90 കിഡ്സിന് അൽപം നൊസ്റ്റാൾജിയയാകാം; 'ആഷിഖ് ബനായാ' ടീം 20 വർഷത്തിന് ശേഷം വീണ്ടും ഒന്നിക്കുന്നു...
text_fields'ആഷിഖ് ബനായാ... ആഷിഖ് ബനായാ... ആഷിഖ് ബനായാ... അപ്നേ...' 90സ് കിഡ്സിന് മറക്കാൻ പറ്റുമോ ഹിമേഷ് രേഷാമിയ എന്ന പാട്ടുകാരനും ഇമ്രാൻ ഹാഷ്മി എന്ന നടനും ചേർന്ന് തരംഗം സൃഷ്ടിച്ച ആ പാട്ടുകാലം. 'ഝലക് ദിഖ്ലാജാ...' പോലെ നിരവധി ഹിറ്റ് ഗാനങ്ങളാണ് 2005 കാലഘട്ടത്തിൽ ഇരുവരും ഒന്നിച്ച ചിത്രങ്ങളിൽ പിറന്നത്. ഇമ്രാൻ ഹാഷ്മി അഭിനയിച്ച് തകർത്തപ്പോൾ ഹിമേഷ് രേഷാമിയ സംഗീതസംവിധാനം നിർവഹിച്ചും ഗായകനായും ശ്രദ്ധേയനായി. ഓർമകളിൽ തരംഗം സൃഷ്ടിച്ച പാട്ടുകൂട്ടുകെട്ട് പക്ഷേ പിൽക്കാലത്ത് വീണ്ടും ഒന്നിച്ചില്ല. ഇപ്പോഴിതാ, 20 വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുകയാണ് 'ഗൺമാസ്റ്റർ ജി9' എന്ന ചിത്രത്തിലൂടെ.
ഇരുവരും ഒന്നിക്കുകയാണെന്ന പ്രഖ്യാപനം വന്നതോടെ ആരാധകരും ആവേശത്തിലാണ്. സിനിമ പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റുകൾക്ക് താഴെ ഹിറ്റ് കൂട്ടുകെട്ടിനെ സ്വാഗതംചെയ്തുള്ള ഒട്ടനവധി കമന്‍റുകളാണ് വരുന്നത്. പഴയ പാട്ടുകാലം തിരികെ കൊണ്ടുവരാൻ ഇരുവരുടെയും കൂട്ടുകെട്ടിന് സാധിക്കട്ടെയെന്നാണ് പലരും പറയുന്നത്.
കുടുംബപശ്ചാത്തലത്തിലുള്ളതാണെങ്കിലും ആക്ഷന് പ്രാധാന്യമേറിയ സിനിമയാകും 'ഗൺമാസ്റ്റർ ജി9' എന്നാണ് വിവരം. ആദിത്യ ദത്ത് സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് സോഹം റോക്സ്റ്റാർ എന്‍റർടെയിൻമെന്‍റിന്‍റെ ബാനറിൽ ദീപക് മുകുതും ഹുനാർ മുകുതും ചേർന്നാണ്. ഇമ്രാൻ ഹാഷ്മിയെ മുമ്പൊരിക്കലും കണ്ടിട്ടില്ലാതത് ആക്ഷൻ വേഷത്തിൽ കാണാമെന്നാണ് അണിയറക്കാർ പറയുന്നത്.
ജെനീലിയ ഡിസൂസ, അപാർശക്തി ഖുരാന, അഭിഷേക് സിങ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹിമേഷ് രേഷാമിയ സംഗീതം നൽകുന്ന പാട്ടുകൾ തന്നെയാകും സിനിമയുടെ മറ്റൊരു ആകർഷക ഘടകം. 2026ലാണ് ചിത്രം തിയറ്ററുകളിലെത്തുക.