അഭ്യൂഹങ്ങൾക്ക് വിരാമം; ഇളയരാജയായി ധനുഷ്, സംവിധായകൻ അരുൺ മതേശ്വരൻ തന്നെ
text_fieldsഇളയരാജയുടെ ജീവിതകഥ പറയുന്ന ബയോപിക് ചിത്രത്തിൽ നിന്നും സംവിധായകൻ അരുൺ മതേശ്വരൻ മാറുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾക്ക് വിരാമമായി. അരുൺ മതേശ്വരൻ തന്നെയായിരിക്കും ചിത്രം സംവിധാനം ചെയ്യുക എന്ന് അണിയറപ്രവർത്തകർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതിഹാസ സംഗീതജ്ഞന്റെ ജീവിതം വെള്ളിത്തിരയിലെത്തുമ്പോൾ ധനുഷ് ആണ് ഇളയരാജയായി വേഷമിടുന്നത്.
നിലവിൽ ലോകേഷ് കനകരാജ് ആദ്യമായി നായകനായി എത്തുന്ന 'ഡിസി' എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് അരുൺ. ഈ ചിത്രത്തിന്റെ ജോലികൾ പൂർത്തിയാക്കിയാലുടൻ ഇളയരാജ ബയോപ്പിക്കിന്റെ ചിത്രീകരണം ആരംഭിക്കുമെന്ന് നിർമാതാക്കൾ അറിയിച്ചു. തമിഴ് സിനിമ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ പ്രോജക്റ്റിൽ നിന്ന് അരുൺ മതേശ്വരൻ പിന്മാറിയേക്കും എന്ന വാർത്തകൾ ആരാധകരെ ആശങ്കയിലാഴ്ത്തിയിരുന്നു.
കാപ്റ്റൻ മില്ലറിന് ശേഷം ധനുഷും അരുണും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. പ്രശസ്ത ഛായാഗ്രാഹകൻ നീരവ് ഷാ, പ്രൊഡക്ഷൻ ഡിസൈനർ മുത്തുരാജ് എന്നിവർ നേരത്തെ തന്നെ പ്രോജക്റ്റിന്റെ ഭാഗമായിട്ടുണ്ട്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഇളയരാജ ബയോപ്പിക്കിന് മുമ്പ് അരുൺ പൂർത്തിയാക്കുന്നത് ലോകേഷ് കനകരാജ് നായകനാകുന്ന ഡിസി എന്ന ചിത്രമാണ്. വാമിഖ ഗബ്ബി (ചന്ദ്ര), ലബ്ബർ പന്തിലൂടെ ശ്രദ്ധേയയായ സഞ്ജന കൃഷ്ണമൂർത്തി എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ. അനിരുദ്ധ് രവിചന്ദർ ആണ് ഈ ചിത്രത്തിന് സംഗീതം പകരുന്നത്.
ബയോപ്പിക്കിന് പുറമെ കൈനിറയെ ചിത്രങ്ങളാണ് ധനുഷിനുള്ളത്. വിഘ്‌നേഷ് രാജ സംവിധാനം ചെയ്യുന്ന കാര. രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന D55, തമിഴരശൻ പച്ചമുത്തുവിനൊപ്പമുള്ള പുതിയ ചിത്രം, കർണ്ണന് ശേഷം മാരി സെൽവരാജിനൊപ്പം വീണ്ടും ഒന്നിക്കുന്ന ചിത്രമൊക്കെ ധനുഷിന്‍റെ വരാനിക്കുന്ന ചിത്രങ്ങൾ.


