വളർന്നുവരുന്ന അഭിനേതാക്കൾക്ക് പ്രചോദനം -ഷംല ഹംസ
text_fieldsമേലാറ്റൂർ (മലപ്പുറം): ഇത്രയും വലിയൊരു അവാർഡ് കിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ലെന്നും പുരസ്കാരനേട്ടം വലിയ അത്ഭുതമായാണ് കാണുന്നതെന്നും ഷംല ഹംസ ‘മാധ്യമ’ത്തോട് പറഞ്ഞു. വളർന്നുവരാൻ ആഗ്രഹിക്കുന്ന അഭിനേതാക്കൾക്ക് ഇത്തരം അംഗീകാരങ്ങൾ വലിയ പ്രചോദനമാണ്. ‘ഫെമിനിച്ചി ഫാത്തിമ’ മികച്ച സിനിമയാകുമെന്നും അവാർഡ് കിട്ടുമെന്നും പ്രതീക്ഷയുണ്ടായിരുന്നു. ഐ.എഫ്.എഫ്.കെയിലും തിയറ്ററിൽ റിലീസ് ചെയ്തപ്പോഴും നല്ല അഭിപ്രായം ലഭിച്ച സിനിമയാണ്. ഞങ്ങളുടെ സിനിമക്ക് അവാർഡ് കിട്ടിയതിലും വലിയ സന്തോഷം.
മത്സരത്തിൽ അവസാന റൗണ്ടിലെത്തിയെന്ന് അറിഞ്ഞപ്പോൾ തന്നെ സന്തോഷം തോന്നിയിരുന്നു. ആദ്യമായി അഭിനയിച്ച ‘1001 നുണകൾ’ എന്ന സിനിമ വഴിയാണ് ഈ സിനിമയിലേക്ക് എത്തുന്നത്. യു.എ.ഇയിലെ അജ്മാനിലായിരുന്നു ഇതിന്റെ ഷൂട്ടിങ്. മമ്മുക്കയുടെ കൂടെ പുരസ്കാരം ലഭിച്ചത് ഈ സന്തോഷത്തിന്റെ മാറ്റ് കൂട്ടുന്നു. അണിയറ പ്രവർത്തകർ പൂർണ പിന്തുണയുമായി കൂടെ നിന്നു. ഇനിയും സിനിമ ചെയ്യണമെന്നാണ് ആഗ്രഹം -ഷംല ഹംസ പ്രതികരിച്ചു.


