ഇത് ആത്മാക്കളുടെ ലോകമാണ്, കോകോയുടെയും...
text_fieldsമെക്സികോയിൽ താമസിക്കുന്ന, ഉപജീവനത്തിനായി ഷൂസ് നിർമിക്കുന്ന കൂട്ടുകുടുംബംപോലെ പരന്നുകിടക്കുന്ന റിവേര കുടുംബം. അവിടെ ഒരാൾ ഒഴികെ എല്ലാവരും സംഗീതത്തെ വെറുക്കുന്നു. മിഖേൽ, അവനാണ് കഥാനായകൻ. പാട്ടു പാടാനുള്ള അവന്റെ സഹജമായ ആഗ്രഹത്തെയാണ് കുടുംബം ഇല്ലാതാക്കുന്നത്. അതിന് അവർക്ക് ഒരു കാരണമുണ്ട്. പക്ഷേ, സത്യം അറിയുമ്പോൾ അത്രയും നാൾ വിശ്വസിച്ചിരുന്ന കഥകൾ മാറിമറിയുന്നു. അത് കണ്ടുപിടിക്കുന്നത് ആകട്ടെ മിഖേലും. എന്നാൽ, ഇത് ശരിക്ക് മിഖേലിന്റെ കഥയല്ല. മിഖേലിന്റെ മുതുമുത്തശ്ശിയായ കോകോയുടെ കഥയാണ്.
മരണം യഥാർഥത്തിൽ എപ്പോഴാണ് സംഭവിക്കുന്നത്? ശരീരം നശിക്കുമ്പോഴാണോ? അല്ല, ശരീരം നശിച്ചാലും ആ വ്യക്തിയെക്കുറിച്ചുള്ള ഓർമകൾ അയാളുടെ പ്രിയപ്പെട്ടവരുടെ ഉള്ളിലുണ്ടാവും. അതിലൂടെ അയാൾ ജീവിക്കും. എന്നാൽ, പ്രിയപ്പെട്ടവരെല്ലാം മറന്നാലോ? അന്നായിരിക്കും യഥാർഥ മരണം സംഭവിക്കുന്നത്. അപ്രതീക്ഷിതമായി മിഖേല്‍ എത്തിച്ചേരുന്നത് മരിച്ചവരുടെ ലോകത്താണ്. അവിടെ തന്റെ ആരാധനാപാത്രമായ ഏണസ്റ്റോ ഡെലക്രൂസിനെ കണ്ടെത്തുന്ന മിഖേലിന് പിന്നീട് സംഭവിക്കുന്നത് ട്വിസ്റ്റുകളാണ്. അവന് വീണ്ടും യഥാർഥ ലോകത്തേക്ക് മടങ്ങാന്‍ സാധിക്കുമോ? സംഗീതം തുടരാനാകുമോ? കണ്ടറിയണം.
ഈ സിനിമ ബാക്ക് ടു ദി ഫ്യൂച്ചർ ഫീലുള്ള നോൺ-എബൗട്ട് സ്ലാപ്സ്റ്റിക്ക് കോമഡിയാണ്. മരണാനന്തര ജീവിതത്തിനുള്ള പ്രാധാന്യം, ഒരാൾ സെലിബ്രിറ്റി ആകുന്നതിന്റെ അറിയാ കഥകൾ, ജീവിതം ജീവിക്കാനുള്ളതാണെന്ന തിരിച്ചറിവ്, സ്വപ്നങ്ങളെ പിന്തുടരുക എന്ന പതിവ് മന്ത്രത്തിനപ്പുറം ഓരോ നിമിഷവും പിടിച്ചെടുക്കാനാണ് (Seize Your Moment) കോകോ പഠിപ്പിക്കുന്നത്. കഥപറച്ചിലിലൂടെയും പാട്ടിലൂടെയും പ്രകടിപ്പിക്കുന്ന കുടുംബ പൈതൃകവും, മിഖേലിന്റെ കുടുംബത്തിലെ ജീവിച്ചിരിക്കുന്നവരും മരിച്ചവരും തമ്മിലുള്ള കണക്ഷനുമാണ് ‘കോകോ’യുടെ കാതൽ. ആനിമേഷൻ സിനിമകളുടെ പതിവ് ബ്രൈറ്റ് കളർ ടോൺ തന്നെയാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്. ഓരോ ഫ്രെയിമിലും പലനിറങ്ങൾ ഉൾപ്പെടുന്നതിനാൽ സിനിമക്ക് മൊത്തം ഒരു ഫെസ്റ്റിവൽ മൂഡാണ്.
ലീ അൻക്രിച് സംവിധാനം ചെയ്ത് പിക്സാർ ആനിമേഷൻ സ്റ്റുഡിയോ നിർമിച്ച് വാൾട്ട് ഡിസ്നി പിക്ചേഴ്സ് പുറത്തിറക്കിയ 2017ലെ അമേരിക്കൻ 3 ഡി കമ്പ്യൂട്ടർ-ആനിമേറ്റഡ് ഫാന്റസി ചിത്രമാണ് ‘കോകോ’.മെക്സികോയിലെ മരിച്ചവരുടെ ദിനത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ‘കോകോ’യുടെ ആശയം ഉരുത്തിരിഞ്ഞത്. മെക്സികോയിലെ മൊറേലിയയിൽ നടന്ന മൊറേലിയ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ‘കോകോ’ക്ക് വൻ സ്വീകാര്യതയായിരുന്നു. 90ാമത് ഓസ്കറിൽ തിളങ്ങിയ ചിത്രങ്ങളിൽ ഒന്നാണ് കോകോ. ഏറ്റവും മികച്ച ആനിമേഷൻ ചിത്രം, ഏറ്റവും മികച്ച ഗാനത്തിനുള്ള പുരസ്കാരം എന്നിവ കോകോ സ്വന്തമാക്കി. ഗാനരചയിതാക്കളായ റോബർട്ട് ലോപസ്, ക്രിസ്റ്റെൻ ആൻഡേഴ്സൻ ലോപസ് ദമ്പതിമാരാണ് ‘റിമംബര്‍ മി’യിലൂടെ മികച്ച ഗാനത്തിനുള്ള പുരസ്കാരം നേടിയത്.