കാത്തിരിപ്പിനൊടുവിൽ ഫർസി
text_fieldsഫാമിലി മാൻ എന്ന വെബ് സീരീസിനുശേഷം രാജ് ആൻഡ് ഡി.കെ കോംബോ സംവിധാനം ചെയ്യുന്ന സീരീസ് -ഫർസിക്കുവേണ്ടി കാത്തിരിക്കാൻ പ്രേക്ഷകർക്ക് ഈയൊരു കാരണം മാത്രം മതിയായിരുന്നു. ഷാഹിദ് കപൂർ, വിജയ് സേതുപതി എന്നീ അഭിനയ സമ്രാട്ടുകളുടെ വെബ് സീരീസിലേക്കുള്ള അരങ്ങേറ്റംകൂടിയാണ് ഫർസി. അത് പ്രേക്ഷകർക്കൊരു ബോണസുമായി. 2023 ഫെബ്രുവരി 10ന് ആമസോൺ പ്രൈമിൽ റിലീസായ ഡാർക് കോമഡി, ത്രില്ലർ സീരീസാണ് ഫർസി. പ്രഖ്യാപനസമയം മുതൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ സീരീസ്, ഹൈപ്പിനോട് നീതി പുലർത്തുന്ന അനുഭവമാണ് സമ്മാനിച്ചത്.
സണ്ണി എന്ന വിരുതനായൊരു കലാകാരനായാണ് ഫർസിയിൽ ഷാഹിദ് കപൂർ എത്തുന്നത്. ലോകത്തെ ഏതൊരു പെയിന്റിങ്ങായാലും അതിന്റെ തിരിച്ചറിയാനാകാത്തവിധമുള്ള കോപ്പിയുണ്ടാക്കാൻ സണ്ണിക്ക് കഴിയും. മുത്തച്ഛന്റെ പ്രിന്റിങ് പ്രസിലാണ് സണ്ണിയും സുഹൃത്തായ ഫിറോസും ജോലി ചെയ്യുന്നത്. അയാളുടെ ജീവിതസാഹചര്യങ്ങൾ കാരണം പ്രിന്റിങ് പ്രസ് കൈവിട്ടുപോകുന്ന അവസ്ഥയിലെത്തുന്നു. എന്നാൽ, അതിൽനിന്ന് കരകയറാനായി സണ്ണി തന്റെ കഴിവ് ഉപയോഗിച്ച് കള്ളനോട്ട് അടിക്കാൻ തുടങ്ങുന്നു. അതിനെ തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ഫർസി. കള്ളനോട്ടടി സംഘത്തെ കീഴടക്കാൻ വരുന്ന അന്വേഷണ സംഘത്തിന്റെ തലവനായാണ് വിജയ് സേതുപതിയുടെ മൈക്കിൾ എത്തുന്നത്. വിജയ് സേതുപതിയും ഷാഹിദ് കപൂറും തമ്മിലുള്ള ക്യാറ്റ് ആൻഡ് മൗസ് കളിയാണ് സീരീസിനെ എൻഗേജിങ് ആക്കുന്നത്. ഷാഹിദിനും സേതുപതിക്കും പുറമേ വ്യാജ നോട്ടാണ് സിനിമയിലെ മറ്റൊരു പ്രധാന താരമെന്ന് പറയാം. അതിനിടയിലേക്ക് കയറിവരുന്ന നമുക്ക് പരിചിതരായ നടീ-നടന്മാരുടെ മികച്ച ചില കഥാപാത്രങ്ങളുമുണ്ട്. ഇടക്ക് ഫാമിലി മാൻ എന്ന സീരീസിലെ ഒരു കഥാപാത്രത്തെയും ഫർസിയിൽ കാണാൻ കഴിയും. അതൊരു രാജ് ആൻഡ് ഡി.കെ യൂനിവേഴ്സിനുള്ള തുടക്കമാണോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
ഒരുപാട് ഗവേഷണങ്ങൾ നടത്തി സൃഷ്ടിച്ച സീരീസാണ് ഫർസിയെന്ന് കഥ പുരോഗമിക്കുന്നതിനനുസരിച്ച് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. കള്ളനോട്ടുണ്ടാക്കുന്നതിനെക്കുറിച്ചുള്ള രംഗങ്ങൾ പ്രേക്ഷകന് അമ്പരപ്പ് സമ്മാനിക്കും. സീത മേനോൻ, സുമൻ കുമാർ എന്നിവർക്കൊപ്പം രാജും ഡി.കെയും ചേർന്നാണ് ഫർസിയുടെ രചന നിർവഹിച്ചിരിക്കുന്നത്. 2014ൽ ഒരു സിനിമയായി പ്ലാൻ ചെയ്ത ഫർസി, 2019ലാണ് സീരീസായി മാറുന്നത്. ഒരു മണിക്കൂറിനടുത്ത് ദൈർഘ്യമുള്ള എട്ട് എപ്പിസോഡുകളായാണ് ഫർസി റിലീസ് ചെയ്തിരിക്കുന്നത്. ഹിന്ദി കൂടാതെ, തമിഴ്, തെലുങ്ക്, മലയാളം, കന്നട ഭാഷകളിലും സീരീസ് കാണാൻ കഴിയും. റാഷി ഖന്ന, റെജിൻ കാസാൻഡ്ര, കെ.കെ. മേനോൻ എന്നിവരും സീരീസിൽ പ്രധാന വേഷങ്ങളിലെത്തി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഷാഹിദിന്റെ സുഹൃത്തായി വേഷമിട്ട ഭുവൻ അറോറയും പ്രേക്ഷകരുടെ കൈയടി സ്വന്തമാക്കുന്നുണ്ട്.