Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightനിവിനും മമിതക്കും ഇത്...

നിവിനും മമിതക്കും ഇത് മധുരമേറിയ ഓണം; 100 കോടി ക്ലബ്ബിൽ ഇടംപിടിച്ച് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’

text_fields
bookmark_border
Bethlehem Kudumba Unit
cancel
camera_alt

ബെത്‌ലഹേം കുടുംബ യൂണിറ്റ്

നിവിൻ പോളിയും മമിത ബൈജുവും ആദ്യമായി ഒന്നിച്ച ഏറ്റവും പുതിയ ചിത്രം ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ബോക്‌സ് ഓഫീസിൽ അഭൂതപൂർവ്വമായ കുതിപ്പ് തുടരുന്നു. ഓണം റിലീസായി ആഗസ്റ്റ് 21ന് തിയറ്ററുകളിലെത്തിയ ഈ ഫാമിലി എന്റർടെയ്‌നർ ചിത്രം, റിലീസ് ചെയ്ത് വെറും 6 ദിവസങ്ങൾ കൊണ്ട് ഔദ്യോഗികമായി 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരിക്കുകയാണ്. തുടക്കം മുതൽ തിയറ്ററുകളിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.

ബോക്‌സ് ഓഫീസിലെ നിവിൻ പോളിയുടെ തിരിച്ചുവരവ് പൂർണ്ണമാക്കുന്നതാണ് ഈ വിജയം. 'സർവം മായ'ക്ക് ശേഷം ഒരു വർഷത്തിനുള്ളിൽ നിവിൻ പോളി നേടുന്ന രണ്ടാമത്തെ 100 കോടി ചിത്രമാണിത്. മലയാള സിനിമാ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 100 കോടി ക്ലബ്ബിലെത്തുന്ന മൂന്നാമത്തെ ചിത്രമെന്ന റെക്കോർഡും ബെത്‌ലഹേം കുടുംബ യൂണിറ്റ് സ്വന്തമാക്കി. എമ്പുരാൻ, ദൃശ്യം 3 എന്നീ മെഗാ ഹിറ്റുകൾ മാത്രമാണ് ഇനി ഈ പട്ടികയിൽ ചിത്രത്തിന് മുന്നിലുള്ളത്.

മികച്ച പ്രേക്ഷകാഭിപ്രായവും നിരൂപക പ്രശംസയും നേടിയതോടെ കേരളത്തിലുടനീളം ഹൗസ്‌ഫുൾ ഷോകളുമായി മുന്നേറുന്ന ചിത്രത്തിന്, ആവശ്യക്കാരുടെ എണ്ണം വർധിച്ചതിനെ തുടർന്ന് കേരളത്തിലും തമിഴ്‌നാട്ടിലും ഒട്ടേറെ അധിക ഷോകൾ അനുവദിച്ചിട്ടുണ്ട്. തിയറ്ററുകളിൽ വലിയ ആവേശം സൃഷ്ടിക്കുന്ന ട്വിസ്റ്റുകളും സസ്‌പെൻസുകളും നിറഞ്ഞ ചിത്രമായതിനാൽ, സിനിമ കണ്ടവർ സോഷ്യൽ മീഡിയയിലൂടെ സർപ്രൈസ് നിമിഷങ്ങൾ പങ്കുവെച്ച് മറ്റുള്ളവരുടെ തിയറ്റർ അനുഭവം നശിപ്പിക്കരുതെന്ന് അണിയറപ്രവർത്തകർ ഔദ്യോഗികമായി അഭ്യർത്ഥിച്ചിട്ടുണ്ട്.

'പ്രേമലു' എന്ന സൂപ്പർഹിറ്റിന് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ഈ ചിത്രം, തന്നേക്കാൾ 12-13 വയസ്സ് മൂത്ത ജസ്റ്റിൻ (നിവിൻ പോളി) എന്ന അയൽക്കാരനോട് ആഷ്‌ലി (മമിത) എന്ന പെൺകുട്ടിക്ക് തോന്നുന്ന പ്രണയവും അതിനെ തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് അവതരിപ്പിക്കുന്നത്.

ഇരുവരുടെയും പ്രായവ്യത്യാസത്തെ ഒട്ടും കൃത്രിമത്വമില്ലാതെ തികച്ചും മനോഹരമായും സ്വാഭാവികമായും അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രീന്ദ, പാർവ്വതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങൾ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

'പ്രേമലു'വിന്റെ സഹരചയിതാവായ കിരൺ ജോസിയും ഗിരീഷ് എ.ഡിയും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. 'പ്രേമലു' എന്ന ഇൻഡസ്ട്രി ഹിറ്റിന് ശേഷം ഭാവനാ സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കുടുംബപ്രേക്ഷകരും യുവാക്കളും ഒരുപോലെ ഏറ്റെടുത്തതോടെ വരും ദിവസങ്ങളിലും ബോക്‌സ് ഓഫീസിൽ ചിത്രം പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Show Full Article
TAGS:100 crore Nivin Pauly Mamitha Baiju Box Office Collection Malayalam Cinema 
News Summary - Bethlehem Kudumba Unit' Crosses 100 Crore Mark in 6 Days
Next Story