‘ദി ബാഡ്‌സ് ഓഫ് ബോളിവുഡ്’ പ്രീമിയറിൽ ഫോട്ടോ എടുത്ത് ഷാരുഖ് ഖാൻ, ഫോട്ടോഗ്രഫറായി മകൻ
text_fieldsഷാരൂഖ് ഖാൻ കുടുംബത്തോടൊപ്പം
ഷാരൂഖ് ഖാന്‍റെയും ഗൗരി ഖാന്റെയും മൂത്ത മകനായ ആര്യൻ ഖാന്‍റെ 'ദി ബാഡ്‌സ് ഓഫ് ബോളിവുഡ്' ആണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചാവിഷയം. കഭി ഖുഷി കഭി ഗം (2001) എന്ന ഹിന്ദി ചിത്രത്തിൽ ഷാരൂഖിന്റെ ചെറുപ്പകാലം അവതരിപ്പിച്ചാണ് താര പുത്രൻ ആദ്യമായ് ബോളിവുഡിൽ എത്തുന്നത്. ഇപ്പോഴിത ബോളിവുഡ് ഇൻഡസ്ട്രിയെ പശ്ചാത്തലമാക്കി ഒരുങ്ങുന്ന ദി ബാഡ്‌സ് ഓഫ് ബോളിവുഡ് എന്ന സീരിസിന്‍റെ സംവിധായകനായ് വീണ്ടും രംഗപ്രവേശം ചെയ്തിരിക്കുകയാണ് ആര്യൻ ഖാൻ.
മുംബൈയിൽ കഴിഞ്ഞ ദിവസം നടന്ന പ്രീമിയറിൽ നിരവധി സെലിബ്രിറ്റികൾ പങ്കെടുത്തുവെങ്കിലും ഇത്തവണ അച്ഛൻ-മകൻ ജോഡിയാണ് ശ്രദ്ധ പിടിച്ചുപറ്റിത്. അച്ഛന്‍റെ ചിത്രങ്ങൾ എടുക്കുന്ന ആര്യന്‍റെയും പരിപാടിയിൽ സജീവ സാന്നിധ്യമായി നിന്ന ഷാരുഖിന്‍റെയും സ്നേഹ നിമിഷങ്ങൾ റെഡ് കാർപ്പറ്റിൽ ആരാധക ശ്രദ്ധനേടി. ഷാരൂഖ്, ഭാര്യ ഗൗരി ഖാൻ, മകൾ സുഹാന ഖാൻ, മകൻ അബ്രാം എന്നിവർ ചടങ്ങിൽ പങ്കെടുത്തിരുന്നു.
ദി ബാഡ്‌സ് ഓഫ് ബോളിവുഡ് എന്ന സിനിമയുടെ പ്രീമിയറിൽ ഷാരൂഖ് പാപ്പരാസിയുടെ അടുത്തേക്ക് നടന്നുവന്നതിനുശേഷം തന്റെ ചിത്രങ്ങൾ എടുക്കാൻ ആര്യനോട് ആംഗ്യം കാണിക്കുകയും സമീപത്തുണ്ടായിരുന്ന ആര്യൻ വേഗത്തിൽ മുന്നോട്ട് വന്ന് ഒരു പ്രൊഫഷണൽ ഫോട്ടോഗ്രഫറെപോലെ വ്യത്യസ്ത ആംഗിളുകളിൽ ഷാരൂഖിന്‍റെ ഫോട്ടോകൾ പകർത്തുകയും ചെയ്തു. സംഭവം ഇതിനോടകം തന്നെ സോഷ്യൽമീഡിയ ഏറ്റെടുത്തിട്ടുണ്ട്.
പരമ്പരയുടെ പ്രീമിയറിന് മുന്നോടിയായി കരൺ ജോഹർ ഇൻസ്റ്റാഗ്രാമിൽ ആര്യന് ആശംസകൾ നേർന്നുകൊണ്ട് സ്നേഹാർദ്രമായൊരു പോസ്റ്റ് പങ്കുവെച്ചു. കഴിഞ്ഞ രണ്ട് വർഷമായി ആര്യൻ നടത്തിയ യാത്രയെയും കഠിനാധ്വാനത്തെയും കരൺ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലൂടെ പ്രശംസിച്ചു.
