർന്നതോടെ ജെ.ഡി.എസിലേക്ക് (ജനതാദൾ -സെക്കുലർ) മാറിയ അദ്ദേഹം, 2004-ൽ ചാമരാജ്പേട്ട് മണ്ഡലത്തിൽ ടിക്കറ്റിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് രാഷ്ട്രീയത്തിൽ നിന്ന് 19 വർഷത്തിനു ശേഷമാണ് 2023ൽ ബി.ജെ.പിയിൽ സജീവമാകാൻ ഒരുങ്ങിയത്.

രാമകൃഷ്ണ ഹെഗ്‌ഡെയുടെ പ്രിയങ്കരനായിരുന്നു എങ്കിലും അനന്ത് നാഗിന്റെ രാഷ്ട്രീയം ‘വലതുപക്ഷ ചായ്‌വുള്ളതാണെന്നാണ് രാഷ്ട്രീയ നിരീക്ഷകനായ അനന്ത് ചിനിവാർ വിലയിരുത്തുന്നത്. ജി.എസ്.ബി (ഗൗഡ സാരസ്വത് ബ്രാഹ്മണ) സമുദായത്തിന് കീഴിലുള്ള ചിത്രപൂർ മഠവുമായുള്ള തന്റെ ബന്ധം അനന്ത് നാഗ് വെളിപ്പെടുത്തിയിട്ടുണ്ട്.

2025ലാണ് പത്മഭൂഷൻ ലഭിച്ചത്. 2026ൽ ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരവും. കർണാടകയിൽ ഏറെ വർഷങ്ങൾക്കുശേഷമാണ് ഫാൽക്കെ പുരസ്കാരമെത്തുന്നത്. 1995ൽ ഡോ. രാജ്കുമാറിനായിരുന്നു ഇതിന് മുമ്പ് ഫാൽക്കെ ലഭിച്ചത്.

Show Full Article
TAGS:Anant Nag Dadasaheb Phalke BJP Supporter former minister 
Next Story