ചോക്ലറ്റിൽ ഒളിപ്പിച്ച ‘മോയ് തായ്’
text_fieldsടോണി ജായുടെയും (തായ് മാർഷൽ ആർട്ടിസ്റ്റ്) ബ്രൂസ് ലീയുടെയും (അമേരിക്കൻ മാർഷൽ ആർട്ടിസ്റ്റ്) സിനിമകൾ കണ്ട് മോയ് തായ്, ജീത് കുൻ ഡോ (എതിരാളിയുടെ ആക്രമണങ്ങളെ തടയുക) എന്നിവ സ്വയം പഠിച്ച് എതിരാളികളെ നേരിടുന്ന സെൻ (യാനിൻ വിസ്മിസ്താനന്ദ) ഓട്ടിസ്റ്റിക് ആണ്. ഓട്ടിസമാണെങ്കിലും അസാധ്യമായ മെയ്വഴക്കമുള്ള അവൾക്ക് ആകെ അറിയാവുന്നത് മോയ് തായ് ആണ്. അത്ര എളുപ്പമല്ല അത് പഠിച്ചെടുക്കാൻ. റെസ്റ്റില്ലാതെ മൂവ്മെന്റുകൾ ഉണ്ടാവും. പക്ഷേ, സെന്നിന്റെ എനർജി പവറാണ് ഈ ചടുല ചലനങ്ങൾ. അമ്മയുടെ ചികിത്സച്ചെലവിനായി കടം കൊടുത്തവരിൽനിന്നും പണം തിരിച്ചുപിടിക്കാനായി സെന്നും അവളുടെ കസിനും പോകുന്നു. അതുമൂലമുണ്ടാകുന്ന പ്രശ്നങ്ങളും അതിനെ സെൻ എങ്ങനെ നേരിടുന്നു എന്നുമാണ് ‘ചോക്ലറ്റ്’ പറയുന്നത്.
2008ൽ പ്രാച്യ പിങ്കേവ് സംവിധാനം ചെയ്ത തായ് ചിത്രമാണിത്. ആക്ഷൻ സീക്വൻസുകളെല്ലാം വളരെ ദൈർഘ്യമുള്ളതാണെങ്കിലും ആക്ഷൻ സിനിമകൾ ഇഷ്ടമില്ലാത്തവർക്കുപോലും ഇഷ്ടപ്പെടുന്ന വിധത്തിലാണ് ചിത്രത്തിന്റെ മേക്കിങ്. മോയ് തായ് ആണ് സിനിമയുടെ കാതൽ. ‘മോയ് തായ്’ തായ്ലൻഡിന്റെ തനത് ആയോധന കലയും തായ് ബോക്സിങ്ങുമാണ്.
‘ചോക്ലറ്റി’ൽ ഓട്ടിസത്തെ അല്ല ഫോക്കസ് ചെയ്യുന്നത്. ഓട്ടിസമുള്ള കുട്ടികള്‍ ദൈനംദിന ജീവിതത്തില്‍ പ്രകടിപ്പിക്കുന്ന ചില ലക്ഷണങ്ങള്‍ അവരെ മറ്റു കുട്ടികളില്‍നിന്നും വ്യത്യസ്തരാക്കുന്നു. കുട്ടികളുടെ ബുദ്ധിവികാസവുമായി ബന്ധപ്പെട്ട മാനസിക വ്യതിയാനമാണ് ഓട്ടിസം. ജനനസമയത്തെ ആദ്യനാളുകളില്‍ ഓട്ടിസം കണ്ടുപിടിക്കാന്‍ സാധിക്കുകയില്ല. സെൻ ഓട്ടിസ്റ്റിക്കാണെങ്കിലും എങ്ങനെയാണ് ഈ മോയ് തായ് ഇത്രയും ഫ്ലെക്സിബിളായി ചെയ്യുന്നതെന്ന് ചിന്തിച്ചേക്കാം. ആവർത്തിക്കുന്ന ശരീരചലനങ്ങളും ചില പ്രത്യേക ശബ്ദങ്ങളും മാത്രമേ സെന്നിൽനിന്ന് ഉണ്ടാകുന്നുള്ളൂ. അതുതന്നെയാണ് മോയ് തായ് അവൾക്ക് കൂടുതൽ എളുപ്പമാക്കുന്നതും.
ചെറിയ ഏറ്റുമുട്ടലുകളിൽ തുടങ്ങി ഐസ് പാക്കിങ് പ്ലാന്റിലെ പോരാട്ടംപോലുള്ള വലുതും സങ്കീർണവുമായ സീക്വൻസുകളിലേക്ക് ക്രമേണ ആക്ഷന്റെ സങ്കീർണതയെ സിനിമ പരിചയപ്പെടുത്തുന്നുണ്ട്. മങ്ങിയതും മണ്ണിന്റെ നിറമുള്ളതുമായ ഫ്രെയിമുകളാണ് ചിത്രത്തിൽ മുഴുവനും ഉപയോഗിച്ചിരിക്കുന്നത്. ഡീസാച്ചുറേറ്റഡ് കളർ ടോണാണിത്. ഇത് നഗരങ്ങളും വ്യവസായിക സാഹചര്യങ്ങളും തെരുവുകളും മങ്ങിയ എന്നാൽ റിയലിസ്റ്റിക് ഫ്രെയിമിൽ സെറ്റ് ചെയ്യാൻ സഹായിക്കുന്നു.
ജെംസ് മിഠായിയുടെ റെഫറന്‍സ് പലപ്പോഴും സിനിമയിൽ കാണിക്കുന്നുണ്ട്. അതൊരു സിംബോളിക് എലമെന്റാവാം. വേദനയും ദുരിതവും പേറുന്ന ലോകത്ത് സെൻ നിറങ്ങളുടെ ലോകം കാണുന്നതാകാം, അതുമല്ലെങ്കിൽ അവളുടെ അമ്മയുടെ ജീവിതസാഹചര്യം വെച്ചിട്ട് എളുപ്പം ലഭ്യമാകുന്നതുമാകാം. നിറങ്ങളുടെ ലോകവും നിറമില്ലാത്ത ലോകവും ഒരുപോലെ ‘ചോക്ലറ്റി’ൽ പ്രതിഫലിക്കുന്നുണ്ട്. ആക്ഷനും കഥപറച്ചിലിനും മികവേകുന്ന തരത്തിലുള്ളതാണ് കാമറയുടെ ചലനങ്ങൾ. കണ്ണിന്റെയൊക്കെ എക്സ്ട്രീം ക്ലോസപ്പ് ഷോട്ടുകളും ചില ട്രാൻസിഷനുകളും സിനിമയുടെ കഥപറച്ചിലിനെ സുഗമമാക്കുന്നു.
‘ചോക്ലറ്റ്’ എന്ന പേര് സെന്നിന്റെ ചോക്ലറ്റിനോടുള്ള ഇഷ്ടത്തിൽനിന്നാവാം നൽകിയിട്ടുണ്ടാവുക. ഒരുപാട് പ്രശ്നങ്ങളിലൂടെ കടന്നുപോകുമ്പോൾ അവളുടെ ജീവിതം എത്ര ലളിതമാണെന്നും സിനിമ കാണിച്ചുതരുന്നു. ആക്ഷൻ സിനിമ എന്ന ടാഗിൽ ഒതുക്കാൻ പറ്റുന്ന ഒരു ചിത്രമല്ല ‘ചോക്ലറ്റ്’. അതിലും ആഴത്തിലുള്ള ഒരു ഇമോഷൻ സിനിമ ഹോൾഡ് ചെയ്യുന്നുണ്ട്.