‘തിളങ്ങൂ മകനേ! ഇന്നത്തെ രാത്രി നിനക്കു വലുതാണ്... നിന്റെ കുടുംബവും സുഹൃത്തുക്കളും സഹോദരങ്ങളും നിന്നെ സിനിമയിലേക്ക് സ്വാഗതം ചെയ്യുമ്പോൾ നിന്നെകൊണ്ട് സാധിക്കുമെന്ന് ആരും വിശ്വസിക്കാത്ത ഒരു പാതയിലൂടെ നീ നടന്നു. കാമറക്ക് പിന്നിൽ നിൽക്കുക എന്ന കഠിനമായ ദൗത്യം നീ ഏറ്റെടുത്ത് ഒരു കഥാകാരനും അതിന്റെ നിർവഹണത്തിന്റെ ക്യാപ്റ്റനുമാകുക. രണ്ട് വർഷത്തിലേറെയായി നീ കഠിനമായും ആവേശത്തോടെയും പ്രവർത്തിക്കുന്നത് കണ്ടിട്ടുണ്ട്. നിനക്ക് ലഭിച്ച അവസരം ഒരിക്കൽ പോലും നീ നിസ്സാരമായി എടുത്തിട്ടില്ല. നിന്റെ കഥ പറയുന്നതിൽ നിനക്ക് നിന്‍റേതായൊരു ശൈലിയുണ്ട്. ബാഡ്‌സ് ഓഫ് ബോളിവുഡിൽ നിന്റെ ശബ്ദം എല്ലാവരും കാണാനും കേൾക്കാനും ഞാൻ കാത്തിരിക്കുകയാണ്... ഞാൻ നിന്നെക്കുറിച്ച് വളരെ അഭിമാനിക്കുന്നു. നിന്നെ വളരെയധികം സ്നേഹിക്കുന്നു!’ എന്നാണ് കരൺ ജോഹർ സോഷ്യൽമീഡിയയിൽ കുറിച്ചത്.
ആര്യനൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് നൃത്ത സംവിധായികയും, ചലച്ചിത്രസംവിധായികയുമായ ഫറാ ഖാനും ആശംസകളറിയിച്ചിട്ടുണ്ട്. ‘എന്റെ ആൺകുട്ടി! ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വെച്ച് ഏറ്റവും ദയാലുവും, സ്നേഹവാനും, കഴിവുള്ളവനും, കഠിനാധ്വാനിയുമായ സംവിധായകന് നൃത്തസംവിധാനം ചെയ്യാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. ബാഡ്‌സ് ഓഫ് ബോളിവുഡിന് സ്നേഹവും വിജയവും നൽകി അനുഗ്രഹിക്കട്ടെ’ എന്നാണ് ഫറയുടെ വാക്കുകൾ.
രൺബീർ കപൂർ, ആലിയ ഭട്ട്, ബോബി ഡിയോൾ, ലക്ഷയ്, രാഘവ് ജുയാൽ എന്നിവരുൾപ്പെടെയുള്ള താരങ്ങൾ മുതൽ കരൺ ജോഹർ, ആകാശ് അംബാനി, രാധിക മർച്ചന്റ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ആഗസ്റ്റ് 20 ന് മുംബൈയിൽ നടന്ന പ്രത്യേക പരിപാടിയിൽ പ്രിവ്യൂ വിഡിയോ അനാച്ഛാദനം ചെയ്തത്. ആര്യൻ ഖാനും, ഗൗരി ഖാനോടുമൊപ്പം ഷാരൂഖ് ഖാൻ ചടങ്ങിൽ പങ്കെടുത്തു. ലക്ഷ്യ, സഹേർ ബംബ, ബോബി ഡിയോൾ, മനോജ് പഹ്‌വ, മോന സിംഗ്, മനീഷ് ചൗധരി, രാഘവ് ജുയാൽ, അന്യ സിംഗ്, വിജയന്ത് കോഹ്‌ലി, രജത് ബേദി, ഗൗതമി കപൂർ എന്നിവരുൾപ്പെടെ ഷോയിലെ മുഴുവൻ അഭിനേതാക്കളെയും താരം പരിചയപ്പെടുത്തി. റെഡ് ചില്ലീസ് എന്റർടൈൻമെന്റിന്റെ ബാനറിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്.